News - 2025

പ്രീ യുവജന സിനഡിന് വത്തിക്കാന്‍ ഒരുങ്ങി

സ്വന്തം ലേഖകന്‍ 17-02-2018 - Saturday

വത്തിക്കാന്‍ സിറ്റി: ഒക്ടോബറില്‍ നടത്താനിരിക്കുന്ന ബിഷപ്പുമാരുടെ സിനഡിനു മുന്നോടിയായുള്ള പ്രീ യുവജന സിനഡിന് വത്തിക്കാന്‍ ഒരുങ്ങി. മാർച്ച് 19നു ഫ്രാൻസിസ് പാപ്പയുടെ പൊതു പ്രഭാഷണത്തോടെയാണ് പ്രീ- സിനഡ് സമ്മേളനം ആരംഭിക്കുക. 24 വരെ യുവജന സിനഡ് തുടരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറോളം യുവജനങ്ങളാണ് സിനഡില്‍ പങ്കെടുത്തു തങ്ങളുടെ ആശയങ്ങളും പ്രശ്നങ്ങളും പ്രതീക്ഷകളും പങ്കുവെക്കുക.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നീ നവമാധ്യമങ്ങള്‍ വഴി പ്രീ-സിനഡിനെ പിന്തുടരാന്‍ വത്തിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഉത്തരങ്ങൾ കിട്ടാത്ത ചോദ്യങ്ങളുമായി നിൽക്കുന്ന യുവജനങ്ങളോട് സംവദിക്കുവാൻ സഭ തയാറാകുന്നുവെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് പ്രീ സിനഡിൽ പങ്കെടുക്കുന്ന സ്റ്റെല്ല മരിലെനെ എന്ന യുവതി പറഞ്ഞു. കത്തോലിക്കാ സഭാംഗങ്ങള്‍ക്കു പുറമേ ഇതര ക്രൈസ്തവ സഭകളിലെയും മറ്റു മതങ്ങളിലെയും യുവജന പ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കും.

യുവജനസമ്മേളനം അവസാനിക്കുന്ന മാര്‍ച്ച് 24നു പിറ്റേന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധവാര ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നവര്‍ക്ക് അവസരം ലഭിക്കും. ഒക്ടോബറില്‍ നടക്കുന്ന മെത്രാന്‍മാരുടെ ആഗോള സിനഡിന്റെ മുഖ്യവിഷയങ്ങളില്‍ ഒന്നാണ് യുവജനങ്ങള്‍. ഈ സാഹചര്യത്തില്‍ പ്രീ സിനഡ് കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് സഹായകമാകുമെന്നാണ് സഭാനേതൃത്വം പ്രതീക്ഷിക്കുന്നത്.

More Archives >>

Page 1 of 286