News

ഇന്തോനേഷ്യയിൽ പൗരോഹിത്യ പദവിയിലേക്ക് മുപ്പത്തിയെട്ട് ഡീക്കന്മാർ

സ്വന്തം ലേഖകന്‍ 30-01-2018 - Tuesday

ജക്കാർത്ത: ക്രിസ്തുവിന്റെ സ്നേഹം നാനാജാതി മതസ്ഥരുടെ ഇടയില്‍ പ്രഘോഷിക്കുവാന്‍ ഇന്തോനേഷ്യൻ സഭയിൽ നിന്നു വീണ്ടും പൗരോഹിത്യ വസന്തം. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇരുപത് ഡീക്കന്മാരാണ് പൗരോഹിത്യ പദവി സ്വീകരിച്ചത്. പതിനെട്ട് പേർ ഫെബ്രുവരി ഒന്നിന് കൂദാശ സ്വീകരിച്ച് പുരോഹിതരായി അഭിഷിക്തരാകും. ഇസ്ളാമിക രാഷ്ട്രമായ ഇന്തോനേഷ്യയില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ വളര്‍ച്ചയാണ്, തുടര്‍ച്ചയായി ഉണ്ടാകുന്ന പൗരോഹിത്യ വിളികള്‍ ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച ജാവയിലെ യോഗ്യകർത്ത മേജർ സെമിനാരിയിൽ നടന്ന ശുശ്രൂഷകൾക്ക്, സെമാരാങ്ങ് ആർച്ച് ബിഷപ്പ് മോൺ. റോബർട്ടസ് റുബിയത് മോകോ കാർമ്മികത്വം വഹിച്ചു. ചടങ്ങിൽ പതിനേഴ് ഡീക്കന്മാർ പൗരോഹിത്യം സ്വീകരിച്ചു. വിവിധ രൂപത സെമിനാരികളിൽ പഠനം പൂർത്തീകരിച്ച ഡീക്കന്മാരാണ് അഭിഷിക്തരായതെന്ന് സെമിനാരി റെക്ടർ ഫാ. ജോ കോ സെത്യോ പ്രകോസ ഏഷ്യൻ ന്യൂസിനോട് പറഞ്ഞു. പുർവോകേർത്തോ രൂപതയില്‍ രണ്ടു പേർ പൗരോഹിത്യ പദവിയും മൂന്നു പേര്‍ ഡീക്കന്‍ പദവിയും സ്വീകരിച്ചു. മോൺ. ആന്റോണിയസ് സുബിയാനോ ചടങ്ങുകൾക്ക് നേത്യത്വം നല്കി.

സിൻതാങ്ങ് രൂപതയിൽ വെള്ളിയാഴ്ച നടന്ന തിരുപട്ട ശുശ്രൂഷകള്‍ക്ക് ബിഷപ്പ് മോൺ. സാമുവേൽ ഓടോൺ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഒരാളാണ് അന്ന്‍ വൈദിക പട്ടം സ്വീകരിച്ചത്. ഫെബ്രുവരി ഒന്നിന് ഈസ്റ്റ് ജാവയിലെ മലാങ്ങ് കാര്‍മ്മല്‍ കത്തീഡ്രൽ ദേവാലയത്തില്‍ പതിനെട്ടോളം ഡീക്കന്മാര്‍ പൗരോഹിത്യം സ്വീകരിക്കും. വിവിധ കോണ്‍ഗ്രിഗേഷനുകളില്‍ നിന്നുള്ള ഡീക്കന്മാരാണ് ഒരുമിച്ച് തിരുപ്പട്ടം സ്വീകരിക്കുക. ശുശ്രൂഷകള്‍ക്ക് മോൺ. ഹെൻറിക്സ് പിഡിയാർട്രോ ഗുണവൻ മുഖ്യകാര്‍മ്മികത്വം വഹിക്കും.

ഇന്തോനേഷ്യയിലെ 85 ശതമാനത്തോളം ആളുകളും ഇസ്ലാം മതവിശ്വാസികളാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രിസ്തുമതത്തിന് ശക്തമായ വളര്‍ച്ചയാണ് ഇന്തോനേഷ്യയില്‍ ഉള്ളത്. ഇരുപതു വർഷത്തിനിടയിൽ രാജ്യത്തെ വൈദികരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവാണുള്ളത്. ഇതിനെ സാധൂകരിക്കുന്നതാണ് പുറത്തുവന്ന ഈ റിപ്പോര്‍ട്ട്. അതേസമയം മുന്നൂറോളം പേരാണ് രാജ്യത്തു വൈദീക പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്.

More Archives >>

Page 1 of 279