News - 2025

പുനരുത്ഥാനം ക്രിസ്തീയ വിശ്വാസത്തിന്‍റെ കാതല്‍: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 16-08-2018 - Thursday

വത്തിക്കാന്‍ സിറ്റി: പുനരുത്ഥാനം പ്രാപിക്കുമെന്ന വെളിപാട് ക്രിസ്തീയ വിശ്വാസത്തിന്‍റെ കാതലാണെന്നും ദൈവത്തെ പ്രാപിക്കുംവരെ മനുഷ്യന്‍റെ ആത്മാവ് അസ്വസ്ഥമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ആഗസ്റ്റ് 15 ബുധനാഴ്ച സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ വത്തിക്കാനില്‍ നല്‍കിയ ത്രികാലപ്രാര്‍ത്ഥന പരിപാടിയിലെ പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സഹോദരങ്ങള്‍ക്കു നന്മചെയ്തു ജീവിച്ചുകൊണ്ട് സന്തോഷപൂര്‍വ്വം ദൈവത്തെ ശുശ്രൂഷിക്കുന്നവര്‍ പുനരുത്ഥാനത്തിലൂടെ ദൈവീക ഐക്യം പ്രാപിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

ഒരു സാധാരണ സ്ത്രീയായിരുന്നു നസ്രത്തിലെ മറിയം. എന്നാല്‍ അവളുടെ ഓരോ ചെറിയ പ്രവൃത്തികളും ക്രിസ്തുവില്‍ കേന്ദ്രീകരിച്ചുള്ളതും അവിടുത്തോട് ഐക്യപ്പെട്ടവയുമായിരുന്നു. അവള്‍ പ്രാര്‍ത്ഥിച്ചതും, അനുദിന കുടുംബകാര്യങ്ങള്‍ക്കായി വ്യഗ്രതപ്പെട്ടതും, സിനഗോഗില്‍ പോയതും എല്ലാം ക്രിസ്തുവിലേയ്ക്കുള്ളൊരു പ്രയാണമായിരുന്നു. ക്രിസ്തുവിന്‍റെ കാരുണ്യവും സ്നേഹവും അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തുന്നത് കാല്‍വരിയിലെ അവിടുത്തെ സ്വയാര്‍പ്പണത്തിലാണ്.

അവിടെയും മറിയം സന്നിഹിതയായിരുന്നു. ക്രിസ്തുവിനോട് ഐക്യപ്പെട്ട് അവിടുത്തെ സ്വയാര്‍പ്പണത്തില്‍ മറിയവും പങ്കുചേര്‍ന്നു. ക്രിസ്തുവിന്‍റെ മൗതിക രഹസ്യങ്ങളിലെല്ലാം മറിയത്തിന്‍റെ പങ്കാളിത്തം ജീവിതത്തില്‍ ഉടനീളം നമുക്കു വ്യക്തമായി കാണാന്‍ കഴിയും. അനുദിന ജീവിത ചെയ്തികളിലൂടെ നസ്രത്തിലെ കന്യക ആര്‍ജ്ജിച്ചെടുത്ത ദൈവികൈക്യമാണെന്നും പാപ്പ തന്റെ സന്ദേശത്തില്‍ വത്തിക്കാന്‍ സെന്‍റ് പീറ്റേഴസ് സ്ക്വയറില്‍ തടിച്ചുകൂടിയ ആയിരങ്ങളെ ഓര്‍മ്മിപ്പിച്ചു.

More Archives >>

Page 1 of 351