News

ചൈനയുടെ സഹനങ്ങള്‍ ഫലം കാണുന്നു; 2017-ല്‍ ജ്ഞാനസ്നാനം സ്വീകരിച്ചത് അരലക്ഷം പേര്‍

സ്വന്തം ലേഖകന്‍ 17-02-2018 - Saturday

ബെയ്ജിംഗ്: മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന ചൈനയില്‍ നിന്നും വീണ്ടും ക്രിസ്തു സാക്ഷ്യം. ചൈനയിലെ പുതുവര്‍ഷാരംഭ ദിനമായ ഇന്നലെ “ഫെയിത്ത് കള്‍ച്ചറല്‍ സൊസൈറ്റി” പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ചു 2017-ല്‍ മാത്രം രാജ്യത്തു 48,556 പേര്‍ ജ്ഞാനസ്നാനം സ്വീകരിച്ചെന്നാണ് കണക്ക്. വിദൂര ഗ്രാമങ്ങളിലെ കത്തോലിക്കാ സമൂഹങ്ങളിലെ ജ്ഞാനസ്നാന കണക്കുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതിനാല്‍ യഥാര്‍ത്ഥ സംഖ്യ ഇതില്‍ നിന്നും ഒരുപാട് വര്‍ദ്ധിക്കുവാനാണ് സാധ്യത. ചൈനയിലെ കത്തോലിക്ക ശക്തികേന്ദ്രങ്ങളിലൊന്നായ 'ഹെ ബെയ്' പ്രവിശ്യയാണ് കത്തോലിക്ക വിശ്വാസം പുതുതായി സ്വീകരിച്ചവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത്.

11,899 അക്രൈസ്തവരാണ് ഇവിടെ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ചത്. ഇതില്‍ 3645 പേര്‍ ‘സിങ്ങ് ടായി’ സമൂഹത്തില്‍ നിന്നും, 3059-ഓളം പേര്‍ 'ഹാന്‍ ഡാന്‍' രൂപതയില്‍ നിന്നുമാണ്. 'ഹായി നാന്‍' പ്രവിശ്യയിലെ ഒറ്റപ്പെട്ട അവസ്ഥയില്‍ കിടക്കുന്ന കത്തോലിക്കാ സമൂഹത്തില്‍ നിന്നുപോലും 38 പേര്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. ബെയ്ജിംഗ് രൂപതയില്‍ 1099 പേരാണ് പുതുതായി ജ്ഞാനസ്നാനം സ്വീകരിച്ചത്. പടിഞ്ഞാറന്‍ ചൈനയിലും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവാണുള്ളത്.

128 പേര്‍ ‘നിങ്ങ് സിയാ’യില്‍ നിന്നും, 54 പേര്‍ ‘ക്വിങ്ങ് ഹായ്’ല്‍ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ചു. മുസ്ലീം ഭൂരിപക്ഷ മേഖലയായ സിന്‍ ജിയാംഗ് പ്രവിശ്യയില്‍ നിന്ന്‍ 66 പേരാണ് ക്രിസ്തു മാര്‍ഗ്ഗം തുടരാന്‍ തീരുമാനിച്ചത്. കടുത്ത ബുദ്ധിസ്റ്റ് മേഖലയായ തിബത്തില്‍ 11 പേര്‍ പുതുതായി ജ്ഞാനസ്നാനം സ്വീകരിച്ചു. ചൈനയില്‍ സുവിശേഷവത്കരണം വളരെയേറെ വിഷമതകള്‍ നിറഞ്ഞ ദൗത്യമാണെങ്കിലും ക്രൈസ്തവലോകത്തിനു ആശ്വാസം പകരുന്ന വാര്‍ത്തയാണ് ഫെയിത്ത് കള്‍ച്ചറല്‍ സൊസൈറ്റിയുടെ കണക്കുകളില്‍ നിന്നും ലഭിക്കുന്നത്. 2012-ല്‍ അധികാരത്തിലേക്ക് എത്തിയ സീ ജിന്‍പിംഗിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടം ശക്തമായ വിശ്വാസ നിയന്ത്രണങ്ങളാണ് രാജ്യത്തു ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പലസ്ഥലങ്ങളിലും കുരിശു രൂപങ്ങള്‍ നീക്കം ചെയ്തതും ദേവാലയങ്ങള്‍ തകര്‍ത്തതും ക്രൈസ്തവരുടെ വീടുകള്‍ കൈയ്യേറിയതും നിരവധി തവണ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായിരിന്നു. എന്നാല്‍ ഈ പീഡനങ്ങളെയും എല്ലാ അതിജീവിച്ചുകൊണ്ട് ചൈനയില്‍ ക്രൈസ്തവ വിശ്വാസം അതിവേഗം വളരുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2030-ല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ വിശ്വാസികളുള്ള രാജ്യം എന്ന ഉന്നതിയിലേക്ക് ചൈന കുതിക്കുമെന്നു രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗവേഷണ ഫലം പുറത്തുവന്നിരിന്നു.

More Archives >>

Page 1 of 286