News
ലോക യുവജന സംഗമം: പ്രതീകങ്ങള്‍ക്കു അമേരിക്കന്‍ നഗരങ്ങളില്‍ വന്‍വരേല്‍പ്പ്
സ്വന്തം ലേഖകന്‍ 29-08-2018 - Wednesday
ഹൂസ്റ്റണ്‍: അടുത്ത വര്‍ഷം ജനുവരിയില്‍ പനാമയില്‍ വെച്ച് നടക്കുവാനിരിക്കുന്ന ലോകയുവജന ദിനത്തിന്റെ പ്രതീകങ്ങളായ കുരിശും മാതാവിന്റെ ചിത്രവും ഒമ്പത് ദിവസത്തെ പര്യടനത്തിനായി അമേരിക്കയിലെത്തി. അമേരിക്കന്‍ കത്തോലിക്ക യുവത്വത്തിന്റെ വിശ്വാസ തീക്ഷ്ണത വെളിപ്പെടുത്തിക്കൊണ്ട് ആയിരകണക്കിന് യുവജനങ്ങളാണ് കുരിശും മാതാവിന്റെ രൂപവും വഹിച്ചുകൊണ്ടുള്ള പ്രദിക്ഷിണങ്ങളില്‍ പങ്കെടുക്കുവാന്‍ നഗരങ്ങളില്‍ തടിച്ചുകൂടിയത്. ഓഗസ്റ്റ് 19 മുതല്‍ 27 വരെയാണ് യുവജന സംഗമത്തിന്റെ പ്രതീകങ്ങള്‍ അമേരിക്കയിലെ ഷിക്കാഗോ, മയാമി, ഹൂസ്റ്റണ്‍, വാഷിംഗ്‌ടണ്‍, ലോസ് ഏഞ്ചല്‍സ് എന്നീ നഗരങ്ങളിലൂടെ പ്രയാണം നടത്തിയത്.
അമേരിക്കയിലെ ഹൂസ്റ്റണിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ ഇക്കഴിഞ്ഞ 23-ന് ലോക യുവജന സംഗമത്തിന്റെ പ്രതീകമായ കുരിശിനേയും, മാതാവിന്റെ രൂപത്തേയും സ്വീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി നടത്തിയ പ്രദിക്ഷിണത്തിലും വിശുദ്ധ കുര്‍ബാനയിലും ആയിരങ്ങളാണ് പങ്കെടുത്തത്. ഹൂസ്റ്റണിലെ സഹായ മെത്രാനായ ജോര്‍ജ്ജ് എ. ഷെല്‍റ്റ്സ് ഗാല്‍വെസ്റ്റോണ്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വാഷിംഗ്‌ടണില്‍ ഓഗസ്റ്റ് 25-നായിരുന്നു കുരിശും, രൂപവും വഹിച്ചു കൊണ്ടുള പ്രദിക്ഷിണം സംഘടിപ്പിച്ചത്. ലിങ്കണ്‍ മെമ്മോറിയലില്‍ നിന്ന്‍ ആരംഭിച്ച ചടങ്ങില്‍ പനാമയിലെ മെത്രാപ്പോലീത്തയായ ജോസ് ഡോമിങ്കോ ഉല്ലോവാ മെന്‍ഡിയേറ്റായും പങ്കെടുത്തു.
യുവജനദിനാഘോഷത്തില്‍ പങ്കെടുക്കുവാന്‍ ഏവരെയും അദ്ദേഹം പനാമയിലേക്ക് സ്വാഗതം ചെയ്തു. പ്രദിക്ഷിണം വാഷിംഗ്‌ടണ്‍ സ്മാരകത്തിനടുത്തെത്തിയപ്പോള്‍ വാഷിംഗ്‌ടണിലെ സഹായക മെത്രാനായ ഡോര്‍സണ്‍വില്ലെ പ്രദിക്ഷിണത്തില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു സംസാരിച്ചു. 'വിഭാഗീയതയുടെ സംസ്കാരം വിട്ട് ഒരുമയുടെ സംസ്കാരം സ്വീകരിക്കുക' എന്ന ഫ്രാന്‍സിസ് പാപ്പായുടെ ഉപദേശം ചെവികൊള്ളുവാന്‍ അദ്ദേഹം യുവജനങ്ങളോട് ആഹ്വാനം ചെയ്തു.
ഓരോ വര്‍ഷത്തേയും യുവജനദിനാഘോഷത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെ യുവജനങ്ങള്‍ പരിപാടി കഴിഞ്ഞ് അടുത്ത വര്‍ഷത്തെ പരിപാടി നടക്കുന്ന രാഷ്ട്രത്തെ യുവജനങ്ങള്‍ക്ക് കുരിശും, രൂപവും കൈമാറുകയാണ് പതിവ്. ഇത് രാജ്യത്തുടനീളം പര്യടനം നടത്തും. പനാമ ചെറിയ രാജ്യമായതിനാല്‍ ഇക്കൊല്ലത്തെ പര്യടനം മധ്യ-അമേരിക്കയിലേക്കും, കരീബിയന്‍ മേഖലയിലേക്കും 5 അമേരിക്കന്‍ നഗരങ്ങളിലേക്കും നീട്ടുകയായിരുന്നു.