News - 2025

166 ദേവാലയങ്ങള്‍ക്ക് കൂടി ഈജിപ്ത് സര്‍ക്കാറിന്റെ അംഗീകാരം

സ്വന്തം ലേഖകന്‍ 21-04-2018 - Saturday

കെയ്റോ: സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന നൂറ്റിഅറുപത്തിയാറോളം ക്രൈസ്തവ ദേവാലയങ്ങള്‍ക്കു കൂടി ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇക്കഴിഞ്ഞ തിങ്കളാഴ്ച കൂടിയ മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഈജിപ്തിലെ വിവിധ പ്രവിശ്യകളിലുള്ള 166 ദേവാലയങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും 4 മാസങ്ങള്‍ക്കുള്ളില്‍ ആവശ്യമായ വ്യവസ്ഥകള്‍ പാലിക്കുകയാണെങ്കില്‍ നിയമപരമായ അംഗീകാരം ലഭിക്കുന്നതായിരിക്കുമെന്ന്‍ മന്ത്രിസഭ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ ആരാധനാലയങ്ങള്‍ക്ക് നിയമപരമായി അംഗീകാരം നല്‍കണമെന്ന വിവിധ ക്രിസ്ത്യന്‍ സഭകളുടെ ആവശ്യത്തെ തുടര്‍ന്ന്‍ ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതിനായി 2016-ല്‍ ഒരു നിയമം പാസ്സാക്കുകയും ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരിന്നു. ഈ കമ്മിറ്റി മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദ്ദേശത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. 102 ദേവാലയങ്ങള്‍ക്കും, 64 പ്രാര്‍ത്ഥനാലയങ്ങള്‍ക്കുമായിരിക്കും നിയമപരമായ അംഗീകാരം ലഭിക്കുക.

ഈജിപ്തിന്റെ ഹൗസിംഗ് മിനിസ്റ്ററായ മൊസ്തഫ മാഡ്ബൗലിയാണ് ദേവാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടികള്‍ വേഗത്തിലാക്കിയത്. നേരത്തെ ദേവാലയങ്ങളുടെ നിയമപരമായ അംഗീകാരത്തിനായി 3,730 അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. ഇതില്‍ 2,500 എണ്ണം കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രൈസ്തവരുടേതാണ്. 150 വര്‍ഷം പഴക്കമുള്ള അപേക്ഷകളും ഇതില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏതാണ്ട് 1.5 കോടിയോളം ക്രൈസ്തവര്‍ ഈജിപ്തിലുണ്ട്.

2011-ലെ കണക്കനുസരിച്ച് 1,08,000-ത്തോളം മുസ്ലീം പള്ളികളുടെ സ്ഥാനത്ത് 2900 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ മാത്രമേ ഈജിപ്തില്‍ നിലനില്‍ക്കുന്നത്. വീണ്ടും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട അബ്ദേല്‍-ഫത്താ അല്‍-സിസി ക്രൈസ്തവ സമൂഹത്തിന്റെ മതസ്വാതന്ത്ര്യത്തെ ശക്തമായി തന്നെ പിന്തുണക്കുന്നുണ്ട്. മതസ്വാതന്ത്ര്യവും, ക്രിസ്ത്യന്‍ സംരക്ഷണവും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ വിഷയങ്ങള്‍ ആയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ 53 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമസാധുത നല്‍കിയിരിന്നു. ദേവാലയങ്ങള്‍ക്ക് അനുമതി നല്കികൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ഇസ്ലാമിക തീവ്രവാദികളുടെ കടുത്ത ആക്രമണങ്ങള്‍ക്ക് വിധേയരായി കൊണ്ടിരിക്കുന്ന ഈജിപ്ഷ്യന്‍ ക്രിസ്ത്യാനികള്‍ക്ക് വലിയ ആശ്വാസമായി തീരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

More Archives >>

Page 1 of 310