News - 2025
പ്രൊട്ടസ്റ്റന്റ് സമൂഹത്തിന് ദിവ്യകാരുണ്യം: ജര്‍മ്മന്‍ ബിഷപ്പുമാരെ തള്ളി കർദ്ദിനാൾ മുള്ളർ
സ്വന്തം ലേഖകന്‍ 21-04-2018 - Saturday
വത്തിക്കാന്‍ സിറ്റി: കത്തോലിക്ക വിശ്വാസികളുടെ പ്രൊട്ടസ്റ്റന്‍റുകാരായ ജീവിത പങ്കാളികള്‍ക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കണമെന്ന ജര്‍മ്മന്‍ മെത്രാന്‍ സമിതിയുടെ തീരുമാനത്തോടുള്ള എതിര്‍പ്പ് വീണ്ടും പ്രകടമാക്കിക്കൊണ്ട് വത്തിക്കാന്‍ വിശ്വാസ കാര്യാലയത്തിന്റെ മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍. മാമ്മോദീസ സ്വീകരിച്ച്, കത്തോലിക്ക സഭയെയും പത്രോസ് ശ്ലീഹായുടെ പിൻഗാമിയായ മാർപാപ്പയെയും അംഗീകരിക്കുന്നവർക്കേ വിശുദ്ധ കുര്‍ബാന സ്വീകരിക്കാൻ അനുവാദമെന്ന സഭയുടെ പ്രബോധനത്തെ ഉദ്ധരിച്ചാണ് ഇതു സംബന്ധിച്ച വിശദീകരണം കർദ്ദിനാൾ മുളളർ നല്കിയത്. ഇന്നലെ പ്രസിദ്ധീകരിച്ച 'ഫസ്റ്റ് തിങ്ങ്സ്' മാസികയിലെ ലേഖനത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
സഭയിൽ തന്നെ ദൈവശാസ്ത്രത്തെ രാഷ്ട്രീയവത്കരിക്കുന്ന ഒരു പ്രവണത നിലനിൽക്കുന്നു. അദൃശ്യമായ കൃപാവരത്തെ ദൃശ്യമാക്കുന്ന കൂദാശകളെ മാനുഷിക ഭാവനകളനുസരിച്ച് വിവരിക്കുന്നതു സഭയുടെ മൂല്യങ്ങൾക്ക് മങ്ങലേല്പിക്കുന്നതാണ്. കത്തോലിക്ക സഭയിൽ നിന്നും അകന്നവർ ദൈവവും സഭയുമായി അനുരഞ്ജിതരായതിന് ശേഷമേ ദിവ്യകാരുണ്യം സ്വീകരിക്കാവൂ. പ്രൊട്ടസ്റ്റന്റ് അംഗമെന്ന നിലയിൽ ദിവ്യകാരുണ്യം സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നവർ കത്തോലിക്ക വിശ്വാസത്തെ പൂർണ മനസാക്ഷിയോടെ ഏറ്റ് പറഞ്ഞ് സഭയുമായി അനുരഞ്ജിതരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വാസപരവും കൂദാശപരവുമായ കാര്യങ്ങളിൽ മെത്രാൻ സമിതിയുടെ തീരുമാനങ്ങൾ വിശ്വാസികളിൽ സംശയങ്ങൾക്ക് ഇടവരുത്തരുതെന്ന് എന്ന നിർദ്ദേശത്തോടെയാണ് കർദ്ദിനാൾ മുള്ളറുടെ ലേഖനം സമാപിക്കുന്നത്. 'അത്യാവശ്യവും ഒഴിവാക്കാനാവാത്തതുമായ ഘട്ടങ്ങളില്‍ കത്തോലിക്കരല്ലാത്തവര്‍ക്കും വിശുദ്ധ കുര്‍ബാന നല്‍കാം' എന്ന കാനോന്‍ നിയമം 844-ന്റെ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 22-നാണ് ജര്‍മ്മനിയിലെ മെത്രാന്‍ സമിതി ഈ അജപാലക മാര്‍ഗ്ഗരേഖക്ക് അംഗീകാരം നല്‍കിയത്. അതേസമയം മെത്രാന്‍ സമിതിയുടെ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് കർദ്ദിനാൾ മുള്ളറിനെ കൂടാതെ ആറ് ജർമ്മൻ ബിഷപ്പുമാരും രംഗത്തുണ്ട്.