News - 2025

കുരുന്ന് ജീവനുകളെ രക്ഷിക്കുവാന്‍ അവസാന ശ്രമവുമായി ഐറിഷ് സഭ

സ്വന്തം ലേഖകന്‍ 22-05-2018 - Tuesday

ഡബ്ലിന്‍: ഗർഭസ്ഥശിശുവിന്റെയും അമ്മയുടേയും ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്ന 1983-ലെ ഭരണഘടനാ ഭേദഗതി വിഷയത്തില്‍ മെയ് 25-ന് ജനഹിത പരിശോധന നടക്കുവാനിരിക്കെ കുരുന്ന് ജീവനുകളെ രക്ഷിക്കുവാനുള്ള അവസാന ശ്രമവുമായി ഐറിഷ് സഭ. ഗര്‍ഭസ്ഥ ശിശുക്കളുടെ അവകാശത്തെ സംരക്ഷിക്കുന്ന നിയമം ഭേദഗതി ചെയ്യരുതെന്ന് ആവശ്യപ്പെട്ട് അയര്‍ലണ്ടിലെ നിരവധി കത്തോലിക്ക മെത്രാന്‍മാരും വൈദികരും രംഗത്തെത്തിയിട്ടുണ്ട്.

മെയ് 25-ന് വോട്ടിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ രണ്ടു ജീവനെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കണമെന്നും സംരക്ഷണവും, സഹതാപവും ആവശ്യമുള്ള അമൂല്യമായ രണ്ട് ജീവനുകളാണ് അവയെന്നും അയര്‍ലണ്ടിലെ ഉന്നത പിതാവായ ആര്‍ച്ച് ബിഷപ്പ് ഈമോണ്‍ മാര്‍ട്ടിന്‍ ഇക്കഴിഞ്ഞ മെയ് 19-ന് പുറത്തിറക്കിയ പ്രസ്താവനയില്‍ കുറിച്ചു. “അവരെ ഇരുവരേയും സ്നേഹിക്കുക” എന്ന തലക്കെട്ടോടെയായിരുന്നു ആര്‍ച്ച് ബിഷപ്പ് പ്രസ്താവന പുറത്തിറക്കിയത്. നിഷ്കളങ്കമായ ഒരു കുരുന്ന് ജീവനെ ഇല്ലാതാക്കുക എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പിലൂടെ ചെയ്യേണ്ട കാര്യമല്ലെന്നും മെത്രാപ്പോലീത്തയുടെ സന്ദേശത്തിലുണ്ട്.

കോര്‍ക്ക് ആന്‍ഡ്‌ റോസ്സിലെ മെത്രാനായ ജോണ്‍ ബക്ക്ലിയും സമാനമായ രീതിയില്‍ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. ഒരു സ്ത്രീ ഗര്‍ഭിണിയായിരിക്കുമ്പോള്‍ രണ്ട് ജീവനുകളാണ് അതുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന കാര്യം മറക്കരുത്. നമ്മുടെ അമ്മമാര്‍ തങ്ങളുടെ ഉദരത്തിലെ കുഞ്ഞ് ജീവിച്ചിരിക്കണമെന്ന് തീരുമാനിച്ചതുകൊണ്ടാണ് നമ്മള്‍ എല്ലാവരും ഇന്നു ജീവിച്ചിരിക്കുന്നത്. അതിനാല്‍ നിഷ്കളങ്കരായ കുട്ടികളെ നിഷേധിക്കുവാന്‍ നമ്മുക്ക് കഴിയുകയില്ല. അതിനാല്‍ അവരുടെ ജീവന്‍ ഐറിഷ് ജനതയുടെ കൈകളിലാണ്. എല്ലാ മൂല്യങ്ങളും അടങ്ങിയ ഒരു സമൂഹം കെട്ടിപ്പടുക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ‘NO’ എന്ന് വോട്ടു ചെയ്യണമെന്നും അദ്ദേഹം രേഖപ്പെടുത്തി.

എട്ടാം ഭരണ ഘടന ഭേദഗതി നിലനിര്‍ത്തുവാന്‍ കത്തോലിക്ക വിശ്വാസികള്‍ എല്ലാവരും വോട്ടു ചെയ്യണമെന്നു എല്‍ഫിന്‍ രൂപതയിലെ മെത്രാനായ കെവിന്‍ ഡോരനനും വിശ്വാസ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. “NO” എന്ന് വോട്ട് ചെയ്യുന്നത് സ്ത്രീകളോടും കുട്ടികളോടുമുള്ള നമ്മുടെ സ്നേഹത്തിന്റെ പ്രകടനമായിരിക്കുമെന്നും ജനഹിതം ‘ജീവന്റേയും മരണത്തിന്റേയും’ ഹിതപരിശോധനയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗർഭസ്ഥ ശിശുക്കൾക്ക് ജീവിക്കുവാനുള്ള അവകാശവും മാതാവിന് ജീവിക്കാനുള്ള അവകാശവും തുല്യമാണെന്നും അതിനെ ആദരവോടെ സമീപിക്കണമെന്നുമാണ് എട്ടാം ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്. ജനഹിത പരിശോധനയെ തുടര്‍ന്നു ഭേദഗതി റദ്ദായാൽ 12 ആഴ്ചവരെയുള്ള ഗർഭഛിദ്രങ്ങൾ അയർലണ്ടിൽ നിയമാനുസൃതമാകും.

More Archives >>

Page 1 of 321