News - 2025

'മതേതരത്വത്തിന് ഭീഷണിയായ സാഹചര്യം'; പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഡല്‍ഹി ആര്‍ച്ച് ബിഷപ്പ്

സ്വന്തം ലേഖകന്‍ 22-05-2018 - Tuesday

ന്യൂഡല്‍ഹി: ഭാരതത്തിന്റെ മതേതരത്വത്തിന് ഭീഷണിയായ പ്രക്ഷുബ്ദമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നതും ത്യാഗത്തോടെ പ്രാര്‍ത്ഥിക്കണമെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൗട്ടോയുടെ കത്ത്. ഡല്‍ഹി രൂപതയ്ക്ക് കീഴിലുള്ള ദേവാലയങ്ങളിലും സഭാസ്ഥാപനങ്ങളിലേക്കുമായാണ് പ്രാര്‍ത്ഥനാചരണം ആരംഭിക്കുവാന്‍ ആഹ്വാനം ചെയ്തു ബിഷപ്പ് പ്രസ്താവനയിറക്കിയത്. രാജ്യത്തിന്റെ പുനഃരുദ്ധാരണത്തിനായി എല്ലാ വെള്ളിയാഴ്ചയും ഉപവാസം അനുഷ്ഠിക്കണമെന്നും ദിവ്യകാരുണ്യ ആരാധന ഇടവകകളില്‍ സംഘടിപ്പിക്കണമെന്നും ബിഷപ്പ് കത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

Must Read: ‍ ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ ഇരട്ടിയായി ഉയര്‍ന്നു

പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് രാജ്യത്തിനു വേണ്ടിയും നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുക എന്നതു ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. 2019 ല്‍ രാജ്യത്ത് പുതിയ സര്‍ക്കാര്‍ വരുന്നത് മുന്നില്‍ക്കണ്ട് രാജ്യത്തെയും നാം ഓരോരുത്തരേയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഏവര്‍ക്കും സൗകര്യ പ്രദമായ സമയത്തു ഇടവകകളിൽ പ്രത്യേകമായി ദിവ്യകാരുണ്യ ആരാധന സംഘടിപ്പിക്കണമെന്നും ബിഷപ്പ് കത്തില്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം ചെയ്തുകൊണ്ടുള്ള കത്ത് ബിഷപ്പ് പുറത്തിറക്കിയത്. തീവ്ര ദേശീയവാദികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഗുജറാത്തിലെ ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാനും നേരത്തെ രംഗത്തെത്തിയിരിന്നു.

More Archives >>

Page 1 of 321