News - 2025
ഫെബ്രുവരി 23ന് ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പയുടെ ആഹ്വാനം
സ്വന്തം ലേഖകന്‍ 05-02-2018 - Monday
വത്തിക്കാന്‍ സിറ്റി: ഫെബ്രുവരി 23ന് ലോകസമാധാനത്തിനായി പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ചെലവഴിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസിസമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് വലിയനോമ്പിലെ രണ്ടാമത്തെ വെള്ളിയാഴ്ചയായ ഫെബ്രുവരി 23ന് സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം ആഹ്വാനം നല്‍കിയത്. അക്രമവും അരക്ഷിതാവസ്ഥയും തുടരുന്ന റിപ്പബ്ലിക് ഓഫ് കോംഗോക്കു വേണ്ടിയും സുഡാന് വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും സമാധാനത്തിനായുള്ള പരിശ്രമത്തില്‍ മറ്റു സഭാ വിശ്വാസികളെയും ഇതരമതസ്ഥരയെും സ്വാഗതം ചെയ്യുന്നുവെന്നും പാപ്പ പറഞ്ഞു.
സ്വര്‍ഗ്ഗസ്ഥനായ പിതാവ് കണ്ണുനീരിലൂടെ കടന്നു പോകുന്ന, നിലവിളിക്കുന്ന സമൂഹത്തിന്റെ വിതുമ്പല്‍ കേള്‍ക്കുന്നുണ്ട്. പ്രാര്‍ത്ഥിച്ചാല്‍ മാത്രം പോരാ, അക്രമത്തോടും സംഘര്‍ഷത്തോടും 'നോ' പറയാന്‍കൂടി തയാറാകണം. ലോകം മുഴുവന്‍ സംഘര്‍ഷ നിഴലിലാണ്. സമാധാനത്തിനായി തനിക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് എല്ലാവരും സ്വന്തം മനഃസാക്ഷിയോടു ചോദിക്കണം. ഇത് ദൈവത്തിന് മുന്നില്‍ ബോധിപ്പിക്കേണ്ടി വരും. അക്രമത്തെ തള്ളിപ്പറയണം. അക്രമത്തിലൂടെ നേടിയെടുക്കുന്ന ജയം കപടമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 23നു റിപ്പബ്ലിക് ഓഫ് കോംഗോക്കു വേണ്ടിയും സുഡാന് വേണ്ടിയും പാപ്പ പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരിന്നു.