News

ചരിത്രപരമായ കൂടിക്കാഴ്ച: സൗദി കിരീടാവകാശി കോപ്റ്റിക് സഭാധ്യക്ഷനെ സന്ദര്‍ശിച്ചു

സ്വന്തം ലേഖകന്‍ 07-03-2018 - Wednesday

കെയ്റോ: മാറ്റത്തിന്റെ പാതയിലൂടെ സൗദിയെ കൂട്ടിക്കൊണ്ട് പോകുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ തവദ്രോസ് രണ്ടാമനുമായി കൂടിക്കാഴ്ച നടത്തി. ഇതാദ്യമായാണ് സൗദിയിലെ ഉന്നത ശ്രേണിയില്‍ നിന്നുള്ള ഒരാള്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റ് സന്ദര്‍ശിക്കുന്നത്. കെയ്റോയിലെ ഏറ്റവും വലിയ കോപ്റ്റിക് കത്തീഡ്രലായ സെന്റ്‌ മാര്‍ക്ക്സ് ദേവാലയത്തില്‍ തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ സൗദി ഡെപ്യൂട്ടി പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുള്‍പ്പെടുന്ന സംഘവും സൗദി കിരീടാവകാശിയുടെ ഒപ്പം ഉണ്ടായിരിന്നു. രാജകുമാരന്റെ ത്രിദ്വിന ഈജിപ്ത് സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.

ഹാര്‍ദ്ദവമായ സ്വീകരണമാണ് ഓര്‍ത്തഡോക്സ് സഭാനേതൃത്വം സൗദി കിരീടാവകാശിക്കു നല്‍കിയത്. സൗദിയും, ഈജിപ്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും, വിവിധ മതങ്ങളുടേയും, സംസ്കാരങ്ങളുടേയും പ്രാധാന്യത്തെക്കുറിച്ചും, തീവ്രവാദത്തേയും, ആക്രമങ്ങളേയും തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുവരും ചര്‍ച്ചചെയ്തുവെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദി സന്ദര്‍ശിക്കുവാന്‍ രാജകുമാരന്‍ തന്നെ ക്ഷണിച്ചതായി കോപ്റ്റിക് ഓര്‍ത്തഡോക്സ് പാപ്പാ വെളിപ്പെടുത്തി.

ഈജിപ്തിലെ സമാധാന സുസ്ഥിരത നിലനിര്‍ത്തുന്നതില്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ വഹിച്ച പങ്കിനെ സൗദി കിരീടാവകാശി അഭിനന്ദിച്ചു. അറബികള്‍ക്കും, ഇസ്ലാമിനും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ നല്‍കുന്ന പിന്തുണയെ പുകഴ്ത്തുവാനും രാജകുമാരന്‍ മറന്നില്ല. കടുത്ത മുസ്ലീം യാഥാസ്ഥിതിക രാജ്യമായ സൗദിയിലെ കിരീടാവകാശി ക്രിസ്ത്യന്‍ സഭാ തലവനുമായി നടത്തിയ കൂടിക്കാഴ്ചക്ക് വന്‍ വാര്‍ത്താ പ്രാധാന്യമാണ് മാധ്യമങ്ങള്‍ നല്‍കിയത്.

നേരത്തെ മാരോണൈറ്റ് സഭയുടെ തലവനായ പാത്രിയാര്‍ക്കീസ് ബേച്ചാര ബൗട്രോസ് അല്‍-റാഹിയേ സൗദിയിലേക്ക് ക്ഷണിച്ചു സല്‍മാന്‍ രാജാവും മുഹമ്മദ് ബിന്‍ സല്‍മാനും കൂടിക്കാഴ്ച നടത്തിയിരിന്നു.

More Archives >>

Page 1 of 293