News - 2025

പതിവ് തെറ്റിച്ചില്ല; മകളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് വാൽബെര്‍ഗ് ദമ്പതികള്‍

സ്വന്തം ലേഖകന്‍ 23-04-2018 - Monday

വാഷിംഗ്ടൺ ഡി.സി: തങ്ങളുടെ കത്തോലിക്ക വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്തവരാണ് പ്രശസ്ത ഹോളിവുഡ് താരം മാർക്ക് വാൽബെർഗും ഭാര്യ റിയയും. ഇത്തവണ മകൾ ഗ്രേസിന്റെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തോട് അനുബന്ധിച്ച് എടുത്ത ചിത്രങ്ങളാണ് ഇരുവരും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. പ്രഥമ ദിവ്യകാരുണ്യസ്വീകരണം എന്ന തലക്കെട്ടോടും കുരിശിന്റെയും ദേവാലയത്തിന്റെയും ഇമോജികളും പങ്കുവച്ചുകൊണ്ടുമാണ് താരദമ്പതികള്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. ആഴ്ചകൾക്കുമുൻപ് നടന്ന ഗ്രേസിന്റെ പ്രഥമ കുമ്പസാരത്തിന്റെ ചിത്രങ്ങളും ദമ്പതികള്‍ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.

മകൾ ഗ്രേസിനൊപ്പം കുടുംബമായി ദേവാലയത്തിലേക്ക് പോകുന്ന വീഡിയോ, റിയയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. മോഡലും അകത്തോലിക്കയുമായിരുന്ന റിയ, വാൽബർഗുമായുള്ള വിവാഹത്തിന് തൊട്ടുമുൻപാണ് ക്രിസ്തുവിനെ നാഥനും രക്ഷകനുമായും സ്വീകരിച്ചു കത്തോലിക്ക സഭയില്‍ അംഗമായത്. കത്തോലിക്കവിശ്വാസം പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട് വാൽബെർഗ് 2016-ൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശം വൈറലായിരുന്നു. പൗരോഹിത്യം എന്ന ദൈവവിളി സ്വീകരിക്കാൻ കൂടുതൽ പേർ മുന്നോട്ട് വരണമെന്നാണ് അദ്ദേഹം ഈ വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടത്.

More Archives >>

Page 1 of 311