News - 2025
"അവരുടെ ജീവന്‍ രക്ഷിച്ചത് മാതാവിന്റെ ഇടപെടല്‍ മൂലം": സാക്ഷ്യവുമായി അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥന്‍
സ്വന്തം ലേഖകന്‍ 21-04-2018 - Saturday
വാഷിംഗ്ടണ്‍: ദൈവീക ഇടപെടലുകള്‍ സംഭവിക്കുന്നത് നാടകീയമായിട്ടല്ലെന്നതിന്റെ ഉദാഹരണമാണ് അമേരിക്കയില്‍ പോലീസായി സേവനം ചെയ്യുന്ന ഫിലിപ്പീന്‍സ് സ്വദേശിയായ ഫ്രഡറിക്ക് യാപിന്റെ ജീവിതസാക്ഷ്യം. മൂന്നു സ്ത്രീകളുടെ വിലപ്പെട്ട ജീവനുകളാണ് യാപ് രക്ഷപ്പെടുത്തിയത്. ഈ സംഭവങ്ങളെ യാദൃശ്ചികമെന്നു തള്ളികളയുവാന്‍ യാപ് തയാറല്ല. ഇതില്‍ ഓരോന്നിലും പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യേകമായ ഇടപെടല്‍ ഉണ്ടായിരിന്നുവെന്നാണ് യാപ് സാക്ഷ്യപ്പെടുത്തുന്നത്. 1987-ല്‍ ആണ് യാപ് അമേരിക്കയിലേക്ക് കുടിയേറിയത്. പിന്നീട് പോലീസ് ഉദ്യോഗത്തിലേക്ക് പ്രവേശിക്കുകയായിരിന്നു. തന്റെ പോലീസ് സേവനത്തിനിടെ 2011-ലാണ് ആദ്യസംഭവം നടക്കുന്നത്.
പോട്ടോമാക്ക് നദിയിലേക്ക് കാറോടിച്ചിറങ്ങി ആത്മഹത്യ ചെയ്യുവാന്‍ ശ്രമിച്ച ഒരു സ്ത്രീയുടെ ജീവനാണ് യാപും അദ്ദേഹത്തിന്റെ ഒരു സഹപ്രവര്‍ത്തകനും കൂടി രക്ഷപ്പെടുത്തിയത്. വെള്ളത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ യാതൊരു പരിചയവുമില്ലാതിരുന്ന ഒരാളായിരിന്നു താനെന്ന്‍ യാപ് പറയുന്നു. എന്നാല്‍ അത്ഭുതകരമായി ആ സ്ത്രീയുടെ ജീവന്‍ രക്ഷിക്കുവാന്‍ യാപിന് കഴിഞ്ഞു. 2015-ലാണ് രണ്ടാമത്തെ സംഭവം നടക്കുന്നത്. ഭര്‍ത്താവിനാല്‍ വെടിയേറ്റ ഒരു സ്ത്രീ. അവരുടെ അവസ്ഥ ഗുരുതരമായിരിന്നു. വെടിയേറ്റ സ്ത്രീയെ യാപും സഹപ്രവര്‍ത്തകരും സുരക്ഷിതമായി വീടിനു പുറത്തെത്തിച്ചു. ശക്തമായ ആഘാതത്തില്‍ മരണം ഉറപ്പിച്ച സമയം. കനത്ത രക്തസ്രാവമുണ്ടായെങ്കിലും ആ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു.
2016-ലുണ്ടായ മൂന്നാമത്തെ സംഭവത്തില്‍ കാറിനുള്ളില്‍ കുടുങ്ങിപോയ ഒരു സ്ത്രീയുടെ ജീവനാണ് യാപ് രക്ഷിച്ചത്. അപായ സന്ദേശം ലഭിച്ച ഉടന്‍ തന്നെ യാപും സഹപ്രവര്‍ത്തകരും ആ സ്ത്രീയുടെ വീട്ടിലെത്തി. ഗ്യാരേജിനകത്ത് കാറില്‍ പുക ശ്വസിച്ച് അബോധാവസ്ഥയിലായ സ്ത്രീയെയും അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്. ഈ മൂന്നു സംഭവങ്ങളെ യാദൃശ്ചികം എന്നു വിശേഷിപ്പിക്കുവാന്‍ യാപ് തയാറല്ല. നേരത്തെ പരിശുദ്ധ കന്യകാമാതാവിന്റെ ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന മൂന്ന്‍ പ്രതിമകള്‍ യാപ് പെയിന്റ് ചെയ്ത് മനോഹരമാക്കിയിരുന്നു. ഈ മൂന്ന്‍ സ്ത്രീകളുടെ ജീവന്‍ തനിക്ക് രക്ഷിക്കാന്‍ കഴിഞ്ഞതിനെ ഇതുമായി യാപ് ബന്ധപ്പെടുത്തുന്നു.
"ഈ മൂന്നു സംഭവങ്ങളും യാദൃശ്ചികമല്ല. പരിശുദ്ധ കന്യകാ മറിയം തന്നിലൂടെ നടത്തിയ അത്ഭുതകരമായ ഇടപെടലുകളാണ് ഈ മൂന്ന്‍ വ്യത്യസ്ഥ സംഭവങ്ങളുടേയും പിന്നില്‍". ജോലിക്ക് മുന്‍പായി താന്‍ നിത്യവും പ്രാര്‍ത്ഥിക്കാറുള്ള പരിശുദ്ധ കന്യകാമാതാവാണ് തന്നെ ഈ സംഭവസ്ഥലങ്ങളില്‍ എത്തിച്ചതെന്നും ജപമാലയില്‍ വലിയ വിശ്വാസമില്ലാതിരുന്ന താന്‍ ഇപ്പോള്‍ ജപമാലയുടെ ഒരു വലിയ ആരാധകനായി മാറിയെന്നുമാണ് വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ യാപ് പറയുന്നത്. തന്റെ മരിയ ഭക്തി പ്രഘോഷിച്ചുകൊണ്ട് വിര്‍ജീനിയായിലെ ഫെയര്‍ഫാക്സ് കൗണ്ടി പോലീസില്‍ സേവനം ചെയ്യുകയാണ് യാപ് ഇപ്പോള്‍.