News - 2025
കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ പുതിയ പാപ്പയുടെ പേര് പ്രഖ്യാപിക്കും
സ്വന്തം ലേഖകന്‍ 23-05-2018 - Wednesday
വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവില്‍ നിന്നുകൊണ്ട് പുതിയ പാപ്പയുടെ പേര് ഇനി പ്രഖ്യാപിക്കുക വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. കര്‍ദ്ദിനാള്‍ തിരുസംഘത്തിലെ പ്രോട്ടോ ഡീക്കനായി റോബര്‍ട്ട് സാറയെ ഉയര്‍ത്തിയെന്ന കാര്യം ലാ ക്രോയിക്സ് എന്ന വത്തിക്കാന്‍ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. സാധാരണയായി പത്രോസിന്റെ സിംഹാസനാവകാശിയായ പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതിന് വോട്ടവകാശമുള്ള കര്‍ദ്ദിനാള്‍-ഡീക്കന്‍ തിരുസംഘത്തിലെ ഏറ്റവും മുതിര്‍ന്ന ആളെയാണ് പ്രോട്ടോ ഡീക്കനാക്കുന്നത്.
കാനോന്‍ നിയമപ്രകാരം 80 വയസ്സില്‍ താഴെയുള്ള കര്‍ദ്ദിനാള്‍മാര്‍ക്കാണ് പാപ്പായെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം. ഏറ്റവും മുതിര്‍ന്ന കര്‍ദ്ദിനാള്‍ ഡീക്കനായിരുന്ന ഇറ്റലിക്കാരനായ റഫാലെ മാര്‍ട്ടീനോക്ക് 80 വയസ്സ് കഴിഞ്ഞതിനാല്‍ അദ്ദേഹത്തിന്റെ അവകാശം നഷ്ടപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മെയ് 19-ലെ കര്‍ദ്ദിനാള്‍ സമിതി യോഗത്തെ തുടര്‍ന്ന്‍ നിലവില്‍ ഏറ്റവും മുതിര്‍ന്നയാളായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയെ പ്രോട്ടോ ഡീക്കനായി തിരഞ്ഞെടുത്തിരിക്കുന്നത്.
പില്‍ക്കാലത്ത് പുതിയ പാപ്പയെ റോമിലെ മെത്രാന്‍, വത്തിക്കാന്റെ പരമാധികാരി, ആഗോള സുവിശേഷകന്‍ എന്നീ മൂന്ന്‍ അധികാരങ്ങളുടെ പ്രതീകമായ കിരീടം (ടിയാര) ധരിപ്പിച്ചിരുന്നത് കര്‍ദ്ദിനാള്‍ പ്രോട്ടോ ഡീക്കന്‍മാരായിരുന്നു. പോള്‍ ആറാമന് ശേഷം കിരീടധാരണം ഒഴിവാക്കിയതിനാല്‍, പുതിയ പാപ്പ പ്രഥമ ബലിയര്‍പ്പണം നടത്തുന്ന അവസരത്തില്‍ പാപ്പയുടെ അജപാലകാധികാരത്തിന്റെ പ്രതീകമായ പാലിയം തോളില്‍ അണിയിക്കുകയാണ് കര്‍ദ്ദിനാള്‍ പ്രോട്ടോ ഡീക്കന്‍മാര്‍ ചെയ്യുന്നത്.
1945- ജൂണ്‍ 15നു ഫ്രഞ്ച് ഗിനിയയിലെ ഗോനാക്രിയിലായിരിന്നു കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയുടെ ജനനം. 1969-ലാണ് ഗോനാക്രി രൂപതയില്‍ വെച്ച് അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിക്കുന്നത്. 1979-ല്‍ അവിടത്തെ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടു. 2001-മുതല്‍ കര്‍ദ്ദിനാള്‍ റോമന്‍ കൂരിയായില്‍ സേവനം ചെയ്തുവരുകയാണ്. ഇതിനോട് ചേര്‍ന്നാണ് കര്‍ദ്ദിനാള്‍ സാറയ്ക്ക് പുതിയ പദവി ലഭിച്ചിരിക്കുന്നത്. ഇനിയുള്ള കോണ്‍ക്ലേവിന് ശേഷം സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവില്‍ നിന്നുകൊണ്ട് "ഹബേമസ് പാപ്പാം" (നമുക്ക് പാപ്പായെ ലഭിച്ചു) എന്ന് ലോകത്തെ അറിയിക്കുക കര്‍ദ്ദിനാള്‍ സാറയായിരിക്കും.