News - 2025
തൊഴില്‍രഹിത ഞായറില്‍ പോളണ്ട്; നിയമം പ്രാബല്യത്തില്‍ വന്നു
സ്വന്തം ലേഖകന്‍ 12-03-2018 - Monday
വാര്‍സോ: ഞായറാഴ്ച തൊഴില്‍ രഹിതവും, വ്യാപാര രഹിതവുമാക്കണമെന്ന നിയമം പോളണ്ടില്‍ പ്രാബല്യത്തില്‍ വന്നു. ഞായറാഴ്ചയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും കുടുംബങ്ങളില്‍ പരസ്പര ഒത്തുചേരലിനും പുതിയ നിയമം വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്നലെയാണ് നിയമം പ്രാബല്യത്തില്‍ വന്നത്. പോളണ്ടിലെ മുഴുവന്‍ കടകളും കമ്പോളങ്ങളും ഇന്നലെ അടഞ്ഞുകിടന്നു. മുന്‍നിര തൊഴിലാളി പാര്‍ട്ടിയായ സോളിഡാരിറ്റി ട്രേഡ് യൂണിയനാണ് ഞായറാഴ്ചകള്‍ തൊഴില്‍ രഹിത ദിനമാക്കണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്. കത്തോലിക്കാ അനുകൂല ഭരണകക്ഷിയായ ലോ ആന്‍ഡ് ജെസ്റ്റിസ് പാര്‍ട്ടിയുടെ പിന്തുണ ലഭിച്ചതിനെ തുടര്‍ന്നു പിന്നീട് ഇത് നിയമമാക്കുകയായിരിന്നു.
പെട്രോള്‍ സ്റ്റേഷന്‍, ഫാര്‍മസികള്‍, എയര്‍പോര്‍ട്ടിലേയും, റെയില്‍വേ സ്റ്റെഷനുകളിലേയും കടകള്‍ തുടങ്ങിയവയെ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന്‍ 1990കളില്‍ സ്വതന്ത്ര കച്ചവട നിയമങ്ങള്‍ പോളണ്ടില്‍ നിലവില്‍ വന്നതിനുശേഷം ഇതാദ്യമായാണ് രാജ്യത്തെ കട കമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നത്. മൂന്ന്‍ ഘട്ടമായിട്ടാണ് ഈ നിയമം പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരുത്തുക. ഈ വര്‍ഷം മാസത്തില്‍ രണ്ട് ഞായറാഴ്ചകളും, 2019-ല്‍ മാസത്തിലെ മൂന്ന് ഞായറാഴ്ചകളും, 2020 തോടെ മുഴുവന്‍ ഞായറാഴ്ചകളും തൊഴില്‍ രഹിതമാക്കുവാനാണ് പദ്ധതി.
ക്രിസ്തുമസിനും, ഈസ്റ്ററിനും മുന്‍പുള്ള ഏഴോളം ഞായറാഴ്ചകള്‍ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ ദിനങ്ങളില്‍ തൊഴില്‍ ചെയ്ത് ക്ഷീണിച്ച തൊഴിലാളികള്‍ക്ക് ഇതൊരു അനുഗ്രഹമായി മാറുമെന്നാണ് നിയമത്തെ അനുകൂലിക്കുന്നവരുടെ അഭിപ്രായം. പോളണ്ടിലെ ജനസംഖ്യയുടെ 90 ശതമാനവും കത്തോലിക്കരാണ്. നിയമത്തെ സ്വാഗതം ചെയ്തുകൊണ്ട് കത്തോലിക്ക സഭ നേരത്തെ രംഗത്തെത്തിയിരിന്നു. പുതിയ നിയമത്തോടെ വിശ്വാസം നഷ്ട്ടപ്പെട്ട യൂറോപ്പിലെ മറ്റുള്ള നാമമാത്ര കത്തോലിക്കാ രാജ്യങ്ങള്‍ക്ക് മുന്നില്‍ പോളണ്ട് മാതൃകയായി മാറിയിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനെ വീണ്ടും ക്രിസ്തീയവത്കരിക്കുകയെന്നതാണ് തന്റെ സ്വപ്നമെന്ന് പോളണ്ടിന്റെ പ്രധാനമന്ത്രിയായ മാറ്റ്യൂസ് മോറാവീക്കി നേരത്തെ വെളിപ്പെടുത്തിയിരിന്നു.