News - 2025

നെറ്റിയില്‍ ചാരം പൂശി വിഭൂതി ആശംസിച്ചുകൊണ്ട് വീണ്ടും മാര്‍ക്ക് വാല്‍ബെര്‍ഗ്

സ്വന്തം ലേഖകന്‍ 16-02-2018 - Friday

ബോസ്റ്റണ്‍: വിഭൂതി തിരുനാള്‍ ദിനത്തില്‍ നെറ്റിയില്‍ കുരിശടയാളം വരച്ചു തിരുനാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സുപ്രസിദ്ധ ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബര്‍ഗിന്റേയും അദ്ദേഹത്തിന്റെ പത്നിയും മോഡലുമായ റിയാ ഡര്‍ഹാമിന്റേയും വീഡിയോ. ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്തിരിക്കുന്ന വീഡിയോ ലക്ഷകണക്കിനാളുകളാണ് ഇതിനോടകം കണ്ടിരിക്കുന്നത്. “ഈ നോമ്പ് കാലത്തിന്റെ ആരംഭത്തില്‍ എല്ലാവര്‍ക്കും വിഭൂതിതിരുനാള്‍ ആശംസകള്‍” എന്ന വാക്കുകളോടെയാണ് വാല്‍ബര്‍ഗിന്‍റെ വീഡിയോ സന്ദേശം ആരംഭിക്കുന്നത്. തന്റെ പത്നിയോടൊപ്പമുള്ള വീഡിയോയില്‍ വാലന്റൈന്‍ ദിന ആശംസയും അദ്ദേഹം നേരുന്നുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ വിഭൂതിയിലും നെറ്റിയില്‍ ചാരം പൂശി, ചിത്രം സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്തുകൊണ്ട് അദ്ദേഹം തന്റെ കത്തോലിക്ക വിശ്വാസം പ്രഘോഷിച്ചിരിന്നു. 2015-ല്‍ ഫിലാഡല്‍ഫിയായില്‍ വെച്ച് ഫ്രാന്‍സിസ് പാപ്പാ പങ്കെടുത്ത ഒരു പരിപാടിയുടെ അവതാരകന്‍ വാല്‍ബര്‍ഗായിരുന്നു. മികച്ച നടനുള്ള ഓസ്കാറിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള വാല്‍ബര്‍ഗ് 2016-ലെ ഒരു ഫേസ്ബുക്ക് വീഡിയോ സന്ദേശത്തിലൂടെയായിരുന്നു തന്റെ കത്തോലിക്കാ വിശ്വാസം ആദ്യമായി പരസ്യമായി പ്രഘോഷിച്ചത്. യുവത്വത്തില്‍ മയക്കുമരുന്നുപയോഗവും, ഗുണ്ടാ സംഘങ്ങളുമായി ബന്ധവുമുണ്ടായിരുന്ന തന്നെ ശരിയായ ദിശയിലേക്ക് നയിച്ചത് തന്റെ കത്തോലിക്കാ വിശ്വാസമായിരുന്നെന്ന്‍ മാര്‍ക്ക് വാല്‍ബെര്‍ഗ് വെളിപ്പെടുത്തി.

പൗരോഹിത്യമെന്ന ദൈവവിളിക്കായി കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്നു അദ്ദേഹം മറ്റൊരു വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു. അടുത്തിടെ ‘ബൂഗി നൈറ്റ്സ്’ എന്ന സിനിമയില്‍ അശ്ലീല സിനിമാ താരത്തിന്റെ വേഷം ചെയ്തതിനു ദൈവത്തോട് മാപ്പപേക്ഷിച്ചുവെന്നും അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരിന്നു. അഭിനയത്തിനു പുറമേ സിനിമാ നിര്‍മ്മാണം, ബിസിനസ്, മോഡലിംഗ് എന്നീ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മാര്‍ക്ക് വാല്‍ബര്‍ഗ് ‘ദി ഡിപ്പാര്‍ട്ടഡ്’, ‘ദി ഫൈറ്റര്‍’ എന്നീ സിനിമകള്‍ വഴിയാണ് പ്രസിദ്ധനായത്. പ്രശസ്തിക്ക് നടുവിലും തന്റെ കത്തോലിക്ക വിശ്വാസം പ്രഘോഷിച്ചുകൊണ്ട് മാതൃകയാകുകയാണ് ഹോളിവുഡിലെ ഈ മിന്നും താരം.

More Archives >>

Page 1 of 286