News - 2025
കോപ്റ്റിക് ക്രൈസ്തവരുടെ ധീരമരണത്തിന് മൂന്ന് വര്‍ഷം
സ്വന്തം ലേഖകന്‍ 15-02-2018 - Thursday
കെയ്റോ: ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾ ലിബിയയില്‍ വധിച്ച ഇരുപത്തിയൊന്ന് കോപ്റ്റിക്ക് ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന് ഇന്നു മൂന്നു വര്‍ഷം. 2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ലോക മനസാക്ഷിയെ നടുക്കിയ ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. കഴുത്തറുത്താണ് എല്ലാ വിശ്വാസികളെയും ഇസ്ളാമിക ഭീകരര്‍ കൊലപ്പെടുത്തിയത്.
പിന്നീട് ഐഎസ് തന്നെ 'കുരിശിന്റെ ആളുകള്‍' എന്ന ശീര്‍ഷകത്തോടെ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിരിന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ മെഡിറ്ററേനിയൻ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്താണ് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരവശിഷ്ഠങ്ങൾ കണ്ടെത്തിയത്. പിന്നീട് കൊല്ലപ്പെട്ട ക്രൈസ്തവരുടെയും കുടുംബാംഗങ്ങളുടെയും ഡി.എൻ.എ പരിശോധന ഫലങ്ങൾ ഒത്തു നോക്കിയതിനെ തുടർന്നു ഫലം അനുകൂലമായതോടെ അൽ ഓർ ദേവാലയത്തില്‍ സംസ്ക്കാരം നടത്തി.
ക്രിസ്തുവിന് വേണ്ടി ജീവത്യാഗം ചെയ്ത മരണമടഞ്ഞവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി നേരത്തെ ഉയർത്തിയിരിന്നു. ഇവരുടെ സ്മരണാർത്ഥം മിന്യായിൽ നിർമ്മിച്ച ദേവാലയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. തിരുകര്‍മ്മങ്ങളില്‍ ലിബിയന്‍ രക്തസാക്ഷികളുടെ ബന്ധുക്കളും സഹോദരങ്ങളും പങ്കെടുക്കും.