News - 2025
കന്ധമാലില്‍ കത്തോലിക്ക സഭയുടെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് ഒഡീഷ ഗവണ്‍മെന്‍റ്
സ്വന്തം ലേഖകന്‍ 07-08-2018 - Tuesday
കന്ധമാല്‍: ആഗോള മനസാക്ഷിയെ ഞെട്ടിച്ചു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയ കന്ധമാലില്‍ ആരോഗ്യമേഖലയുടെ ഉയിര്‍ത്തെഴുന്നേല്പിന് കത്തോലിക്ക സഭയുടെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് സംസ്ഥാന ഗവണ്‍മെന്‍റ്. മാതൃ-ശിശു മരണനിരക്ക് ഏറ്റവും ഉയര്‍ന്നുനില്ക്കുന്ന സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയുടെ ഉയിര്‍ത്തെഴുന്നേല്പിന് കൈത്താങ്ങ് നല്‍കാന്‍ കഴിയുമോ എന്ന സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭ്യര്‍ത്ഥന കട്ടക്-ഭൂവനേശ്വര്‍ അതിരൂപത സ്വീകരിച്ചു. ആശുപത്രി നിര്‍മ്മിക്കാന്‍ സഭയ്ക്കു സ്ഥലം സംസ്ഥാന ഗവണ്‍മെന്റ് സൗജന്യമായി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രസവത്തോടനുബന്ധിച്ച് മാതൃ മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ഒഡീഷയിലത്. ഒരു ലക്ഷത്തിന് ഇന്ത്യയില്‍ ശരാശരി 254-ആണെങ്കില്‍ 303 ആണ് ഒഡീഷയില്‍ ആരോഗ്യപരകമായ കാരണങ്ങളാല്‍ ഗര്‍ഭിണികള്‍ക്ക് ഏറ്റവും അപകടംനിറഞ്ഞ സംസ്ഥാനങ്ങളായ വിലയിരുത്തപ്പെട്ടിട്ടുള്ള ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ. ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 44 പേര്‍ മരിക്കുന്നു എന്നതാണ് സംസ്ഥാനത്തെ നിരക്ക്. ഇതിലും ഉയര്‍ന്നതാണ് കന്ധമാല്‍ അടക്കമുള്ള പിന്നോക്ക ജില്ലകളിലെ മാതൃ മരണനിരക്ക്. ഇക്കാര്യം പരമര്‍ശിച്ചുകൊണ്ടാണ് സര്‍ക്കാര്‍ സഭയുടെ സഹായം തേടിയത്.
ഓഗസ്റ്റ് 25-ന് നടക്കുന്ന 10-ാം കന്ധമാല്‍ കലാപ വാര്‍ഷികത്തിന് സംസ്ഥാന മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെയും മറ്റ് മന്ത്രിമാരെയും ക്ഷണിക്കുന്നതിനായി സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. തിയഡോര്‍ മസ്‌കരനാസ്, കട്ടക്-ഭൂവനേശ്വര്‍ അതിരൂപതാധ്യക്ഷന്‍ ഡോ. ജോണ്‍ ബര്‍വ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചപ്പോഴായിരുന്നു ആരോഗ്യമന്ത്രി പ്രതാപ് ജെന നിര്‍ദ്ദേശം മുമ്പോട്ടുവച്ചത്. ക്രൈസ്തവ വിശ്വാസികളുടെ രക്തം വീണു കുതിര്‍ന്ന കന്ധമാലില്‍ സഭ ചെയ്തുകൊണ്ടിരിക്കുന്ന നിസ്വാര്‍ത്ഥമായ സേവനത്തെ സര്‍ക്കാര്‍ വിലമതിക്കുന്നുവെന്നതിന്റെ തെളിവായാണ് പുതിയ അഭ്യര്‍ത്ഥനയെ എല്ലാവരും നോക്കികാണുന്നത്.