News - 2024

ആത്മീയ ജീവിതമുള്ള കുട്ടികൾ സന്തോഷകരമായ ജീവിതം നയിക്കുമെന്ന് പഠനം

സ്വന്തം ലേഖകന്‍ 20-09-2018 - Thursday

ന്യൂയോര്‍ക്ക്: ദേവാലയത്തിനോട് ചേർന്നു ആത്മീയ ജീവിതം നയിക്കുന്ന കുട്ടികൾക്കായിരിക്കും മറ്റുളളവരെ അപേക്ഷിച്ച് യൗവനാവസ്ഥയിലേയ്ക്ക് പ്രവേശിക്കുമ്പോൾ ആരോഗ്യപരവും, സന്തോഷകരവുമായ ജീവിതം നയിക്കാനാകുകയെന്ന് ഹാർവാഡ് സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ടി.എച്ച് ചാൻ സ്കൂൾ ഒാഫ് പബ്ലിക് ഹെൽത്തിന്റെ പഠന റിപ്പോർട്ട്. ചെറിയ പ്രായത്തിൽ തന്നെ ദേവാലയത്തിലെ തിരുകർമ്മങ്ങളിൽ പങ്കെടുക്കുകയും, എല്ലാ ദിവസവും പ്രാർത്ഥിക്കുകയും ചെയ്യുന്നവർ യുവത്വത്തിലേയ്ക്ക് പ്രവേശിച്ചതിനു ശേഷം ജീവിതത്തിൽ കൂടുതൽ സംതൃപ്തരായിരിക്കും എന്നാണ് ഗവേഷണ വിഭാഗത്തിന്റെ പഠന റിപ്പോർട്ടിൽ പറയുന്നത്.

ഗവേഷണത്തിനു വിധേയരായ ആത്മീയ ജീവിതം നയിക്കുന്നവർ, വിഷാദ രോഗത്തിനും, പുകവലിക്കും, മയക്കുമരുന്ന് ഉപയോഗത്തിനും, പകരുന്ന ലെെംഗീക രോഗങ്ങൾക്കും ഇരകളാകാൻ സാധ്യത കുറവാണെന്ന് ടി.എച്ച്. ചാൻ സകൂൾ ഒാഫ് പബ്ലിക് ഹെൽത്തിന്റെ പഠന റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി അമേരിക്കൻ ജേർണൽ ഒാഫ് എപ്പിഡിമോളജി ചൂണ്ടികാട്ടി. ഏതാണ്ട് അയ്യായിരം യുവജനങ്ങളെ എട്ടുമുതൽ പതിനാലു വരെ വർഷം നിരീക്ഷണ വിധേയരാക്കിയതിനു ശേഷമാണ് ഇങ്ങനെ ഒരു നിഗമനത്തിൽ സംഘം എത്തിയത്.

ഗവേഷണ റിപ്പോർട്ട് അനുസരിച്ച് ആത്മീയ ജീവിതം നയിച്ചു ജീവിച്ച കുട്ടികൾ ഇരുപത്തിമൂന്നു വയസ്സു മുതൽ മുപ്പതു വയസ്സുവരെ മറ്റുള്ള സമപ്രായക്കാരെ അപേക്ഷിച്ച് സന്തോഷകരമായ ജീവിതം നയിക്കാൻ പതിനെട്ടു ശതമാനം സാധ്യത കൂടുതലാണെന്നു പഠനം വ്യക്തമാക്കുന്നു. ഇതിനു മുൻപു നടത്തിയ മറ്റൊരു പഠനത്തില്‍ ദൈവവിശ്വാസത്തില്‍ കേന്ദ്രീകരിച്ചുള്ള കുട്ടികളുടെ രൂപീകരണം, അകാലമരണത്തിന്റെ സാധ്യത കുറക്കുമെന്ന് കണ്ടെത്തിയിരുന്നു.

More Archives >>

Page 1 of 365