News - 2025
അഹമ്മദാബാദ് രൂപതയ്ക്കു പുതിയ മെത്രാന്‍
സ്വന്തം ലേഖകന്‍ 29-01-2018 - Monday
വത്തിക്കാന്‍ സിറ്റി: ഗുജറാത്തിലെ അഹമ്മദാബാദ് രൂപതയുടെ പുതിയ മെത്രാനായി ഫാ. അത്തനാസിയൂസ് രെത്ന സ്വാമി സ്വാമിയടിയാനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇന്ന് തിങ്കളാഴ്ച (29/01/18) വൈകീട്ട് 4.30നാണ് നിയമന ഉത്തരവ് മാര്‍പാപ്പ പുറപ്പെടുവിച്ചത്. ബറോഡയിലെ “വിയാന്നി വിഹാര്‍” മേജര്‍ സെമിനാരിയുടെ റെക്ടറായി സേവനമനുഷ്ഠിച്ചു വരികെയാണ് അദ്ദേഹത്തിന് പുതിയ ദൗത്യം ലഭിച്ചിരിക്കുന്നത്. 1966 ഫെബ്രുവരി 10നു തമിഴ്നാട്ടിലെ കോട്ടാര്‍ രൂപതയില്‍പ്പെട്ട പറമ്പുക്കരയിലാണ് ഫാ. അത്തനാസിയൂസ് രെത്ന സ്വാമി സ്വാമിയടിയാന്‍ ജനിച്ചത്.
അഹമ്മദാബാദ് രൂപതയ്ക്ക് വേണ്ടി നാഗ്പൂരിലുള്ള മേജര്‍ സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തിയാക്കി 1989 മാര്‍ച്ച് 29നു പൗരോഹിത്യം സ്വീകരിച്ചു. ഇടവകവികാരി, മൈനര്‍ സെമിനാരി റെക്ടര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍, സെമിനാരിയിലെ ആദ്ധ്യാത്മിക നിയന്താവ് തുടങ്ങിയ വിവിധ നിലകളില്‍ സേവനമനുഷ്ഠിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ ലൈസൻഷ്യേറ്റ് നേടിട്ടുണ്ട്. അഹമ്മദാബാദ് രൂപതയ്ക്ക് കീഴില്‍ അറുപതിനായിരത്തിലധികം കത്തോലിക്ക വിശ്വാസികളാണുള്ളത്.