News - 2025

വത്തിക്കാൻ- ചൈന ഉടമ്പടി; ജാഗരണ പ്രാർത്ഥനയുമായി വിശ്വാസികൾ

സ്വന്തം ലേഖകന്‍ 14-02-2018 - Wednesday

ഹോങ്കോങ്ങ്: വത്തിക്കാൻ- ചൈന ഉടമ്പടി വിഷയം കൂടുതല്‍ സജീവമായിരിക്കുന്ന സാഹചര്യത്തില്‍ ജാഗരണ പ്രാര്‍ത്ഥനയുമായി ഹോങ്കോങ്ങിലെ ക്രൈസ്തവ വിശ്വാസികള്‍. വിശുദ്ധ ബൊനവന്തുരയുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ നടന്ന പ്രാർത്ഥനാ കൂട്ടായ്മയിൽ ഇരുന്നൂറിലധികം വിശ്വാസികൾ പങ്കെടുത്തു. സര്‍ക്കാര്‍ നിയമനത്തിന് പകരം മാർപാപ്പയുടെ അംഗീകാരത്തോടെ മെത്രാനെ നിയോഗിക്കുക എന്നതാണ് വിശ്വാസികളുടെ ആവശ്യം. സ്ഥിതിഗതികൾ ആശങ്കാജനകമാണെന്നും വിശ്വാസികളെ തമ്മിൽ വേർതിരിക്കുകയാണെന്നും ചടങ്ങിനു നേതൃത്വം കൊടുത്ത വൈദികൻ വ്യക്തമാക്കിയതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.

അഭിപ്രായ അനൈക്യത്തിന് പുതിയ ഉടമ്പടി ഇടയാക്കുമെന്ന് ജാഗരണ പ്രാര്‍ത്ഥനയോട് അനുബന്ധിച്ചു വിശ്വാസികള്‍ സഭാനേതൃത്വത്തിന് സമർപ്പിച്ച കത്തിൽ വ്യക്തമാക്കി. സഭയുടെ സ്വതന്ത്ര തീരുമാനങ്ങളെ ഗവൺമെന്റ്‌ നയങ്ങൾക്ക് വിട്ട് കൊടുക്കുക വഴി കത്തോലിക്ക സഭയുടെ പരിശുദ്ധി, സാർവത്രികത, അപ്പസ്തോലികത എന്നിവ ചോദ്യം ചെയ്യപ്പെടുന്നു. അതിനാൽ വിശ്വാസികളുടെ നന്മയെ മുൻനിറുത്തി ഉടമ്പടിയിൽ ഒപ്പുവെയ്ക്കുന്നതിനെ വത്തിക്കാൻ തിരുസംഘം പുനരാലോചന നടത്തണമെന്നും ജാഗരണ പ്രാർത്ഥനയിൽ പങ്കെടുത്ത വിശ്വാസികള്‍ അഭ്യര്‍ത്ഥിച്ചു.

നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്‌. പാട്രിയോടിക്ക് കത്തോലിക്കാ സഭ എന്നാണ് ഈ സമൂഹം അറിയപ്പെടുന്നത്. ക്ലാന്‍ഡെസ്റ്റൈന്‍ എന്നറിയപ്പെടുന്ന വത്തിക്കാന്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭസഭയും രാജ്യത്തുണ്ട്. ഗവൺമെന്റ് പിന്തുണയോടെ പാട്രിയോടിക്ക് കത്തോലിക്കാ സഭ നിയമിക്കുന്ന മെത്രാന്മാർക്ക് വത്തിക്കാന്റെ അംഗീകാരമില്ല. പുതിയ ഉടമ്പടി പ്രാബല്യത്തില്‍ വന്നാല്‍ ചൈനീസ് ഭരണകൂടം നിയമിക്കുന്ന മെത്രാന്മാരുടെ നിയമനം വത്തിക്കാനും അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

More Archives >>

Page 1 of 285