News - 2025

തിന്മ ചെയ്യാതിരുന്നാല്‍ മാത്രം പോരാ, നന്മ പ്രവര്‍ത്തിക്കുകയും വേണം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 04-01-2018 - Thursday

വത്തിക്കാന്‍ സിറ്റി: അടുത്തുള്ളവന് തിന്മ ചെയ്യാതിരുന്നാല്‍ മാത്രം പോരാ, മറിച്ച്, നാം യേശുവിന്‍റെ ശിഷ്യരാണെന്ന നല്ല സാക്ഷ്യമേകുന്നതിനുള്ള അവസരങ്ങള്‍ മുതലെടുത്ത് നന്മ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നു ഫ്രാന്‍സിസ് പാപ്പ. ഇന്നലെ പോള്‍ ആറാമന്‍ ഹാളില്‍ പുതുവര്‍ഷത്തിലെ ആദ്യ പ്രതിവാര കൂടിക്കാഴ്ചയില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. നാം പാപികളാണെന്ന് ദൈവത്തോടും സഹോദരങ്ങളോടും ഏറ്റുപറയുന്നത് സുപ്രധാനമാണെന്നും പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഉപേക്ഷയാലും ഏറെ പാപം ചെയ്തുവെന്ന് ഓരോ വ്യക്തിയും ദൈവത്തിന്‍റെയും സഹോദരങ്ങളുടെയും മുന്നില്‍ ഏറ്റു പറയുന്നു. അതേ, ഉപേക്ഷയാലും അതായത്, ചെയ്യാന്‍ സാധിക്കുമായിരുന്ന നന്മ ചെയ്യാതിരുന്നതുവഴി ചെയ്തുപോയ പാപവും ഏറ്റു പറയുകയാണ്. ഞാന്‍ ആര്‍ക്കും ഒരുപദ്രവവും ചെയ്തിട്ടില്ല എന്നു പറഞ്ഞ് സ്വയം നല്ലവനെന്ന് ചിലര്‍ ചിന്തിക്കാറുണ്ട്. എന്നാല്‍ അടുത്തുള്ളവന് തിന്മചെയ്യാതിരുന്നാല്‍ മാത്രം പോരാ, മറിച്ച്, നാം യേശുവിന്‍റെ ശിഷ്യരാണെന്ന നല്ല സാക്ഷ്യമേകുന്നതിനുള്ള അവസരങ്ങള്‍ മുതലെടുത്ത് നന്മ പ്രവര്‍ത്തിക്കുകയും ചെയ്യണം.

നാം പാപികളാണെന്ന് ദൈവത്തോടും സഹോദരങ്ങളോടും ഏറ്റുപറയുന്നത് സുപ്രധാനം തന്നെ. ദൈവത്തില്‍ നിന്ന് നമ്മെ അകറ്റുമ്പോള്‍ത്തന്നെ സഹോദരങ്ങളില്‍ നിന്നും നമ്മെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന പാപത്തിന്‍റെ വ്യാപ്തി മനസ്സിലാക്കാന്‍ അത് നമ്മെ സഹായിക്കുന്നു. പാപം ദൈവവുമായുള്ള ബന്ധം മുറിക്കുന്നു, സഹോദരങ്ങളുമായുള്ള ബന്ധം മുറിക്കുന്നു, കുടുംബത്തിലെയും സമൂഹത്തിലെയും ബന്ധം വിച്ഛേദിക്കുന്നു. പാപം എന്നും പിളര്‍പ്പുളവാക്കുന്നു, ഭിന്നിപ്പുളവാക്കുന്നു.

നമ്മുടെ ബലഹീനത നാം തിരിച്ചറിയുന്നത്, നമ്മേ രൂപാന്തരപ്പെടുത്തുകയും മാനസാന്തരപ്പെടുത്തുകയും ചെയ്യുന്ന ദൈവിക കാരുണ്യം യാചിക്കുന്നതിന് നമ്മുടെ ഹൃദയത്തെ തുറക്കുമ്പോഴാണ്. ദിവ്യബലിയുടെ ആരംഭത്തില്‍ അനുതാപ ശുശ്രൂഷയിലൂടെ നാം ചെയ്യുന്നത് ഇതാണ്. ദിവ്യരഹസ്യങ്ങള്‍ യോഗ്യതയോടുകൂടെ ആഘോഷിക്കുന്നതിന് വേണ്ട മനോഭാവം നമ്മില്‍ ഉളവാക്കുന്നതിന് അനുതാപശുശ്രൂഷ സഹായിക്കുന്നു. അതായത്, ദൈവത്തിന്‍റെയും സഹോദരങ്ങളുടെയും മുന്നില്‍ നാം നമ്മുടെ പാപാവസ്ഥ അംഗീകരിക്കുന്നു. തിരുപ്പിറവിക്കാലത്തിന്‍റെ ആനന്ദം കാത്തുസൂക്ഷിക്കാന്‍ എല്ലാ കുടുംബങ്ങള്‍ക്കും കഴിയട്ടെയെന്ന് സന്ദേശത്തിന്റെ സമാപനത്തില്‍ പാപ്പ ആശംസിച്ചു.

More Archives >>

Page 1 of 269