News - 2025
ഭരണഘടന ഭേദഗതിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അയര്‍ലണ്ടില്‍ പ്രോലൈഫ് റാലി
സ്വന്തം ലേഖകന്‍ 17-02-2018 - Saturday
ഡൺ ലാവോഗെയർ: ജീവന്റെ മഹത്വത്തെ മാനിച്ചുള്ള ഭരണഘടനാഭേദഗതിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അയര്‍ലണ്ടില്‍ പ്രോലൈഫ് റാലി. ‘ഡൺലാവോഗെയർ ലൈഫ് ക്യാൻവാസ്’ എന്ന സംഘടനയാണ് ഗർഭസ്ഥശിശുവിന്റെയും അമ്മയുടേയും ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്ന എട്ടാം ഭരണഘടനാഭേദഗതിയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തീര പ്രദേശമായ ഡൺ ലാവോഗെയറില്‍ റാലി സംഘടിപ്പിച്ചത്. ഭേദഗതി അസാധുവാക്കണമോയെന്ന ചോദ്യം ഉന്നയിച്ച് അയർലൻഡിൽ ജനഹിതപരിശോധന നടക്കുവാനിരിക്കെയാണ് ‘ലൗവിങ് ദ എയിത്ത്’ എന്ന പേരില്‍ റാലി നടന്നത്.
ജനഹിത പരിശോധനയ്ക്ക് മുൻപ് എട്ടാം ഭരണഘടനാഭേദഗതിയെ സംരക്ഷിക്കാൻ ആളുകൾ തയ്യാറാണെന്ന് റാലി സൂചിപ്പിക്കുന്നുവെന്നും പ്രാദേശിക പ്രോലൈഫ് സംഘടനകൾക്ക് തങ്ങൾ നന്ദിപറയുന്നതായും ക്യാംപെയിനിന്റെ വക്താവായ മെയ്‌റീഡ് ഹഗ്‌സ് പറഞ്ഞു. എട്ടാം ഭേദഗതി അമ്മയുടേയും കുഞ്ഞിന്റെയും ജീവൻ സംരക്ഷിക്കുന്നുവെന്നും ഭേദഗതി നിരവധി ജീവനുകൾ രക്ഷിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗർഭസ്ഥ ശിശുക്കൾക്ക് ജീവിക്കുവാനുള്ള അവകാശവും മാതാവിന് ജീവിക്കാനുള്ള അവകാശവും തുല്യമാണെന്നും അതിനെ ആദരവോടെ സമീപിക്കണമെന്നുമാണ് എട്ടാം ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്. ഹിതപരിശോധനയെ തുടര്‍ന്നു ഭേദഗതി റദ്ദായാൽ 12 ആഴ്ചവരെയുള്ള ഗർഭഛിദ്രങ്ങൾ അയർലന്റിൽ നിയമാനുസൃതമാകും.