News

ഫ്രാന്‍സിനു സംരക്ഷണമേകാന്‍ 'റോസറി അറ്റ് ദി ബോർഡേസ്'

സ്വന്തം ലേഖകന്‍ 26-02-2018 - Monday

പാരീസ്: പോളണ്ട്, അയര്‍ലണ്ട്, ഇറ്റലി, അമേരിക്ക തുടങ്ങീയ രാജ്യങ്ങള്‍ക്ക് ശേഷം ദേശീയ ജപമാല ദിനത്തിനായി ഫ്രാന്‍സും തയാറെടുക്കുന്നു. 'റോസൈര്‍ ഓക്സ് ഫ്രന്‍റിയേഴ്സ്' അഥവ 'റോസറി അറ്റ് ദി ബോർഡേസ്' എന്ന പേരില്‍ ഏപ്രിൽ 28നാണ് ഫ്രാൻസിൽ ദേശീയ ജപമാല ദിനമായി ആചരിക്കുന്നത്. കാലഘട്ടത്തിന്റെ തിന്മകള്‍ക്കെതിരെയുള്ള പോരാട്ടമായാണ് ജപമാലയത്നം രാജ്യത്തു സംഘടിപ്പിക്കുന്നത്. ഭ്രൂണഹത്യയും ലക്ഷ്യബോധമില്ലാതെ വളരുന്ന സമൂഹവും ഫ്രഞ്ച് ജനതയുടെ ജപമാലയത്നത്തിലെ പ്രാര്‍ത്ഥന നിയോഗമാകും.

ഫ്രാന്‍സില്‍ ഓരോ വര്‍ഷവും രണ്ട് ലക്ഷത്തോളം ഗർഭസ്ഥ ശിശുക്കളാണ് ഗര്‍ഭഛിദ്രത്തിന് ഇരയാകുന്നത്. ലക്ഷ്യബോധമില്ലാത്ത തലമുറയെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ സമ്പ്രദായവും, തൊഴിൽരഹിതരായ യുവജനങ്ങളും, കുടുംബങ്ങളിലെ അസ്വസ്ഥതയും രാജ്യത്തിന്റെ തീരാവേദനയാണ്. ധാര്‍മ്മികത നശിക്കുന്ന രാജ്യത്തു വയോധികരെ മരുന്ന്‍ നല്കി മരണത്തിലേക്ക് നയിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തി നില്ക്കുന്നുവെന്ന്‍ സംഘാടകര്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. പരിശുദ്ധ കന്യകമറിയത്തിന്റെ വിമലഹൃദയത്തിലേക്ക് ഫ്രാൻസിനെയും ചേർക്കണമെയെന്ന അപേക്ഷയോടെയാണ് പത്രകുറിപ്പ് അവസാനിക്കുന്നത്.

2012- ൽ നടന്ന പുറത്തുവന്ന സർവ്വേ പ്രകാരം, ഞായറാഴ്ച ദിവ്യബലിയിലെ കത്തോലിക്ക വിശ്വാസികളുടെ പങ്കാളിത്തം പത്ത് ശതമാനത്തിൽ താഴെയാണ്. ദിവ്യബലിയിൽ പങ്കെടുക്കുന്നവരെ ഇസ്ളാമിക ഭീകരവാദികൾ ലക്ഷ്യമിടുന്നതും ഫ്രാൻസിൽ പതിവായിരിക്കുകയാണ്. രണ്ടു വർഷങ്ങൾക്ക് മുന്‍പ് വിശുദ്ധ ബലി മദ്ധ്യേ വൃദ്ധ വൈദികനെ മുസ്ളിം ഭീകരർ കഴുത്തറുത്ത് കൊന്നത് വലിയ വാര്‍ത്തയായിരിന്നു. ക്രൈസ്തവ രാഷ്ട്രമായിരുന്ന ഫ്രാൻസിൽ മതേതരത്വത്തിന്റെ ആശയങ്ങൾ സജീവമായതോടെ കത്തോലിക്കരുടെ എണ്ണം ക്രമാതീതമായി കുറയുകയായിരിന്നു. ജപമാലയജ്ഞം വഴി വിശ്വാസികള്‍ തീക്ഷ്ണമായ വിശ്വാസത്തിലേക്ക് കടന്നുവരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ ആഗോള തലത്തില്‍ നിരവധി രാജ്യങ്ങള്‍ ജപമാല യത്നം സംഘടിപ്പിച്ചിരിന്നു. ലക്ഷകണക്കിന് ആളുകള്‍ പങ്കെടുത്ത ‘റോസറി റ്റു ദി ബോര്‍ഡര്‍’ എന്ന പേരില്‍ പോളണ്ടാണ് ആഗോള തലത്തില്‍ ജപമാലയത്നത്തിന് ആരംഭം കുറിച്ചത്. പിന്നീട് അയര്‍ലണ്ട്, ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഈ മാതൃക അനുകരിക്കുകയായിരുന്നു. എല്ലാ കൂട്ടായ്മകളിലും പതിനായിരങ്ങളുടെ പങ്കാളിത്തമാണ് ഉണ്ടായത്. ഇതിന് സമാനമായി ഏപ്രില്‍ 29നു ‘റോസറി ഓണ്‍ ദി കോസ്റ്റ്’ എന്ന പേരില്‍ ഗ്രേറ്റ് ബ്രിട്ടനിലും ഫാത്തിമായിലെ പ്രത്യക്ഷീകരണത്തിന്റെ 101-ാം വാര്‍ഷിക ദിനമായ മെയ് 13നു ഓസ്ട്രേലിയയിലും ജപമാലയത്നം സംഘടിപ്പിക്കുന്നുണ്ട്.

More Archives >>

Page 1 of 289