Arts - 2024

ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട 12 സ്ഥലങ്ങള്‍ യുനെസ്കോ പട്ടികയില്‍

സ്വന്തം ലേഖകന്‍ 02-07-2018 - Monday

ടോക്കിയോ: പില്‍കാലത്ത് ജപ്പാനില്‍ ക്രൈസ്തവ വിശ്വാസത്തെ പ്രതി വിശ്വാസികള്‍ ക്രൂരമായ മതപീഡനം ഏറ്റുവാങ്ങിയ സ്ഥലങ്ങള്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍. ക്യൂഷു ദ്വീപിനു വടക്ക്-പടിഞ്ഞാറന്‍ ഭാഗത്തുള്ള പത്ത് ഗ്രാമങ്ങള്‍, ഹാരാ കൊട്ടാരം, ഔറാ കത്തീഡ്രല്‍ എന്നിങ്ങനെ ക്രൈസ്തവ വിശ്വാസത്തിന്റെ ഉത്ഭവവും വളര്‍ച്ചയുമായി ബന്ധപ്പെട്ട പന്ത്രണ്ടോളം സ്ഥലങ്ങളാണ് ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് യുനെസ്കോ ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്.

യുനെസ്കോയുടെ പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ജപ്പാനിലെ ഔറ കത്തീഡ്രല്‍ പതിനാറ്-പത്തൊന്‍പത് നൂറ്റാണ്ടുകള്‍ക്കിടയില്‍ നിര്‍മ്മിച്ചതാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ഇരുപത്തിയാറോളം ക്രിസ്ത്യാനികളുടെ കൊലപാതകത്തിന് സാക്ഷ്യം വഹിച്ച കത്തീഡ്രല്‍ കൂടിയാണിത്. നാഗസാക്കി മേഖലയില്‍ വളരെ രഹസ്യമായി ക്രൈസ്തവ വിശ്വാസം കാത്തുസൂക്ഷിച്ച ക്രൈസ്തവരുടെ സാംസ്കാരിക പാരമ്പര്യത്തിന്റെ നേര്‍സാക്ഷ്യമാണ് പന്ത്രണ്ട് സ്ഥലങ്ങളുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

ജപ്പാനില്‍ ക്രൈസ്തവ വിശ്വാസത്തിനായുള്ള നിരോധനവും പീഡനവും നേരിട്ട കാലഘട്ടവും, നിരോധനം നീക്കം ചെയ്തതിനു ശേഷം ക്രൈസ്തവ വിശ്വാസത്തിനുണ്ടായ വളര്‍ച്ചയേയും, ജപ്പാനിലെ പുരാതന ക്രിസ്ത്യന്‍ മിഷ്ണറിമാരുടേയും, ക്രിസ്ത്യാനികളുടേയും പ്രവര്‍ത്തനങ്ങളേയും പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

1549 മുതലാണ്‌ ജപ്പാനില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ചരിത്രമാരംഭിക്കുന്നത്. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറാണ് ജപ്പാനില്‍ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുന്നതിന് മുഖ്യ ഇടപെടല്‍ നടത്തിയത്. 17-ാം നൂറ്റാണ്ടില്‍ ജപ്പാന്‍ ഭരിച്ചിരുന്ന ഷോഗണ്‍സിന്റെ കാലത്ത് ക്രൈസ്തവര്‍ സഹിച്ച പീഡനങ്ങള്‍ അസഹ്യമായിരുന്നുവെന്ന് ചരിത്രത്താളുകളില്‍ വ്യക്തമാണ്. യുനെസ്കോയുടെ പൈതൃകപട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള സ്ഥലങ്ങളില്‍ 1028-ല്‍ നിര്‍മ്മാണം ആരംഭിച്ച ജര്‍മ്മനിയിലെ നോമ്പുര്‍ഗ് ദേവാലയവും ഉള്‍പ്പെടുന്നു.

More Archives >>

Page 1 of 2