News - 2025
ഏഷ്യയിൽ കടുത്ത മതസ്വാതന്ത്ര്യ ലംഘനം: വിലയിരുത്തലുമായി യുഎന്‍ പ്രതിനിധി
സ്വന്തം ലേഖകന്‍ 29-08-2018 - Wednesday
ബാങ്കോക്ക്: ഏഷ്യൻ രാജ്യങ്ങളിൽ കടുത്ത മതസ്വാതന്ത്ര്യ ലംഘനം നടക്കുന്നതായി ഐക്യരാഷ്ട്ര സഭ പ്രതിനിധിയുടെ നിരീക്ഷണം. മതസ്വാതന്ത്ര്യ നിയമങ്ങൾ ഏഷ്യൻ ഭൂഖണ്ഡത്തിൽ തുടർച്ചയായി ലംഘിക്കപ്പെടുകയും മനുഷ്യവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നുവെന്ന് തായ്ലാന്റിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഇറാനിലെ യുഎന്‍ പ്രതിനിധി അഹമ്മദ് ഷഹീദാണ് പ്രസ്താവിച്ചത്. ചൈന, വിയറ്റ്നാം തുടങ്ങിയ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിൽ വിശ്വാസികൾ പീഡിപ്പിക്കപ്പെടുന്നു. മ്യാന്മാറിലും പാക്കിസ്ഥാനിലും ന്യൂനപക്ഷങ്ങൾ വിവേചനം നേരിടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു.
ബുദ്ധമത രാഷ്ട്രമായ മ്യാന്മറിൽ ആയിരക്കണക്കിന് റോഹിങ്ക്യകളാണ് വംശശുദ്ധീകരണം എന്ന പേരിൽ ബംഗ്ലാദേശിലേക്ക് പാലായനം ചെയ്യാൻ നിർബന്ധിതരായത്. അതേ സമയം, മുസ്ളിം രാഷ്ട്രമായ പാക്കിസ്ഥാനിലെ ക്രൈസ്തവരും അഹമ്മദിയരും സാമൂഹിക- രാഷ്ട്രീയ- സാമ്പത്തിക വിവേചനത്തിനിരയാകുന്നു. ഇത്തരം പ്രവണതകൾ അനുവദിക്കരുതെന്നു ഷഹീദ് പ്രസ്താവിച്ചു. വികസിത രാഷ്ട്രങ്ങളിലും ന്യൂനപക്ഷങ്ങൾ പാർശ്വവത്കരിക്കപ്പെടുന്നു. മതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പുറമേ, അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കുന്നത് ഖേദകരമാണ്. നിയമങ്ങൾ പരിഷ്കരിച്ച് വിശ്വാസികളെ പീഡിപ്പിക്കുന്നതിന് ഭരണകൂടവും മൗനാനുവാദം നല്കുകയാണ്.
മുസ്ളിം രാഷ്ട്രങ്ങളിൽ മതപരമായ രീതികൾ അവലംബിക്കാൻ ന്യൂനപക്ഷങ്ങൾ നിർബന്ധിതരാകുന്നു. ഭരണകൂടം നിഷ്പക്ഷമായി നിലകൊള്ളുമ്പോൾ വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സാധിക്കും. ഭരണാധികാരികൾ എന്ന നിലയിൽ ഒരു മത വിശ്വാസത്തിനും മുൻതൂക്കം നല്കാതെ മതസ്വാതന്ത്ര്യം അനുവദിക്കണമെന്നും ഷഹീദ് അഭിപ്രായപ്പെട്ടു. ഏഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ കടുത്ത പീഡനത്തിന് ഇരയാകുന്നുവെന്ന് ഓപ്പണ്‍ ഡോര്‍സ് അടക്കമുള്ള നിരവധി സംഘടനകള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിന്നു.