News - 2025
സഭയുടെ വിശുദ്ധീകരണത്തിനായി അമേരിക്കയില്‍ ജപമാലയത്നം
സ്വന്തം ലേഖകന്‍ 15-01-2018 - Monday
ഡെട്രോയിറ്റ്: പോളണ്ട് നല്‍കിയ മാതൃകയെ പിന്തുടര്‍ന്നു അമേരിക്കയിലെ കത്തോലിക്ക വിശ്വാസികള്‍ സഭയുടെ വിശുദ്ധീകരണത്തിനായി ജപമാലയത്നത്തിന് ഒരുങ്ങുന്നു. യേശുവിനെ ദേവാലയത്തില്‍ കാഴ്ചവെച്ചതിന്റേയും, പരിശുദ്ധ കന്യകാമറിയത്തിന്റെ ശുദ്ധീകരണത്തിന്റേയും ഓര്‍മ്മപുതുക്കല്‍ ദിനമായ ഫെബ്രുവരി 2-നാണ് ‘റോസറി റ്റു ഇന്റീരിയര്‍’ എന്ന പേരില്‍ ജപമാല കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത്. അമേരിക്കയിലുടനീളമുള്ള കത്തോലിക്കാ വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒന്നിച്ചുകൂടി തങ്ങളുടെ സഭയുടെ ശുദ്ധീകരണം ലക്ഷ്യമാക്കി ജപമാല ചൊല്ലണമെന്ന് ‘റോസറി റ്റു ഇന്റീരിയര്‍’ പരിപാടിയുടെ സംഘാടകര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഭ്രൂണഹത്യ, ഗര്‍ഭനിരോധനം, കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച, അശ്ലീലതയുടെ പ്രചരണം, സ്വവര്‍ഗ്ഗ രതി, ഭൗതീകത, ഉപഭോഗ സംസ്ക്കാരം തുടങ്ങി എല്ലാതരത്തിലുള്ള തിന്മകളും നിറഞ്ഞ ആധുനിക കാലത്ത് യേശുവിനാല്‍ സ്ഥാപിതമായ ഏക സഭയായ കത്തോലിക്കാ സഭ പാപത്തിന്റേയും, തിന്മയുടേയും ഇരുട്ടിനെ തോല്‍പ്പിക്കേണ്ടത് ആവശ്യമായിരിക്കുന്നുവെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. റോസറി റ്റു ഇന്റീരിയറില്‍ പങ്കെടുക്കണമെന്നു അഭ്യര്‍ത്ഥിച്ചുകൊണ്ട് ഇതിനോടകം തന്നെ 200-ഓളം മെത്രാന്‍മാര്‍ക്ക് സംഘാടകര്‍ കത്തയച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ പോളണ്ടില്‍ നടന്ന ‘റോസറി റ്റു ദി ബോര്‍ഡര്‍’ പത്തുലക്ഷത്തോളം വിശ്വാസികളെയാണ് ആകര്‍ഷിച്ചത്. ഇറ്റലിയും അയര്‍ലണ്ടും അമേരിക്കക്ക് മുന്‍പ് തന്നെ പോളണ്ടിന്റെ മാതൃകയനുസരിച്ച് വ്യത്യസ്ഥ ജപമാല കൂട്ടായ്മകള്‍ സംഘടിപ്പിച്ചിരുന്നു. സഭയുടെ ആന്തരിക ശുദ്ധീകരണമെന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള അമേരിക്കയിലെ ആദ്യത്തെ ജപമാല കൂട്ടായ്മയായിരിക്കും ‘റോസറി റ്റു ഇന്റീരിയര്‍’.