News - 2025
മെക്സിക്കോയില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വൈദികന്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍ 23-04-2018 - Monday
മെക്‌സിക്കോ സിറ്റി: മെക്സിക്കോയില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വൈദികനും കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ മെക്‌സിക്കോയിലെ ജലിസ്‌കോ പ്രവിശ്യയിലെ ഗ്വാദലഹാറ അതിരൂപതയിലെ വൈദികനായ ഫാ. ഹുവാന്‍ മിഗ്വല്‍ ഗാര്‍സ്യയാണു കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വിശ്വാസികളെ കുമ്പസാരിപ്പിക്കുന്നതിനിടെയാണ് വൈദികന്‍ ആക്രമിക്കപ്പെട്ടത്.
ഒരാഴ്ചയ്ക്കുള്ളില്‍ മെക്‌സിക്കോയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ വൈദികനാണ് ഫാ. ഗാര്‍സ്യ. കഴിഞ്ഞ ബുധനാഴ്ച ഇസ്കാല്ലി രൂപതയിലെ ക്വഒഷിലാന്‍ 'ഔർ ലേഡി ഓഫ് കാർമെൻ' ഇടവക ദേവാലയ വികാരിയായിരുന്ന ഫാ. റൂബന്‍ അല്‍കാതാര ഡയസ് വൈകീട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പു കുത്തേറ്റാണ് മരിച്ചത്.
അടുത്ത ദിവസങ്ങളില്‍ നടന്ന രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടായിരിക്കാമെന്നും അധികാരികള്‍ എത്രയും വേഗം ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും മെക്‌സിക്കന്‍ ദേശീയ മെത്രാന്‍ സമിതി ആവശ്യപ്പെട്ടു.സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സംസ്‌കാരം കെട്ടിപ്പടുക്കണമെന്ന് കര്‍ദ്ദിനാള്‍ ഹൊസെ ഫ്രാന്‍സിസ് റോബ്‌ളസ് ഒര്‍ട്ടേഗ സമൂഹത്തോട് ആഹ്വാനം ചെയ്തു.
കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ മെക്സികോയിൽ മാത്രം അറുപതോളം വൈദികര്‍ വ്യക്തമായ കാരണങ്ങളില്ലാതെ വധിക്കപ്പെട്ടെന്നാണ് ചർച്ച് ഇൻ നീഡ് പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതുവരെ നാലു വൈദികരാണ് മെക്സിക്കോയില്‍ കൊല്ലപ്പെട്ടത്.