News - 2025
ആഗോള കുടുംബ സമ്മേളനത്തോടനുബന്ധിച്ച് ദണ്ഡ വിമോചനം പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍ 23-05-2018 - Wednesday
വത്തിക്കാന്‍ സിറ്റി: ഓഗസ്റ്റില്‍ അയര്‍ലണ്ടിലെ ഡബ്ലിനില്‍ വച്ചു നടക്കുന്ന 9-ാമത് ആഗോള കുടുംബ സമ്മേളനത്തോടനുബന്ധിച്ച്, മാര്‍പാപ്പ അനുവദിച്ചു നല്‍കുന്ന ദണ്ഡവിമോചനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. മെയ് 21-ാം തീയതിയാണ് ദണ്ഡ വിമോചന വിവരങ്ങള്‍ അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി പരസ്യപ്പെടുത്തിയത്. കുമ്പസാരം, ദിവ്യകാരുണ്യ സ്വീകരണം, മാര്‍പാപ്പായുടെ നിയോഗത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന എന്നിയാണ് ദണ്ഡ വിമോചനം പ്രാപിക്കുവാന്‍ വേണ്ട അടിസ്ഥാന നിബന്ധനകള്‍. ഈ വര്‍ഷം ഓഗസ്റ്റ് 21-26 തീയതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ പാപ്പായുടെ സാന്നിധ്യമുള്ള സമാപനസമ്മേളനത്തില്‍ പങ്കുചേരുന്നവര്‍ക്കാണ് ദണ്ഡവിമോചനം ലഭിക്കുക.
അതിനു സാധിക്കാത്തവര്‍ക്ക് ആത്മീയമായി പങ്കുചേര്‍ന്നും ദണ്ഡവിമോചനം സ്വീകരിക്കാവുന്നതാണ്. പരിശുദ്ധ പിതാവിന്‍റെ വാക്കുകള്‍ മാധ്യമങ്ങള്‍ വഴി ശ്രവിക്കുകയും കുടുംബം ഒരുമിച്ച് 'സ്വര്‍ഗസ്ഥനായ പിതാവേ', എന്ന പ്രാര്‍ത്ഥന, വിശ്വാസപ്രമാണം, ദൈവകാരുണ്യം യാചിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ എന്നിവ ചൊല്ലി അടിസ്ഥാന നിബന്ധനകള്‍ പാലിക്കുകയും ചെയ്താല്‍ പൂര്‍ണദണ്ഡവിമോചനം ലഭിക്കുന്നതാണെന്ന് വത്തിക്കാന്‍ പ്രസ്താവിച്ച ഡിക്രിയില്‍ പറയുന്നു. നിലവില്‍ 103 രാജ്യങ്ങളില്‍ നിന്നായി 22,000 പേര്‍ ആഗോള കുടുംബ സമ്മേളനത്തിനായി പേരു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.