News
ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം; ഏറ്റവും കൂടുതൽ തമിഴ്‌നാട്ടിൽ, തൊട്ടുപിന്നില്‍ യുപി
സ്വന്തം ലേഖകന്‍ 18-02-2018 - Sunday
ന്യൂഡൽഹി: കഴിഞ്ഞ വർഷം ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത് തമിഴ്‌നാട്ടിൽ. ഫെബ്രുവരി 16ന് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന് ഗവൺമെന്റിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും റിപ്പോർട്ട് വിലയിരുത്തി. ഇന്ത്യൻ സംസ്ഥാനങ്ങളിൽ തമിഴ്നാട്ടിൽ അമ്പത്തിരണ്ടും ഉത്തർപ്രദേശിൽ അമ്പതും ചത്തീസ്ഗഡിൽ നാൽപ്പത്തിമൂന്നും മദ്ധ്യപ്രദേശിൽ മുപ്പത്തിയാറ് കേസുകളും റിപ്പോർട്ട് ചെയ്തു.
സംഘടനയുടെ റിലീജിയസ് ലിബർട്ടി കമ്മീഷൻ ശേഖരിച്ച വിവരമനുസരിച്ച് മുന്നൂറ്റിയമ്പതോളം ക്രൈസ്തവ വിരുദ്ധ ആക്രമങ്ങള്‍ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അനൗദ്യോഗിക കണക്കുകള്‍ അടക്കം വിലയിരുത്തുമ്പോള്‍ ഇതിലും ഏറെ വര്‍ദ്ധനയുണ്ടാകുമെന്നാണ് സൂചന. വടക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത് എഫ്.ഐ.ആർ ഫയൽ ചെയ്യാൻ അധികാരികൾ ധൈര്യപ്പെടുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ക്രിസ്തുമസ് - വലിയ നോമ്പുകാലങ്ങളിലാണ് അക്രമണങ്ങളിലേറെയും അരങ്ങേറിയത്.
ഏപ്രിലിൽ വിശ്വാസികളുടെ കൂട്ടായ്മയ്ക്കു നേരെ 54 കേസും ഡിസംംബറിൽ 40 കേസും റജിസ്റ്റർ ചെയ്തു. 2007 ൽ ഒഡീഷ കാണ്ഡമാൽ ദുരന്തത്തിന് ശേഷം ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത് കഴിഞ്ഞ വർഷമാണ്. തമിഴ്നാട്ടിലെ ജാതി വ്യവസ്ഥിതി ക്രൈസ്തവ കൂട്ടായ്മയെയും മിഷൻ പ്രവർത്തനങ്ങളെയും തടസപ്പെടുത്തുന്നതായും തീവ്ര ഹൈന്ദവ സംഘടനകളുടെ മേധാവിത്വം അധികാരികളെപ്പോലും ഭയപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷത്തിന് നേരെയുള്ള ആക്രമണങ്ങളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നുവെന്ന് ഭരണകൂടം ഉറപ്പുവരുത്തണമെന്നും ഫെല്ലോലോഷിപ്പ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. തമിഴ്നാട് ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ആരാധന തടസ്സപ്പെടുത്താൻ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്ന് സംശയിക്കുന്നതായി റിലീജിയസ് ലിബർട്ടി കമ്മീഷൻ ഡയറക്ടർ റവ.വിജയേഷ് ലാൽ പറഞ്ഞു.
കുടുംബങ്ങളിൽ ദൈവാരാധന നടത്താൻ അനുവദിക്കാതിരിക്കുന്നത് ഭരണഘടനാവകാശങ്ങൾക്ക് വിരുദ്ധമാണ്. ചില സംസ്ഥാനങ്ങളിൽ ഭരണകൂടത്തിന്റെ ഒത്താശയോടെ ക്രൈസ്തവ മതമര്‍ദ്ദനം നടക്കുന്നതായും വിശ്വാസികളുടെ സുരക്ഷയ്ക്കായി ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും വാഗ്ദാനം മാത്രമാണ് ലഭ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1951 ൽ സ്ഥാപിതമായ ഇവാഞ്ചലിക്കൽ ഫൗണ്ടേഷൻ, ആഗോള ഇവാഞ്ചലിക്കൽ കൂട്ടായ്മയിലും ഐക്യരാഷ്ട്രസഭയുടെ എൻ.ജി.ഒ സംഘത്തിലും 'ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ'യ്ക്ക് അംഗത്വമുണ്ട്.