News - 2025

വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഇരുനൂറു വര്‍ഷം ആചരിക്കുവാന്‍ ദക്ഷിണാഫ്രിക്കന്‍ സഭ

സ്വന്തം ലേഖകന്‍ 21-04-2018 - Saturday

ജൊഹന്നാസ്ബര്‍ഗ്: വര്‍ണ്ണവിവേചനത്തിനെതിരെയും സമൂഹത്തിലെ അസമത്വത്തിനെതിരെയും ധീരമായി ശബ്ദമുയര്‍ത്തിയ ദക്ഷിണാഫ്രിക്കന്‍ കത്തോലിക്ക സഭ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഇരുനൂറാം വാര്‍ഷികം ആചരിക്കുവാന്‍ ഒരുങ്ങുന്നു. നാല്‍പ്പതുലക്ഷത്തോളം വരുന്ന കത്തോലിക്ക സമൂഹമാണ് മതസ്വാതന്ത്ര്യം ലഭിച്ചതിന്റെ 200-മത്തെ വാര്‍ഷികം ജൂണ്‍ മാസത്തില്‍ ആഘോഷിക്കുവാന്‍ തയാറെടുക്കുന്നത്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകള്‍ക്കിടയില്‍ ദക്ഷിണാഫ്രിക്കയിലെ കത്തോലിക്കാ സഭ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ആഘോഷമായിരിക്കും വാര്‍ഷികാഘോഷത്തില്‍ നടക്കുകയെന്ന് ഡൂണ്‍ഫോണ്ടെയിനിലെ ക്രൈസ്റ്റ് ദി കിംഗ് കത്തീഡ്രലില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ ജോഹാനസ്ബര്‍ഗ് രൂപതയുടെ മെത്രാപ്പോലീത്തയായ ബുട്ടി തഗാലെ പറഞ്ഞു.

1804-ല്‍ ജേക്കബ് എബ്രഹാം മിസ്റ്റ് കേപ് കോളനിയിലെ കമ്മീഷണര്‍ ജനറലായിരിക്കെയാണ് ദക്ഷിണാഫ്രിക്കയില്‍ കത്തോലിക്കാ സഭ ആരംഭിക്കുന്നത്. 1818-ല്‍ പിയൂസ് ഏഴാമന്‍ പാപ്പ കേപ് ഓഫ് ഗുഡ് ഹോപ്പിനും സമീപ പ്രദേശങ്ങള്‍ക്കുമായി അപ്പസ്തോലിക വികാരിയേറ്റ് സ്ഥാപിച്ചു. കാലക്രമേണ മൗറീഷ്യസ് ദ്വീപ്‌, ന്യൂ ഹോളണ്ട് അടക്കം നിരവധി പ്രദേശങ്ങള്‍ ഈ വികാരിയേറ്റിനോട് ചേര്‍ക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയില്‍ കത്തോലിക്കാ സഭ സ്ഥാപിതമായത് മുതല്‍ വര്‍ണ്ണവിവേചനത്തിനെതിരെ ശക്തമായ പോരാട്ടമായിരുന്നു നടത്തിവന്നിരുന്നത്.

വെളുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടിയുള്ള നിലവിലെ നിയമങ്ങളെ തള്ളികളഞ്ഞു കറുത്തവര്‍ഗ്ഗക്കാര്‍ക്കും പ്രവേശനം നല്‍കുന്ന സ്കൂളുകളും, ആശുപത്രികളും സ്ഥാപിച്ചതെല്ലാം ഈ പോരാട്ടത്തിന്റെ ഭാഗമായിരുന്നു. ഇവ അടച്ചുപൂട്ടുവാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെയും കത്തോലിക്കാ സഭ ശക്തമായി ചെറുത്തു. ദക്ഷിണാഫ്രിക്കയില്‍ സ്ത്രീ-പുരുഷ സമത്വം നിലവില്‍ വരുത്തുന്നതിനും സഭ നിര്‍ണ്ണായക സ്വാധീനം ചെലുത്തി.‘മതം’ എന്ന വിഭാഗം സെന്‍സസില്‍ ഉള്‍പ്പെടുത്താത്തത് കൊണ്ട് എത്രത്തോളം കത്തോലിക്ക വിശ്വാസികള്‍ ദക്ഷിണാഫ്രിക്കയിലുണ്ടെന്ന് പറയുക എളുപ്പമല്ലെന്നു ആര്‍ച്ച് ബിഷപ്പ് ബുട്ടി തഗാലെ പറഞ്ഞു.

മൂല്യങ്ങളും, ധാര്‍മ്മികതയും മുറുകെ പിടിച്ചുകൊണ്ട് പരസ്പര സഹായ മനോഭാവവും, സഹിഷ്ണുതയുമടങ്ങിയ ജീവിതശൈലി സ്വീകരിക്കുവാന്‍ വിശ്വാസികളെ പ്രേരിപ്പിച്ചതാണ് ഇക്കഴിഞ്ഞ രണ്ട് നൂറ്റാണ്ട് നിലനില്‍ക്കുവാന്‍ സഭക്ക് സാധിച്ചതെന്നും ആര്‍ച്ച് ബിഷപ്പ് ബുട്ടി തഗാലെ സ്മരിച്ചു. ഇരുന്നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ദക്ഷിണാഫ്രിക്കയിലെ വിവിധ രൂപതകള്‍ വിവിധ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. മഗലിസ്ബെര്‍ഗില്‍ നിര്‍മ്മാണത്തിലിരിക്കുന്ന അയ്യായിരത്തോളം ആളുകളെ ഉള്‍കൊള്ളുവാന്‍ കഴിയുന്ന ദേവാലയത്തിലേക്ക് തീര്‍ത്ഥാടനം നടത്തുവാനാണ് ജോബര്‍ഗ് അതിരൂപത പദ്ധതിയിട്ടിരിക്കുന്നത്.

More Archives >>

Page 1 of 310