News
നൈജീരിയായില്‍ ‘അല്ലാഹു അക്ബര്‍’ വിളിച്ച് ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം: സ്ത്രീകള്‍ മാനഭംഗത്തിനിരയായി
സ്വന്തം ലേഖകന്‍ 05-01-2018 - Friday
അബൂജ: പുതുവര്‍ഷത്തില്‍ നൈജീരിയയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ക്വാര സംസ്ഥാനത്തെ ഇലോറിയിലെ ക്രൈസ്തവര്‍ക്ക് നേരെ ഇസ്ളാമിക മൗലീകവാദികളുടെ ആക്രമണം. അക്രമത്തില്‍ നിരവധി സ്ത്രീകള്‍ മാനഭംഗത്തിനിരയാവുകയും, ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ (CAN) സംഘടനയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.
പുതുവര്‍ഷത്തോടനുബന്ധിച്ചുണ്ടായ പാതിരാകുര്‍ബാനയില്‍ പങ്കെടുത്ത് മടങ്ങിവരികയായിരുന്ന ക്രിസ്ത്യന്‍ സ്ത്രീകളാണ് മാനഭംഗത്തിനിരയായതെന്ന് സംഘടനയുടെ ക്വാര സ്റ്റേറ്റ് ചെയര്‍മാന്‍ പ്രൊഫ. തിമോത്തി ഉപൂല ഇലോറിനില്‍ മാധ്യമങ്ങളോട് പറഞ്ഞു. അക്രമത്തിനിരയായ സ്ത്രീകള്‍ മാനം രക്ഷിക്കുവാന്‍ വേണ്ടി നഗ്നരായ നിലയില്‍ അടുത്തുള്ള മെത്തഡിസ്റ്റ് കത്തീഡ്രലിലേക്കാണ് ഓടികയറിയത്. ഇതിനിടെ അക്രമികള്‍ ദേവാലയത്തിന്റെ ഗേറ്റ് നശിപ്പിക്കുകയും, ദേവാലയകെട്ടിടം തകര്‍ക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
‘അല്ലാഹു അക്ബര്‍’ എന്ന് മുദ്രാവാക്യം വിളിച്ച്, ഇത് മുസ്ലീങ്ങളുടെ നാടാണ് എന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമികള്‍ ക്രൈസ്റ്റ് അപ്പസ്തോലിക് ദേവാലയത്തിന്റെ ജനാലകള്‍ കല്ലെറിഞ്ഞു തകര്‍ത്തത്. പിന്നീട് സെന്റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തിലേക്ക് നീങ്ങിയ അക്രമികള്‍ ദേവാലയ കെട്ടിടം നശിപ്പിക്കുകയും വിശുദ്ധരുടെ രൂപങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പുതുവര്‍ഷ കാര്‍ണിവല്‍ സംഘടിപ്പിക്കുവാന്‍ പദ്ധതിയിട്ടിരുന്ന ക്രിസ്ത്യന്‍ യുവാക്കളും ആക്രമണത്തിനിരയാവുകയുണ്ടായി.
ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടതിനും, സ്ത്രീകള്‍ മാനഭംഗത്തിനിരയായതിനും പിന്നില്‍ മുസ്ലീം മതമൗലീകവാദികളാണെന്ന്‍ പ്രൊഫ. ഉപൂല പറഞ്ഞു. ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമത്തെ ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. പോലീസും സുരക്ഷാവിഭാഗങ്ങളും സമയോജിതമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇത്ര ക്രൂരമായ ആക്രമണം ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരികയില്ലായിരുന്നുവെന്നും ഇത്തരം ആക്രമങ്ങള്‍ തടയണമെങ്കില്‍ ഗവണ്‍മെന്റ് ഇച്ചാശക്തിയോടെ പ്രവര്‍ത്തിക്കണമെന്നും പ്രൊഫ. ഉപൂല പറഞ്ഞു.
നേരത്തെ നൈജീരിയായിലെ ഹർകോർട്ട് തുറമുഖത്തുനിന്ന് 90 കിലോമീറ്റർ അകലെയുള്ള ഒമോകു നഗരത്തിലെ ദേവാലയത്തില്‍ നിന്ന് പുതുവത്സര രാത്രിയില്‍ പ്രാര്‍ത്ഥന ശുശ്രൂഷയ്ക്കുശേഷം മടങ്ങിയവർക്കുനേരെ വെടിവെയ്പ്പ് നടന്നിരിന്നു. ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരിന്നു. ഗുരുതര പരിക്കുകളോടെ 12 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.