News - 2024

ഉയിര്‍പ്പിന്റെ സന്ദേശം വ്യാപിപ്പിക്കുവാന്‍ ഓസ്ട്രേലിയന്‍ ബൈബിള്‍ സൊസൈറ്റി

സ്വന്തം ലേഖകന്‍ 23-03-2018 - Friday

സിഡ്നി: ഉയിര്‍പ്പു തിരുനാളുമായി ബന്ധപ്പെട്ട വിശുദ്ധ ലിഖിത ഭാഗങ്ങളും ഇതര സന്ദേശങ്ങളും നാനാമതസ്ഥരിലേക്ക് എത്തിക്കുവാന്‍ പദ്ധതിയുമായി ഓസ്ട്രേലിയന്‍ ബൈബിള്‍ സൊസൈറ്റി. ‘ഈസ്റ്റര്‍ ഹോളിടെക്സ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രചാരണപരിപാടി വഴി വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷ ഭാഗങ്ങളും കുരിശുമരണവും ഉത്ഥാനവുമായി ബന്ധപ്പെട്ട സംഭാഷണ ഭാഗങ്ങളും മറ്റ് ചില ശബ്ദശകലങ്ങളും എസ്.എം.എസ് സന്ദേശങ്ങളായും, ഫേസ്ബുക്ക് മെസ്സഞ്ചറിലൂടെയും എല്ലാവരിലേക്കും എത്തിക്കുവാനാണ് പദ്ധതി. കഴിഞ്ഞ വര്‍ഷം നടത്തിയ ഈ പരിപാടി വന്‍വിജയമായിരിന്നു.

യേശുവിന്റെ കുരിശു മരണവും ഉത്ഥാനവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചവര്‍ സംഭവങ്ങള്‍ നേരിട്ട് വിവരിക്കുന്ന രീതിയിലുള്ള ചെറിയ സന്ദേശങ്ങള്‍ ഈ ഈസ്റ്റര്‍ പ്രത്യേകതയുള്ളതാക്കി മാറ്റുമെന്നാണ് ബൈബിള്‍ സൊസൈറ്റിയുടെ വെബ്സൈറ്റില്‍ പറയുന്നു. കേവലം സന്ദേശം എന്നതിലുപരി ക്രിസ്തുവിന്റെ അസ്ഥിത്വത്തെ എല്ലാ മതസ്ഥരിലേക്കും അറിയിക്കുവാനുള്ള ഒരു മാര്‍ഗ്ഗമായി കൂടിയായാണ് ‘ഈസ്റ്റര്‍ ഹോളിടെക്സ്റ്റ്’ പരിപാടിയെ സംഘാടകര്‍ നോക്കിക്കാണുന്നത്. കഴിഞ്ഞവര്‍ഷത്തെ ഈസ്റ്റര്‍ ഹോളിടെക്സ്റ്റില്‍ 4,000 ത്തോളം പേര്‍ പങ്കെടുത്തിരുന്നു.

ഇതില്‍ ഭൂരിഭാഗം പേരും പുതുതലമുറയില്‍പ്പെട്ടവരായിരുന്നുവെന്ന വസ്തുത സംഘാടകര്‍ക്ക് പ്രചോദനമേകുന്നുണ്ട്. തങ്ങള്‍ പ്രതീക്ഷിച്ചതിലുമധികം ആളുകള്‍ കഴിഞ്ഞ വര്‍ഷം പങ്കെടുത്തുവെന്നും അതിലും കൂടുതല്‍ പേര്‍ ഈ വര്‍ഷം പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി‌എസ്‌എയുടെ മുഖ്യ ഓപ്പറേറ്റിംഗ് ഒഫീസറായ മെലീസാ ലിപ്സെറ്റ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം പങ്കെടുത്തവര്‍ തങ്ങള്‍ക്ക് ലഭിച്ച സന്ദേശങ്ങള്‍ നിരവധി അക്രൈസ്തവരായ സുഹൃത്തുക്കളുമായി പങ്കുവെച്ചെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോക ജനതയെ ബൈബിളുമായി ബന്ധപ്പെടുത്തുകയാണ് ‘ബൈബിള്‍ സൊസൈറ്റി ഓസ്ട്രേലിയ’യുടെ പ്രധാനലക്ഷ്യം. എല്ലാവരിലേക്കും ബൈബിള്‍ എത്തിക്കുക, ബൈബിള്‍ തര്‍ജ്ജമകള്‍ തയ്യാറാക്കുക, ബൈബിള്‍ വ്യാഖ്യാനങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയവയും ഇവരുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്നു. അമേരിക്ക, യുകെ, സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ബൈബിള്‍ സൊസൈറ്റികളും തങ്ങളുടെ ഈ പ്രചാരണ പരിപാടിയില്‍ താല്‍പ്പര്യം കാണിച്ചിട്ടുണ്ടെന്ന് മെലീസാ ലിപ്സെറ്റ് പറഞ്ഞു.

More Archives >>

Page 1 of 300