News - 2025
വിശുദ്ധ ലൂക്കയാകുവാന്‍ സഹായിച്ചത് വിശുദ്ധ കുര്‍ബാനയും ജപമാലയും: ജിം കാവിയേസല്‍
സ്വന്തം ലേഖകന്‍ 01-03-2018 - Thursday
വാഷിംഗ്ടണ്‍ ഡി.സി: 'പോള്‍ ദി അപ്പോസ്തല്‍ ഓഫ് ക്രൈസ്റ്റ്' സിനിമയില്‍ വിശുദ്ധ ലൂക്കയാകുവാന്‍ സഹായിച്ചത് വിശുദ്ധ ലിഖിതങ്ങളും, വിശുദ്ധ കുര്‍ബാനയും, ജപമാലയുമാണെന്നു പ്രശസ്ത ഹോളിവുഡ് നടന്‍ ജിം കാവിയേസല്‍. ആന്‍ഡ്ര്യൂ ഹയാത്ത് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന സിനിമ മാര്‍ച്ച് 23-നാണ് തിയറ്ററുകളില്‍ എത്തുന്നത്. തിരക്കഥയിലെ ഏറ്റവും നല്ല വേഷങ്ങളിലൊന്ന് തന്റേതാണെന്നും സി.എന്‍.എക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
മാനസാന്തരവും, ക്ഷമയുമാണ് സിനിമയിലെ പ്രധാന വിഷയങ്ങള്‍. പീഡനത്തിനിരയായി തന്റെ വധവും കാത്ത് തടവറയില്‍ കഴിയുന്ന ഒരു വൃദ്ധന് എപ്രകാരം ലോകത്തിന്റെ പ്രകാശമാകുവാന്‍ കഴിയും? എന്നാല്‍ നമ്മുടെ യാതനകളിലൂടെയും, സഹനങ്ങളിലൂടെയും, ദുരിതങ്ങളിലൂടയുമാണ് പലപ്പോഴും വിജയം കൈവരുന്നത്. ഞാന്‍ എന്തുചെയ്യുമ്പോഴും ദൈവത്തിന്റെ സഹായമാവശ്യപ്പെടാറുണ്ട്. എനിക്കുള്ള സകല കഴിവുകളും ദൈവമാണ് നല്‍കിയത്. ദൈവമാണ് എന്റെ വഴികാട്ടി. എനിക്ക് ദൈവം തന്നതില്‍ നിന്നുള്ളതുമാത്രമാണ് ഞാന്‍ ദൈവത്തിനു തിരികെ നല്‍കുന്നത്. പരിശുദ്ധ അമ്മയെ കുറിച്ച് മറ്റാരെക്കാളും എഴുതിയത് വിശുദ്ധ ലൂക്കയായിരിന്നുവെന്നും അതിനാല്‍ താന്‍ ജപമാലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിന്നുവെന്നും കാവിയേസല്‍ കൂട്ടിച്ചേര്‍ത്തു.
ആദിമ ക്രിസ്ത്യാനികള്‍ക്ക് നീറോ ചക്രവര്‍ത്തിയുടെ കീഴില്‍ നേരിടേണ്ടിവന്ന അടിച്ചമര്‍ത്തലും, തടവില്‍ കിടന്നുകൊണ്ട് ജീവിതത്തിന്റെ പ്രതീക്ഷയുടെ സന്ദേശം പകര്‍ന്നു നല്‍കുന്ന പൗലോസ് ശ്ലീഹയുമായാണ് ‘പോള്‍ ദി അപ്പോസ്തല്‍’ സിനിമയുടെ മുഖ്യപ്രമേയം. ആദിമ ക്രിസ്ത്യന്‍ സമൂഹത്തെ സഹായിക്കുന്ന വൈദ്യനും, ആത്മീയ നേതാവും, എഴുത്തുകാരനുമായ വിശുദ്ധ ലൂക്കയായിട്ടാണ് കാവിയേസല്‍ വെള്ളിത്തിരയിലെത്തുക. ബ്രിട്ടീഷ് നടനായ ജെയിംസ് ഫോക്കനറാണ് വിശുദ്ധ പൗലോസിന്റെ വേഷം കൈകാര്യം ചെയ്യുന്നത്.
തന്നേക്കാളും ശക്തമായ വിശ്വാസത്തിനുടമയായ ക്രിസ്ത്യാനിയാണ് കാവിയേസലെന്നു സമ്മതിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന്‍ ഫോക്കനര്‍ പറഞ്ഞു. വിശുദ്ധ പൗലോസിന്റെ കത്തുകള്‍ പല ആവര്‍ത്തി വായിച്ചത് തന്നില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഫോക്കനര്‍ സമ്മതിക്കുന്നു.