News - 2025

മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ പ്രതിസന്ധിയിൽ രാജ്യങ്ങൾക്കു നിസംഗത: റഷ്യൻ മെത്രാപ്പോലീത്ത

സ്വന്തം ലേഖകന്‍ 23-03-2018 - Friday

മോസ്കോ: മധ്യപൂര്‍വ്വേഷ്യയില്‍ കാര്യമായ രാഷ്ട്രീയ സ്വാധീനം ചെലുത്തുന്ന പാശ്ചാത്യ രാഷ്ട്രങ്ങള്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളില്‍ നിസ്സംഗത പാലിക്കുന്നത് വേദനാജനകമാണെന്ന് മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് സമിതി ചെയര്‍മാന്‍ ഹിലാരിയോണ്‍ ആല്‍ഫയേവ് മെത്രാപ്പോലീത്ത. 'സഭയും ലോകവും' എന്ന റോസ്സിയ - 24 ചാനലിന്റെ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ആശങ്ക പങ്കുവെച്ചത്. ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങൾ മൂലം ആയിരകണക്കിന് ക്രൈസ്തവരാണ് സ്വന്തം രാജ്യത്ത് നിന്നും കുടിയിറക്കപ്പെട്ടതെന്നും മധ്യപൂര്‍വ്വേഷ്യന്‍ രാഷ്ട്രങ്ങളിൽ ക്രൈസ്തവർ ശക്തമായ വിവേചനം നേരിടുന്നതായും അദ്ദേഹം വ്യക്തമാക്കി.

ലിബിയയില്‍ ക്രൈസ്തവര്‍ ആരുമില്ല. ഇറാഖില്‍ നിന്നും വന്‍തോതില്‍ ആളുകള്‍ പലായനം ചെയ്തു. ഏറെ ദുഃഖമുളവാക്കുന്ന ഇത്തരം വസ്തുതകള്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ക്രൈസ്തവരോടുള്ള നിസംഗതയാണ് വെളിവാക്കുന്നത്. മധ്യപൂര്‍വ്വേഷ്യയില്‍ ശക്തമായ രാഷ്ട്രീയ സ്വാധീനം ചെലുത്തുന്നവരാണ് പാശ്ചാത്യ രാജ്യങ്ങള്‍. വടക്കൻ ആഫ്രിക്കയിലും ക്രൈസ്തവര്‍ ശക്തമായ വിവേചനവും പീഡനവും നേരിടുന്നു. ഇത് ക്രൈസ്തവര്‍ നേരിടുന്ന അരക്ഷിതാവസ്ഥയാണ് ചൂണ്ടികാണിക്കുന്നത്. ക്രൈസ്തവ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞ ലെബനോനിലെയും ഈജിപ്തിലെയും ക്രൈസ്തവർ ആശങ്കയിലാണെന്നും മെട്രോപ്പോളീറ്റന്‍ ഹിലാരിയോണ്‍ കൂട്ടിച്ചേർത്തു.

ആഗോള തലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തെയും യൂറോപ്പിന്റെ വിശ്വാസബലക്ഷയത്തെ പറ്റിയും നിരവധി തവണ പ്രസ്താവന നടത്തിയ സഭാദ്ധ്യക്ഷനാണ് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ ഹിലാരിയോണ്‍ ആല്‍ഫയേവ് മെത്രാപ്പോലീത്ത. ക്രിസ്ത്യന്‍ യൂറോപ്പ് ഇല്ലാതാകുന്നത് തടയുവാന്‍ വിവിധ സഭകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്നും യൂറോപ്പിലെ ക്രിസ്ത്യാനികള്‍ നൂറ്റാണ്ടുകളായി തങ്ങള്‍ പിന്തുടര്‍ന്നു വന്ന ക്രിസ്തീയ മൂല്യങ്ങളേയും, പാരമ്പര്യത്തേയും സംരക്ഷിക്കണമെന്നും അദ്ദേഹം കഴിഞ്ഞ വര്‍ഷം ആഹ്വാനം ചെയ്തിരിന്നു.

More Archives >>

Page 1 of 300