News - 2025
ദരിദ്രരില്‍ യേശുവിനെ കണ്ടെത്തിയ 'മാമാ മാഗ്ഗി'ക്കു ഉന്നത അവാര്‍ഡ്
സ്വന്തം ലേഖകന്‍ 15-03-2018 - Thursday
കാലിഫോര്‍ണിയ: ചേരികളിലെ കുട്ടികള്‍ക്കായും മതപീഡനത്തിനിരയാകുന്ന കോപ്റ്റിക് ക്രൈസ്തവര്‍ക്കായും നടത്തിവരുന്ന പ്രവര്‍ത്തനങ്ങളിലൂടെ ആഗോള ശ്രദ്ധ നേടിയ “മാമാ മാഗ്ഗി” എന്ന മാഗ്ഗി ഗോബ്രാന്, ചാള്‍സ് ഡബ്ല്യു. കോള്‍സണ്‍ കറേജ് ആന്‍ഡ് കണ്‍വിക്ഷന്‍’ പുരസ്കാരം. കാലിഫോര്‍ണിയയിലെ ബയോള സര്‍വ്വകലാശാലയാണ് ഉന്നതമായ ഈ പുരസ്കാരം നല്‍കിയത്. 89-മത് മിഷന്‍ വാര്‍ഷിക കോണ്‍ഫറന്‍സ് ദിനമായ ബുധനാഴ്ചയായിരുന്നു പുരസ്കാരദാനം. കെയ്റോയിലെ അമേരിക്കന്‍ സര്‍വ്വകലാശാലയിലെ പ്രൊഫസ്സറുദ്യോഗവും, നല്ല നിലയിലെ നടന്നുവന്നിരുന്ന കച്ചവടവും വേണ്ടെന്ന്‍ വച്ചാണ് ആലംബഹീനര്‍ക്ക് ഇടയില്‍ യേശുവിന്റെ കരുണയുടെ സന്ദേശം എത്തിക്കുവാന്‍ അവര്‍ പുറപ്പെട്ടത്.
തീവ്രമായ ഇസ്ളാമിക ആശയങ്ങളുള്ള ഈജിപ്തില്‍ സധൈര്യം യേശുവിന്റെ സ്നേഹം പ്രഘോഷിച്ച അവര്‍ 1989-ല്‍ പാവപ്പെട്ട കുട്ടികള്‍ക്കായി 'സ്റ്റീഫന്‍സ് ചില്‍ഡ്രന്‍' എന്ന സ്ഥാപനം ആരംഭിച്ചു. ഈ സന്നദ്ധസ്ഥാപനം വഴിയായി നിരവധി കുഞ്ഞുങ്ങള്‍ക്ക് നിര്‍മ്മാണത്തിലും കച്ചവടത്തിലും പരിശീലനം നല്കി. യേശുവിന്റെ വചനം പങ്കുവെച്ചുകൊണ്ടായിരിന്നു ഓരോ ശുശ്രൂഷയും നടന്നത്. ഇന്ന് സ്റ്റീഫന്‍സ് മിനിസ്ട്രിക്ക് 500-ഓളം ശുശ്രൂഷകരും, സ്വഭവനത്തില്‍ നിന്ന് ശുശ്രൂഷ ചെയ്യുന്ന 2,000 അംഗങ്ങളും ഉണ്ട്. നിര്‍ധനര്‍ക്ക് ആഹാരം നല്‍കിയും അവര്‍ക്ക് ജീവിതമാര്‍ഗ്ഗം ഒരുക്കിയുമാണ് ഇവര്‍ തങ്ങളുടെ ജീവിതം ആലംബഹീനര്‍ക്ക് ഇടയില്‍ സമര്‍പ്പിക്കുന്നത്.
ദാരിദ്ര്യത്തില്‍ നിന്നും വന്ന് ദരിദ്രരെ സഹായിക്കുവാന്‍ ജീവിതം വൃതമെടുത്ത മദര്‍ തെരേസയുടെ മറ്റൊരു മാതൃകയായ മാമാ മാഗ്ഗി, സമ്പന്നതയില്‍ നിന്നും പാവപ്പെട്ട കുട്ടികളെ സഹായിക്കുവാന്‍ ജീവിതം മാറ്റിവെച്ച വ്യക്തി എന്ന നിലയിലാണ് ശ്രദ്ധ നേടുന്നത്. അപകടകരവും, വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യങ്ങളില്‍ പോലും ബൈബിള്‍പരമായ സത്യങ്ങള്‍ക്ക് വേണ്ടി ധീരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് നല്‍കി വരുന്ന 'കോള്‍സണ്‍ പുരസ്കാരം' 2014-ലാണ് നിലവില്‍ വരുന്നത്. പതിനായിരകണക്കിന് പാവപ്പെട്ട കുട്ടികളേയും അവരുടെ കുടുംബത്തേയും പരിപാലിക്കുന്നതില്‍ ഗോബ്രാന്‍ കാണിച്ച ധൈര്യത്തെയാണ് തങ്ങള്‍ ആദരിക്കുന്നതെന്ന് ബയോള സര്‍വ്വകലാശാലയുടെ പ്രസിഡന്റായ ബാരി. എച്ച്. കോറി പറഞ്ഞു.