News - 2025
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വിശുദ്ധ പദവിയിലേക്ക്
സ്വന്തം ലേഖകന്‍ 23-03-2018 - Friday
വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ അദ്ഭുത രോഗശാന്തി ലഭിച്ചതിനുള്ള വൈദ്യശാസ്ത്ര റിപ്പോര്‍ട്ടുകള്‍ വത്തിക്കാനിലെ ഏഴു ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചു. ഇന്നലെയാണ് വത്തിക്കാനില്‍ നടന്ന മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ അത്ഭുത സൗഖ്യത്തെ സമിതി അംഗീകരിച്ചത്. ഇതോടെ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങളുടെ സുപ്രധാനമായ ഘട്ടം പൂര്‍ത്തിയായി. തൃശൂര്‍ അതിരൂപതയ്ക്കു കീഴിലുള്ള പെരിഞ്ചേരി ഇടവകയിലുള്ള ചൂണ്ടല്‍ വീട്ടില്‍ ജോഷിയുടെയും ഷിബിയുടെയും മകനായ ക്രിസ്റ്റഫറിനുണ്ടായ 'അക്യൂട്ട് റെസ്പിരേറ്ററി ഫെയ്ലിയര്‍' എന്ന രോഗം വിശുദ്ധയുടെ മാധ്യസ്ഥതയില്‍ അത്ഭുതകരമായി സുഖപ്പെടുകയായിരിന്നു.
2009-ല്‍ അമല ആശുപത്രിയില്‍ പൂര്‍ണ വളര്‍ച്ചയെത്തുന്നതിനു മുന്‌പേ പ്രസവിച്ച കുഞ്ഞിന്റെ ഹൃദയവും ശ്വാസകോശവും ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ല. അതിനാല്‍ ജീവന്‍തന്നെ അപകടത്തിലാണെന്നു ഡോക്ടര്‍മാര്‍ വിധിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷ കൈവിടാതെ കുടുംബാംഗങ്ങള്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുകയായിരിന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ ഒന്പതിനാണ് അദ്ഭുത രോഗശാന്തിയുണ്ടായത്. മറിയം ത്രേസ്യായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിന്റെ ഒന്പതാം വാര്‍ഷികദിനത്തിലാണ് അദ്ഭുത രോഗശാന്തിയുണ്ടായതെന്നത് ശ്രദ്ധേയമാണ്.
ക്രിസ്റ്റഫറിന്റെ ജനന സമയത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകളും അദ്ഭുത രോഗശാന്തി നേടിയ ശേഷമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളുമാണ് വത്തിക്കാനിലെ മെഡിക്കല്‍ സംഘം സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയത്. അദ്ഭുത രോഗശാന്തി സംബന്ധിച്ച റിപ്പോര്‍ട്ട് വത്തിക്കാനിലെ ദൈവശാസ്ത്രജ്ഞരുടെ സമിതിയും കര്‍ദിനാള്‍മാരുടെ സമിതിയും പരിശോധിച്ചു അംഗീകാരം നല്‍കുന്നതോടെ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കും. നാമകരണ നടപടികള്‍ക്കു പോസ്റ്റുലേറ്ററായി ഫാ. ബെനഡിക്ട് വടക്കേക്കര ഒഎഫ്എം ക്യാപ്, വൈസ് പോസ്റ്റുലേറ്ററായി സിസ്റ്റര്‍ ഡോ. റോസ്മിന്‍ മാത്യു, ഹോളി ഫാമിലി സന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഉദയ സിഎച്ച്എഫ് എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്.
1999 ജൂണ്‍ 28ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ദൈവദാസിയായിരുന്ന മറിയം ത്രേസ്യയെ ധന്യയായി പ്രഖ്യാപിച്ചത്. ജന്മനാ മുടന്തനായ മാത്യു പെല്ലിശ്ശേരി എന്ന വ്യക്തിക്കുണ്ടായ അത്ഭുത രോഗശാന്തിയാണ് മറിയം ത്രേസ്യായെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള അത്ഭുതമായി സഭ പരിഗണിച്ചത്. ഇത് മറിയം ത്രേസ്യായുടെ മാദ്ധ്യസ്ഥതയാല്‍ സംഭവിച്ചതാണെന്ന്‍ വിശുദ്ധീകരണ നടപടികളുടെ ചുമതലയുള്ള സമിതി 2000 ജനുവരി 1ന് അംഗീകരിച്ചു. 2000 ഏപ്രില്‍ 9ന് ധന്യയായ മറിയം ത്രേസ്യയെ അന്നത്തെ മാര്‍പാപ്പയായിരിന്ന ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുകയായിരിന്നു. പിസ്സായിലെ സാന്‍ പിയെട്രോയില്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാനുള്ള ഭാഗ്യം രോഗ സൌഖ്യം ലഭിച്ച മാത്യു ഡി. പെല്ലിശ്ശേരിക്ക് ലഭിച്ചിരിന്നു.
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ പൂര്‍ണ്ണ ജീവചരിത്രം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക