News
മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ലാളിത്യം കേരള മണ്ണില്‍
സ്വന്തം ലേഖകന്‍ 04-09-2018 - Tuesday
കൊച്ചി: പ്രളയത്തിന്റെ ദുരിതത്തില്‍ നിന്നു കേരളം കരകയറി വരുന്നതേയുള്ളൂ. ദുരിതത്തിന്റെ നാളുകളില്‍ നാടും വീടും ഉപേക്ഷിച്ച് സദാ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് അനേകരാണ്. സുവിശേഷം വാക്കുകളില്‍ മാത്രം ഒതുക്കാതെ പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവന്ന ഒരു ബിഷപ്പ്. അങ്ങനെയാണ് യൂറോപ്പിലെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. യൂറോപ്പിലെ സുരക്ഷിത സ്ഥാനത്ത് നിന്നു അജഗണത്തിന് വാക്കാല്‍ സുവിശേഷം നല്‍കാതെ കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്ന്‍ പ്രവര്‍ത്തികൊണ്ട് സുവിശേഷം പ്രഘോഷിക്കുകയാണ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.
"പ്രവര്‍ത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്" (യാക്കോബ് 2:17) എന്ന വചനം തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാണ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ഇറങ്ങിയത്. ഒരു ബിഷപ്പിന്റെ പദവിയോ വേഷവിതാനമോ അധികാരസ്ഥാനമോ യാതൊന്നും പരിഗണിക്കാതെ സാധാരണക്കാരില്‍ സാധാരണക്കാരനായി മുണ്ടും ഷര്‍ട്ടും ധരിച്ചു ദുരിത ബാധിത പ്രദേശങ്ങളില്‍ വൃത്തിയാക്കലിനും ഇതര സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ബിഷപ്പ് മുന്‍പന്തിയില്‍ ഉണ്ടായിരിന്നു.
ഇക്കഴിഞ്ഞ 31നു കുട്ടനാട്ടില്‍ വൈദികര്‍ക്കൊപ്പം എത്തിയ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വൈകുന്നേരം വരെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായി. പ്രളയത്തില്‍ വെള്ളം കയറിയ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഷര്‍ട്ടും മുണ്ടും ധരിച്ചു ലളിത വേഷത്തില്‍ എത്തിയ അദ്ദേഹം വെള്ളം നീക്കാനുള്ള പ്രവര്‍ത്തനങ്ങളിലായിരിന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. തുടര്‍ന്നു ഇതര സന്നദ്ധ പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായിക്കൊണ്ട് തന്റെ ജീവിത ലാളിത്യം അദ്ദേഹം വെളിപ്പെടുത്തുകയായിരിന്നു. എളിമയുള്ള, ലാളിത്യമുള്ള, വിശുദ്ധിയുള്ള ഒരു ബിഷപ്പിനെ വിശ്വാസ തകര്‍ച്ച നേരിടുന്ന യൂറോപ്പിന് ലഭിച്ചതില്‍ അഭിമാനിക്കാം, ദൈവത്തിന് നന്ദി പറയാം.