News
ഇന്ന് ആഗോള രോഗി ദിനം; ഫ്രാന്‍സിസ് പാപ്പ നല്‍കുന്ന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം
സ്വന്തം ലേഖകന്‍ 10-02-2018 - Saturday
ലൂര്‍ദ്ദു മാതാവിന്‍റെ തിരുനാള്‍ ദിനമാണ് ആഗോള രോഗി ദിനം. ഫെബ്രുവരി 11 ഞായറാഴ്ചയായതിനാല്‍ തിരുസഭ ഇന്ന് ഫെബ്രവരി 10 ശനിയാഴ്ചയാണ് ഈ സവിശേഷദിനം ആചരിക്കുന്നത്. രോഗികളായവരെ പ്രാര്‍ത്ഥനയില്‍ പ്രത്യേകം ഓര്‍മ്മിക്കുവാനും അവരെ ശുശ്രൂഷിക്കുന്നവരെ ശക്തിപ്പെടുത്തുവാനുമായി നമുക്ക് പ്രാര്‍ത്ഥിക്കാം.ഇരുപത്താറാമത് ആഗോള രോഗീദിനത്തില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നല്കുന്ന സന്ദേശം വായിക്കാം.
"യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍ . അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു" (യോഹ. 19: 26-27).
പ്രിയ സഹോദരീ സഹോദരന്മാരേ,
രോഗികള്‍ക്കുവേണ്ടിയും അവരെ ശുശ്രൂഷിക്കുന്നവര്‍ക്കു വേണ്ടിയും സഭചെയ്യുന്ന സേവനം നവീകൃതമായ ശക്തിയോടെ തുടരണം. കര്‍ത്താവിന്‍റെ കല്പന അനുസരിച്ചും (cf. ലൂക്കാ 9:2-6; മത്താ. 10:1-8; മര്‍ക്കോ. 6: 7-13) സഭയുടെ സ്ഥാപകനും ഗുരുവുമായവന്‍റെ ശക്തമായ മാതൃകയനുസരിച്ചും അങ്ങനെ ചെയ്യണം. കുരിശില്‍ക്കിടന്നുകൊണ്ട് യേശു തന്‍റെ അമ്മയായ മറിയത്തോടും യോഹന്നാനോടും പറഞ്ഞ വാക്കുകളില്‍ നിന്നുള്ളതാണ് ഈ വര്‍ഷത്തെ രോഗീദിനത്തിന്‍റെ പ്രമേയം. "സ്ത്രീയേ, ഇതാ നിന്റെ മകന്‍... ഇതാ നിന്റെ അമ്മ. ആ നിമിഷം മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു" (യോഹ. 19:26-27).
1. കര്‍ത്താവിന്‍റെ വാക്കുകള്‍ കുരിശിന്‍റെ രഹസ്യത്തെ വ്യക്തമായി പ്രകാശിപ്പിക്കുന്നുണ്ട്. കുരിശ് പ്രത്യാശ നില്‍കാത്ത ദുരന്തമല്ല. പിന്നെയോ യേശു തന്‍റെ മഹത്ത്വം വെളിപ്പെടുത്തുന്നതും അവസാനംവരെയുള്ള സ്നേഹം കാണിക്കുന്നതുമായ ഒന്നാണ്. ആ സ്നേഹം ക്രൈസ്തവ സമൂഹത്തിന്‍റെയും ഓരോ ശിഷ്യന്‍റെ ജീവിതത്തിന്‍റെയും അടിസ്ഥാനവും നിയമവും ആയിത്തീരാനുള്ളതാണ്. യേശുവിന്‍റെ വാക്കുകള്‍, എല്ലാറ്റിനുമുപരി മുഴുവന്‍ മനുഷ്യവംശത്തിനും വേണ്ടിയുള്ള മറിയത്തിന്‍റെ മാതൃത്വപരമായ വിളിയുടെ ഉറവിടമാണ്. തന്‍റെ പുത്രന്‍റെ ശിഷ്യന്മാരെയും അവരുടെ ജീവിതയാത്രയെയും പരിപാലിക്കുന്ന അമ്മയാകാനാണ് മറിയത്തിന്‍റെ പ്രത്യേക നിയോഗം. തന്‍റെ പുത്രനോടോ പുത്രിയോടോ ഉള്ള ഒരമ്മയുടെ കരുതല്‍ അവരുടെ വളര്‍ച്ചയുടെ ഭൗതികവും ആത്മീയവുമായ തലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണല്ലോ.
കുരിശുളവാക്കിയ അവാച്യമായ വേദന മറിയത്തിന്‍റെ ആത്മാവില്‍ തുളച്ചുകയറിയെങ്കിലും (രള.ലൂക്കാ 2;35) അത് അവളെ തളര്‍ത്തിയില്ല. നേരേമറിച്ച്, കര്‍ത്താവിന്‍റെ അമ്മ എന്ന നിലയില്‍ ആത്മദാനത്തിന്‍റെ പുതിയൊരുവഴി അവളുടെ മുമ്പില്‍ തുറക്കപ്പെട്ടു. യേശു കുരിശില്‍വച്ച് സഭയെയും മനുഷ്യവംശം മുഴുവനെയും സംബന്ധിച്ച തന്‍റെ ശ്രദ്ധ വ്യക്തമാക്കി. അതേ ശ്രദ്ധയില്‍ പങ്കുചേരാന്‍ മറിയം വിളിക്കപ്പെട്ടു. പെന്തക്കുസ്താദിനത്തിലുണ്ടായ പരിശുദ്ധാത്മവര്‍ഷം പരാമര്‍ശിക്കുന്നിടത്ത് അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നത് മറിയം ഈ ദൗത്യം ആദിമസഭയില്‍ നിര്‍വഹിക്കാനാരംഭിച്ചു എന്നാണ്. ഒരിക്കലും അസ്തമിക്കാത്ത ഒരു ദൗത്യം!
2. പ്രിയ ശിഷ്യനായ യോഹന്നാന്‍ മെസയാനിക ജനമാകുന്ന സഭയുടെ പ്രതിരൂപമാണ്. അദ്ദേഹം മറിയത്തെ തന്‍റെ അമ്മയായി അംഗീകരിക്കണം. അങ്ങനെ ചെയ്തുകൊണ്ട് അവളെ തന്‍റെ ഭവനത്തിലേക്കു സ്വീകരിക്കണം; ശിഷ്യത്വത്തിന്‍റെയെല്ലാം മാതൃകയായി അവളെ കാണണം; യേശു അവള്‍ക്കു നല്‍കിയ മാതൃത്വത്തിന്‍റെ വിളിയെക്കുറിച്ച് - അതിന്‍റെ എല്ലാ വിശദീകരണങ്ങളോടുകൂടി-ധ്യാനിക്കണം: യേശു കല്‍പിക്കുന്നതുപോലെ സ്നേഹിക്കാന്‍ കഴിവുള്ള കുട്ടികളെ ജനിപ്പിക്കുന്ന സ്നേഹമയിയായ ഒരമ്മ. അതുകൊണ്ടാണ് തന്‍റെ മക്കളെ സംരക്ഷിക്കാനുള്ള മറിയത്തിന്‍റെ മാതൃത്വപരമായ വിളി യോഹന്നാനും സഭയ്ക്കുപൊതുവായും ഭരമേല്‍പിക്കപ്പെട്ടിരിക്കുന്നത്. മറിയത്തിന്‍റെ മാതൃനിയോഗത്തില്‍ ശിഷ്യ സമൂഹം മുഴുവനും ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
3. ശിഷ്യനെന്നനിലയില്‍ യോഹന്നാന്‍ എല്ലാകാര്യങ്ങളും യേശുവുമായി പങ്കുവച്ചിരുന്നു. അതുകൊണ്ട് പിതാവുമായിട്ടുള്ള കണ്ടുമുട്ടലിലേക്ക് എല്ലാ ജനതകളെയും നയിക്കാന്‍ തന്‍റെ ഗുരു ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തിന് അറിയാം. അഹങ്കാരംമൂലമുള്ള ആധ്യാത്മിക രോഗങ്ങളിലും (രള. യോഹ 8:31-39), ശാരീരിക രോഗങ്ങളാലും (രള.യോഹ. 5:6) വലയുന്ന അനേകരെ യേശു കണ്ടുമുട്ടിയിട്ടുണ്ടെന്ന വസ്തുതയ്ക്കു സാക്ഷ്യംവഹിക്കാന്‍ യോഹന്നാനു സാധിക്കും. യേശു എല്ലാവരോടും കരുണ കാണിച്ചു. എല്ലാവരോടും ക്ഷമിച്ചു. ഓരോ കണ്ണീര്‍ത്തുള്ളിയും തുടച്ചുമാറ്റപ്പെടുന്ന ദൈവരാജ്യത്തിലെ സമൃദ്ധമായ ജീവന്‍റെ അടയാളമെന്ന നിലയില്‍ രോഗികളെ അവിടുന്ന് സുഖപ്പെടുത്തി. മറിയത്തെപ്പോലെ പരസ്പരം കരുതാന്‍ ശിഷ്യന്മാര്‍ വിളിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, യേശുവിന്‍റെ ഹൃദയം എല്ലാവരുടെയും മുമ്പില്‍ തുറക്കപ്പെട്ടിരിക്കുന്നുവെന്നും ആരെയും അത് ഒഴിവാക്കുന്നില്ലെന്നും ശിഷ്യന്മാര്‍ക്ക് അറിയാം. എല്ലാവരും വ്യക്തികളും ദൈവമക്കളുമായതിനാല്‍ ദൈവരാജ്യത്തിന്‍റെ സുവിശേഷം എല്ലാവരോടും പ്രഘോഷിക്കപ്പെടണം; ക്രൈസ്തവരുടെ പരസ്നേഹം എല്ലാവരിലേക്കും ചെന്നെത്തണം.
4. പതിതരെയും രോഗികളെയും സംബന്ധിച്ച് സഭയ്ക്കുള്ള മാതൃനിയോഗം അവളുടെ രണ്ടായിരം വര്‍ഷത്തിലെങ്ങും മൂര്‍ത്തമായി പ്രകാശിപ്പിക്കപ്പെട്ടിട്ടുണ്ട്. രോഗികള്‍ക്കുവേണ്ടിയുള്ള ശ്രദ്ധേയമായ സംരംഭങ്ങളുടെ പരമ്പരകളിലൂടെ പ്രകാശിപ്പിക്കപ്പെട്ടിട്ടുണ്ട്. സമര്‍പ്പണത്തിന്‍റെ ഈ ചരിത്രം മറക്കരുത്. ആ ചരിത്രം ഇക്കാലത്തും ലോകമെങ്ങും തുടരുന്നു. പര്യാപ്തമായ ആരോഗ്യപാലന സമ്പ്രദായങ്ങള്‍ നിലവിലുള്ള രാജ്യങ്ങളില്‍ കത്തോലിക്കാ സഭയിലെ സമര്‍പ്പിതസമൂഹങ്ങളുടെയും രൂപതകളുടെയും അവയുടെ ആശുപത്രികളുടെയും ജോലി നല്ല ചികിത്സ നല്കുകയെന്നതു മാത്രമല്ല. പിന്നെയോ സുഖദായക പ്രക്രിയയുടെ കേന്ദ്രത്തില്‍ വ്യക്തിയെ പ്രതിഷ്ഠിക്കുകയെന്നതുമാണ്.
ജീവനോടും ക്രൈസ്തവ ധാര്‍മ്മിക മുല്യങ്ങളോടും ആദരവു പുലര്‍ത്തിക്കൊണ്ടുള്ള ശാസ്ത്രീയഗവേഷണം നടത്തുകയും ചെയ്യുന്നുണ്ട്. ആരോഗ്യ ശുശ്രൂഷാ സമ്പ്രദായങ്ങള്‍ അപര്യാപ്തമായിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്ന രാജ്യങ്ങളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ശിശുമരണം ഒഴിവാക്കാനും സാംക്രമിക രോഗങ്ങള്‍ക്കെതിരേ പടപൊരുതാനും എന്തു ചെയ്യാനാവുമെന്നു സഭ അന്വേഷിക്കുന്നു. എല്ലായിടത്തും ശുശ്രൂഷനല്‍കാന്‍ അവള്‍ പരിശ്രമിക്കുന്നുണ്ട്. സുഖപ്പെടുത്തലിനു സാധ്യതയില്ലാത്തിടത്തും അങ്ങനെ ചെയ്യുന്നു. സഭയ്ക്ക് "യുദ്ധക്കളത്തിലെ ആശുപത്രി" എന്നൊരു പ്രതിഛായയുണ്ട്. അതു വസ്തുനിഷ്ഠമായ ഒന്നാണ്. ജീവിതത്തില്‍ മുറിവേറ്റ എല്ലാവരെയും അതു സ്വാഗതം ചെയ്യുന്നു. എന്തെന്നാല്‍, ലോകത്തിന്‍റെ ചിലഭാഗങ്ങളില്‍ മിഷണറിമാരുടെ ആശുപത്രികളും രൂപതകളുടെ ആശുപത്രികളും മാത്രമാണ് ജനങ്ങള്‍ക്ക് അത്യാവശ്യമായ ശുശ്രൂഷ നല്കുന്ന സ്ഥാപനങ്ങള്‍.
5. രോഗീശുശ്രൂഷയുടെ സുദീര്‍ഘമായ ഈ ചരിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മ ക്രൈസ്തവ സമൂഹത്തിന് സന്തോഷിക്കാനുള്ള ഒരു കാരണമാണ്, പ്രത്യേകിച്ച് ഈ ശുശ്രൂഷയില്‍ ഇന്ന് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്. എന്നാലും നമ്മള്‍ സര്‍വോപരി ഭൂതകാലത്തേക്കു നോക്കണം, അതു നമ്മെ സമ്പന്നരാക്കാന്‍വേണ്ടിത്തന്നെ. അതു നമ്മെ പഠിപ്പിക്കുന്ന പാഠം നാം പഠിക്കണം. രോഗികളെ ശുശ്രൂഷിക്കാന്‍വേണ്ടി സ്ഥാപനങ്ങള്‍ സ്ഥാപിച്ച അനേകരുടെ ആത്മപരിത്യാഗപരമായ ഔദാര്യത്തെക്കുറിച്ച് അതു പഠിപ്പിക്കുന്നു. നൂറ്റാണ്ടുകളായി സമാരംഭിച്ചതും പരസ്നേഹത്താല്‍ പ്രചോദിപ്പിക്കപ്പെട്ടതുമായ അനേകം സംരംഭങ്ങളെ ഓര്‍മ്മിക്കണം. രോഗികള്‍ക്ക് നവീനവും ആശ്രയയോഗ്യവുമായ മാര്‍ഗങ്ങളെ ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ കണ്ടെത്താന്‍ നടത്തിയ പരിശ്രമങ്ങളെ നാം സ്മരിക്കണം. ഭൂതകാലത്തെ ഈ ഇഷ്ടദാനം കുടുതല്‍ നല്ല ഭാവികെട്ടിപ്പടുക്കുവാന്‍ നമ്മെ സഹായിക്കും.
ഉദാഹരണമായി, ആതുരശുശ്രൂഷയെ ലാഭകരമായ സംരംഭമാക്കാന്‍ ലോകവ്യാപകമായി പരിശ്രമിക്കുന്ന വ്യവസായിക മനോഭാവത്തില്‍നിന്ന് കത്തോലിക്കാ ആശുപത്രികളെ സംരക്ഷിക്കണം. ലാഭമുണ്ടാക്കാനുള്ള സംരംഭം ദരിദ്രരെ അവഗണിക്കുന്നു. രോഗികളുടെ മഹത്ത്വത്തെ ആദരിക്കണമെന്നത് വിവേകപൂര്‍ണമായ സംഘാടനവും പരസ്നേഹവും ആവശ്യപ്പെടുന്നു. ചികിത്സയിലെങ്ങും വ്യക്തിമഹത്ത്വത്തോടുള്ള ബഹുമാനം കേന്ദ്രസ്ഥയാഥാര്‍ത്ഥ്യമായി സൂക്ഷിക്കണമെന്ന് അത് ആവശ്യപ്പെടുന്നു. പൊതുസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ക്രൈസ്തവര്‍ക്കും ഈ സമീപനമുണ്ടായിരിക്കണം. അവരും സേവനത്തിലൂടെ സുവിശേഷത്തിന് സാക്ഷികളാവണം- ഉത്തമബോധ്യം നല്കുന്ന സാക്ഷികളാകണം.
6. യേശു സഭയ്ക്കു തന്‍റെ സൗഖ്യദായക ശക്തിനല്കി. "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും... അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും. അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും" (മര്‍ക്കോ 16:17-18). വിശുദ്ധ പത്രോസും (രള. അപ്പ 3:4-8) വിശുദ്ധ പൗലോസും (രള. അപ്പ 14:8-11) സൗഖ്യദായക പ്രവൃത്തികള്‍ ചെയ്തതിന്‍റെ വിവരണം അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ നാം വായിക്കുന്നുണ്ട്. സഭയുടെ ദൗത്യം യേശുവിന്‍റെ ദാനത്തോടുള്ള പ്രത്യുത്തരമാണ്. എന്തെന്നാല്‍ രോഗികളിലേക്ക് യേശുവിന്‍റെതന്നെ നോട്ടം എത്തണമെന്ന് സഭയ്ക്ക് അറിയാം. അവിടുത്തെ നോട്ടം വൈകാരികതയും സഹതാപവും നിറഞ്ഞതാണ്. ആരോഗ്യദായക ശുശ്രൂഷ എപ്പോഴും അത്യാവശ്യമായിട്ടുള്ളതും മൗലികമായിട്ടുള്ളതുമാണ്;
എല്ലാവരും നവീകൃതമായ ആവേശത്തോടെ ചെയ്യേണ്ടതുമാണ്. ഇടവകസമൂഹം മുതല്‍ ഏറ്റവും വലിയ ആരോഗ്യദായക സ്ഥാപനങ്ങള്‍വരെ അങ്ങനെ ചെയ്യണം. സ്ഥിരരോഗികളായിട്ടുള്ളവരെ അല്ലെങ്കില്‍ ഗൗരവപൂര്‍ണമായ രീതിയില്‍ അംഗവൈകല്യമുള്ള കുട്ടികളെയും മാതാപിതാക്കളെയും ബന്ധുക്കളെയും അനേകം കുടുംബങ്ങള്‍ ശുശ്രൂഷിക്കുന്നുണ്ട്. അവരുടെ വാത്സല്യവും സ്ഥിരോത്സാഹവും നമുക്കു മറക്കാനാവുകയില്ല. കുടുംബങ്ങള്‍ക്കുള്ളില്‍ത്തന്നെ നല്കപ്പെടുന്ന ശുശ്രൂഷ മനുഷ്യവ്യക്തിയോടുള്ള സ്നേഹത്തിന്‍റെ അസാധാരണമായ സാക്ഷ്യമാണ്. അതു വേണ്ടവിധം അംഗീകരിക്കപ്പെടണം;
സമുചിതമായ പോളിസികളാല്‍ പിന്തുണയ്ക്കപ്പെടുകയും വേണം. ഡോക്ടര്‍മാരും നേഴ്സുമാരും വൈദികരും സമര്‍പ്പിതരായ സ്ത്രീ പുരുഷന്മാരും സന്നദ്ധസേവകരും കുടുംബങ്ങളും രോഗികളെ ശുശ്രൂഷിക്കുന്ന എല്ലാവരും സഭാപരമായ ഈ ദൗത്യത്തില്‍ പങ്കുചേരുന്നുണ്ട്. ഇത് പങ്കുവയ്ക്കപ്പെടുന്ന ഒരു ഉത്തരവാദിത്വമാണ്; ഓരോ വ്യക്തിയും ഓരോ ദിവസവുംചെയ്യുന്ന സേവനത്തിന്‍റെ മൂല്യത്തെ വര്‍ദ്ധിപ്പിക്കുന്നതുമാണ്.
7. ശരീരത്തിലും ആത്മാവിലും രോഗികളായിട്ടുള്ള എല്ലാവരെയും വാത്സല്യത്തിന്‍റെ അമ്മയായ മറിയത്തിനു സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- അവരെ അവള്‍ പ്രത്യാശയില്‍ നിലനിറുത്താന്‍ വേണ്ടിത്തന്നെ. രോഗികളായ സഹോദരീ സഹോദരന്മാരെ സ്വാഗതംചെയ്യുന്നവരാകാന്‍ നമ്മെ സഹായിക്കണമേ എന്ന് ഞാന്‍ അവളോടു പ്രാര്‍ത്ഥിക്കുന്നു. രോഗികളെ ശുശ്രൂഷിക്കുകയെന്ന സുവിശേഷപരമായ കടമ നിര്‍വഹിച്ചുകൊണ്ടു ജീവിക്കാന്‍ പ്രത്യേകമായ ദൈവകൃപ തനിക്ക് ആവശ്യമാണെന്ന് സഭയ്ക്ക് അറിയാം. ദൈവമാതാവിനോടുള്ള നമ്മുടെ പ്രാര്‍ത്ഥനയിലെ ഐക്യം നിരന്തരമായ ഒരു യാചനയായിരിക്കട്ടെ;
ജീവനെയും ആരോഗ്യത്തെയും സേവിക്കുവാനുള്ള വിളിയെ സ്നേഹിച്ചുകൊണ്ട് ഓരോ സഭാംഗവും ജീവിക്കുവാനുള്ള യാചനയായിരിക്കട്ടെ. ഇരുപത്തി ആറാമത്തെ ഈ ലോകരോഗീദിനത്തില്‍ കന്യകാമറിയം മാധ്യസ്ഥത വഹിക്കട്ടെ. സഹിക്കുന്നവര്‍ തങ്ങളുടെ സഹനത്തെ കര്‍ത്താവായ യേശുവിന്‍റെ സഹനത്തോടുചേര്‍ത്ത് സഹിക്കുവാന്‍ അവള്‍ സഹായിക്കട്ടെ. സഹിക്കുന്നവരെ ശുശ്രൂഷിക്കുന്ന എല്ലാവരെയും അവള്‍ പിന്താങ്ങട്ടെ. രോഗികളും, ശുശ്രൂഷാദായകരും സന്നദ്ധസേവകരുമായ എല്ലാവര്‍ക്കും ഞാന്‍ ഹൃദയപൂര്‍വം അപ്പസ്തോലികാശീര്‍വാദം നല്കുന്നു.
(വത്തിക്കാനില്‍ നിന്ന് 26 നവംബര്‍ 2017 പുറപ്പെടുവിച്ചത്)