News - 2025

യേശുവിനെക്കുറിച്ചുള്ള ഗാന്ധിജിയുടെ കത്ത് ലേലത്തിന്

സ്വന്തം ലേഖകന്‍ 02-03-2018 - Friday

വാഷിംഗ്ടണ്‍ ഡിസി: മഹാത്മാഗാന്ധി യേശുക്രിസ്തുവിനെ കുറിച്ചു എഴുതിയ കത്ത് ലേലത്തിന് വച്ചു. പെന്‍സില്‍വാനിയയിലെ റാബ് കളക്ഷന്‍സ് ആണ് കത്ത് ലേലത്തിന് വച്ചിരിക്കുന്നത്. 1926 ഏപ്രില്‍ ആറിന് ഐക്യരാഷ്ട്ര സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്രിസ്‌ത്യന്‍ ആത്മീയ ആചാര്യനായിരുന്ന മില്‍ട്ടണ്‍ ന്യൂബെറി ഫ്രാന്ററ്റ്‌സിനു ഗാന്ധിജി എഴുതിയതാണ് ഈ കത്ത്. ലേലത്തിന്റെ അടിസ്ഥാനവില 50,000 യുഎസ് ഡോളറാണ്. മനുഷ്യചരിത്രത്തിലെ മഹാന്മാരായ ഗുരുക്കന്മാരിലൊരാളാണ് ക്രിസ്തുവെന്നും മതങ്ങളുടെ ഐക്യം പരസ്പരബഹുമാനത്തിലൂടെ സാധ്യമാണെന്നും കത്തില്‍ പറയുന്നു.

മനുഷ്യരുടെ ബുദ്ധിവൈഭവത്തില്‍ വൈവിധ്യമുള്ളിടത്തോളം കാലം വ്യത്യസ്തമായ മതവിശ്വാസങ്ങള്‍ രൂപപ്പെടും. അതില്‍ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ എല്ലാ മതവിശ്വാസികളും സ്‌നേഹമെന്ന പൊതുവികാരത്തില്‍ പരസ്പരം ബന്ധിതരാകുന്ന സാഹചര്യത്തേക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും കത്തില്‍ പറയുന്നു. ഈ കത്തല്ലാതെ ക്രിസ്തുവിനെപ്പറ്റി പരാമര്‍ശിക്കുന്ന ഗാന്ധിജിയുടെ മറ്റൊരു കത്തും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നു ലേലം സംഘടിപ്പിക്കുന്ന റാബ് കളക്ഷന്‍ അധികൃതര്‍ അറിയിച്ചു.

ലോക മതങ്ങളുടെ സമാധാനത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ കാഴ്ചപ്പാടാണ് എഴുത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് റാബ് കലക്‌ഷൻ തലവൻ നാഥൻ റാബ് വ്യക്തമാക്കി. വളരെ ശക്തവും വൈകാരികവുമായ എഴുത്താണത്. മറ്റു മതങ്ങളെ ബഹുമാനിക്കുന്നുവെന്ന് ഗാന്ധിജി വ്യക്തമാക്കുകയാണ് ഇതുവഴിയെന്നും മറ്റു മനുഷ്യരിൽ സാമാന്യത്വം കണ്ടെത്താൻ അദ്ദേഹത്തെ സഹായിച്ചത് മനുഷ്യകുലത്തിന്റെ അധ്യാപകനായുള്ള ക്രിസ്തുവിലുള്ള വിശ്വാസമാണെന്നും റാബ് കൂട്ടിച്ചേര്‍ത്തു. മങ്ങിയ മഷിയിൽ ടൈപ്പ് ചെയ്ത കത്തില്‍ ഗാന്ധിജി ഒപ്പിട്ടിട്ടുമുണ്ട്.

More Archives >>

Page 1 of 291