News - 2025
ഫ്രാന്‍സിസ് പാപ്പയുടേത് ആഴമേറിയ ദൈവശാസ്ത്രം: എമിരിറ്റസ് ബെനഡിക്ട് പാപ്പ
സ്വന്തം ലേഖകന്‍ 14-03-2018 - Wednesday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടേത് ആഴമേറിയ ദൈവശാസ്ത്രമാണെന്ന്‍ എമിരിറ്റസ് ബെനഡിക്ട് പാപ്പ. മാര്‍ച്ച് പന്ത്രണ്ടാം തീയതി 'ഫ്രാന്‍സിസ് പാപ്പായുടെ ദൈവശാസ്ത്രം' എന്ന പുസ്തകസമാഹാരത്തിന്‍റെ പ്രകാശനത്തോടനുബന്ധിച്ച്, വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ പ്രീഫെക്ട് മോണ്‍. ഡാരിയോ വിഗാനോയ്ക്ക് നല്‍കിയ കത്തിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചിരിക്കുന്നത്. ഇന്നത്തെ ക്രൈസ്തവര്‍ നേരിടുന്ന യാഥാര്‍ഥ്യത്തെക്കുറിച്ച് അറിവില്ലാത്ത ദൈവശാസ്ത്രപരമായ ആശയവാദിയാണ് ഫ്രാന്‍സിസ് പാപ്പയെന്ന് മുന്‍വിധി നടത്തുന്നവരോടു പ്രതികരിക്കുന്നതിന് ഇതുപകരിക്കുമെന്നും എമിരിറ്റസ് പാപ്പ കുറിച്ചു.
"സംരംഭം അഭിനന്ദനാര്‍ഹമാണ്, തത്വശാസ്ത്ര-ദൈവശാസ്ത്ര ചിന്തകളുടെ പ്രായോഗികതയുടെ മനുഷ്യനാണ് ഫ്രാന്‍സിസ് പാപ്പ. ഈ വാല്യങ്ങള്‍ വെളിപ്പെടുത്തുന്നത് ഫ്രാന്‍സിസ് പാപ്പ ത്വശാസ്ത്ര-ദൈവ ശാസ്ത്ര വിഷയങ്ങളില്‍ ആഴമായ അടിസ്ഥാനമുറപ്പിച്ച ഒരു വ്യക്തിയാണെന്നാണ്. ശൈലിയിലും സ്വഭാവത്തിലും ഉള്ള എല്ലാ വ്യത്യാസങ്ങളോടും കൂടിത്തന്നെ, പരമാചാര്യത്വത്തിന്‍റെ ഈ രണ്ടു കാലഘട്ടങ്ങളുടെയും ആന്തരിക തുടര്‍ച്ച കാണാന്‍ കഴിയും". ബനഡിക്ട് പാപ്പ രേഖപ്പെടുത്തി. ലിബ്രേറിയ എദിത്രീച്ചേ വത്തിക്കാന എന്ന വത്തിക്കാന്‍ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ പുസ്തകത്തിന്റെ 11 വാല്യങ്ങള്‍ ഇന്നലെയാണ് പ്രകാശനം ചെയ്തത്.