News - 2025

പ്രാര്‍ത്ഥനയ്ക്കു ക്ഷമയും സ്ഥിരതയും ആവശ്യം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 16-03-2018 - Friday

വത്തിക്കാന്‍ സിറ്റി: ഒരാള്‍ക്കുവേണ്ടിയുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയുടെ സവിശേഷ ഗുണമായിരിക്കണം ക്ഷമയെന്നും പ്രാര്‍ത്ഥനയ്ക്ക് സ്ഥിരതയും ക്ഷമയും ആവശ്യമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി മദ്ധ്യേ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ദൈവമക്കളുടെ സ്വാതന്ത്ര്യത്തില്‍ വിശ്വാസികള്‍ ക്ഷമയോടും ധൈര്യത്തോടുംകൂടെ പ്രാര്‍ത്ഥിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. വിശ്വാസരാഹിത്യം കണ്ട് ദൈവം മോശയ്ക്കു നല്കിയ പ്രബോധനം വിവരിക്കുന്ന പുറപ്പാടു വചനഭാഗത്തെ ആധാരമാക്കിയാണ് പാപ്പ തന്റെ സന്ദേശം പങ്കുവെച്ചത്.

ക്ഷമയോടെ ദൈവതിരുമുന്പില്‍ വാദിക്കാനും സംവദിക്കാനുമുള്ള പ്രശാന്തതയും ധൈര്യവും ദൈവത്തിന് പ്രീതിപാത്രമായ മോശയുടെ സ്വഭാവ സവിശേഷതയാണ്. ഒരാള്‍ക്കുവേണ്ടിയുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയുടെ സവിശേഷ ഗുണമായിരിക്കണം ഈ ക്ഷമ. പ്രാര്‍ത്ഥനയ്ക്ക് സ്ഥിരതയും ക്ഷമയും ആവശ്യമാണ്. സ്വര്‍ഗ്ഗസ്ഥനായ പിതാവേ, നന്മനിറഞ്ഞ മറിയമേ - ഒരു ചെറിയ പ്രാര്‍ത്ഥന ചൊല്ലി അവസാനിപ്പിക്കുന്നതല്ല മദ്ധ്യസ്ഥപ്രാര്‍ത്ഥന. നാം പ്രാര്‍ത്ഥിക്കുന്നെങ്കില്‍ അത് ക്ഷമയോടെ തുടരേണ്ടതാണ്!

മദ്ധ്യസ്ഥ പ്രാര്‍ത്ഥനയക്ക് ധൈര്യവും ക്ഷമയും ആവശ്യമാണ്. യാചന കേള്‍ക്കാന്‍ നാം നിരന്തരമായി പ്രാര്‍ത്ഥിക്കുന്നു. അവിടുത്തെ ഹൃദയകവാടത്തില്‍ നാം മുട്ടിക്കൊണ്ടിരിക്കുന്നു. അതായത് യഥാര്‍ത്ഥ മദ്ധ്യസ്ഥന്‍റെ ജീവിതം ത്യാഗപൂര്‍ണ്ണവും നിലയ്ക്കാത്തതുമായ തപശ്ചര്യയാണ്. ഇങ്ങനെയൊരു ജീവിത സമര്‍പ്പണത്തിന് ദൈവം നമുക്ക് കൃപ നല്കട്ടെ! ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെ അവിടുത്തെ തിരുസന്നിധിയില്‍ എന്നും ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കാനും, മാദ്ധ്യസ്ഥം യാചിക്കാനും ദൈവം നമ്മെ സഹായിക്കട്ടെ എന്ന പ്രത്യാശ പങ്കുവെച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

More Archives >>

Page 1 of 297