News
കോപ്റ്റിക് രക്തസാക്ഷികളുടെ ദേവാലയം കൂദാശ ചെയ്തു
സ്വന്തം ലേഖകന്‍ 16-02-2018 - Friday
മിന്യ: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾ ലിബിയയില്‍ വധിച്ച ഇരുപത്തിയൊന്ന് ക്രൈസ്തവ വിശ്വാസികളുടെ സ്മരണയ്ക്കായി ഈജിപ്തിലെ മിന്യായിൽ നിർമ്മിച്ച ദേവാലയം കൂദാശ ചെയ്തു. ഇന്നലെ രക്തസാക്ഷിത്വത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ കനത്തസുരക്ഷയിലാണ് ഉദ്ഘാടനം നടന്നത്. അല്‍ ഔര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ദേവാലയത്തിന്റെ കൂദാശ കര്‍മ്മത്തിന് ബിഷപ്പ് ബെവ്നോഷ്യസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. നിരവധി വൈദികരും മിന്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനു വിശ്വാസികളും രക്തസാക്ഷിത്വം വരിച്ച വിശ്വാസികളുടെ ബന്ധുക്കളും തിരുക്കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു.
രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച ദേവാലയം അതിമനോഹരമാണെന്നും ഏറെ സന്തോഷമുണ്ടെന്നും അന്നു കൊല്ലപ്പെട്ട കീറിലോസ് എന്ന ഇരുപത്തിയൊന്നുകാരന്റെ പിതാവ് ബൌശ്ര ഫവ്സി പറഞ്ഞു. ദേവാലയ കൂദാശയോട് അനുബന്ധിച്ച് 21 രക്തസാക്ഷികളുടെയും ഭൗതീകാവശിഷ്ടങ്ങൾ പ്രത്യേക പെട്ടിയിലേക്ക് മാറ്റി. സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ദേവാലയം നിര്‍മ്മിച്ചത്. 2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ലോക മനസാക്ഷിയെ നടുക്കിയ ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. കഴുത്തറുത്താണ് എല്ലാ വിശ്വാസികളെയും ഇസ്ളാമിക ഭീകരര്‍ കൊലപ്പെടുത്തിയത്.