News - 2025
കുമ്പസാരം ഡ്രൈ ക്ലീനിംങ്ങാണെന്നു കരുതരുത്: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 23-03-2018 - Friday
വത്തിക്കാന്‍ സിറ്റി: കുമ്പസാരമെന്ന കൂദാശയെ നാം സമീപിക്കുമ്പോള്‍ അത് വസ്ത്രത്തിലെ അഴുക്കു മാറ്റാന്‍ ഡ്രൈക്ലീനിങ്ങിനു കൊടുക്കുന്നതുപോലെയാണെന്നു കരുതരുതെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സാന്താ മാര്‍ത്ത ചാപ്പലില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. വിശ്വസ്തതയില്‍നിന്നും വളരുന്ന അനുരഞ്ജനവും മാനസാന്തരവുമാണ് കുമ്പസാരമെന്നും പ്രയാസമൊന്നുമില്ലാതെ കുമ്പസാരത്തില്‍ നമ്മുടെ അഴുക്കുകള്‍ മാറ്റിയെടുക്കാമെന്നു ചിന്തിക്കരുതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
നമ്മുടെ തിരിച്ചുവരവിനായി ക്ഷമയോടെ കാത്തിരിക്കുന്ന വിശ്വസ്തനായ പിതാവായ ദൈവത്തിന്‍റെ ആശ്ലേഷം സ്വീകരിക്കുന്ന അനുതാപത്തിന്‍റെയും മാനസാന്തരത്തിന്‍റെയും വേദിയാണ് കുമ്പസാരം. പൂവ്വപിതാവായ അബ്രാഹത്തിനേപോലെ നാം ദൈവത്തില്‍ പ്രത്യാശ അര്‍പ്പിക്കണം. അല്ലെങ്കില്‍ പ്രത്യാശയ്ക്ക് അനുസൃതമായിരിക്കും നമ്മുടെ ആനന്ദം. നമുക്ക് അറിയാം, ദൈവത്തോട് നാം വിശ്വസ്തരല്ലായെന്ന്. എന്നാല്‍ ദൈവം നമ്മോട് സദാ വിശ്വസ്തനാണ്! ദൈവം നമ്മെ നിരസിക്കുന്നില്ല. ഇത് ദൈവത്തിന്‍റെ പതറാത്ത വിശ്വസ്തതയാണ്! നമ്മെ സ്നേഹിക്കുകയും നമ്മോടു വിശ്വസ്തനായിരിക്കുകയും ചെയ്യുന്ന ക്രിസ്തു നമ്മെ അറിയുന്നു.
അവിടുന്നു നമ്മെ അനാഥരായി വിടുകയില്ല. അവിടുന്ന് നമ്മെ കൈപിടിച്ചു നയിക്കും. ദൈവം അബ്രാഹത്തോടു ചെയ്ത ഉടമ്പടി ഇന്നും ജനമദ്ധ്യത്തില്‍ തുടരുകയും ചരിത്രത്തില്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്യുന്നു. അചഞ്ചലമായ ദൈവസ്നേഹം നമുക്ക് അനുഭവവേദ്യമാകുന്ന ഇടമാണ് ഈ ഭൂമിയിലെ ഒരച്ഛന്‍റെയും അമ്മയുടെയും സ്നേഹം. അവിടുന്നു നമ്മെ മറക്കുന്നില്ല, ഒരിക്കലും മറക്കുന്നില്ല. കാരണം ദൈവം തന്‍റെ ഉടമ്പടികളോട് വിശ്വസ്തനാണ്. തെറ്റുചെയ്താല്‍ അച്ഛനും അമ്മയും മക്കളോടു എപ്പോഴും ക്ഷമിക്കുന്നതു പോലെ ദൈവവും നമ്മോടു ക്ഷമിക്കുന്നുവെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.