News

മെഡ്ജുഗോറിയുടെ നവീകരണത്തിന് കര്‍മ്മപദ്ധതിയുമായി അപ്പസ്തോലിക പ്രതിനിധി

സ്വന്തം ലേഖകന്‍ 21-09-2018 - Friday

ബോസ്നിയ: ബോസ്‌നിയയിലെ പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ മെഡ്ജുഗോറിയിlലെ ദേവാലയത്തിന്റെ വികസനത്തിനു കര്‍മ്മപദ്ധതിയുമായി മാര്‍പാപ്പ തീര്‍ത്ഥാടന കേന്ദ്രത്തിനു നിയോഗിച്ച പോളിഷ് ആര്‍ച്ച് ബിഷപ്പ് ഹെന്‍റ്റിക് ഹോസര്‍. വിവിധ ഭാഷകളിലുള്ള വിശുദ്ധ കുര്‍ബാനകള്‍, വര്‍ഷം തോറും ഇവിടെ സന്ദര്‍ശനം നടത്തുന്ന യുവ തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ തുടങ്ങിയവ വികസന പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

ദിവ്യകാരുണ്യ ആരാധനകള്‍ക്കായി സൗകര്യപ്രദമായ സ്ഥലങ്ങള്‍, ധ്യാനകേന്ദ്രങ്ങള്‍, തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ദിവ്യബലിയര്‍പ്പിക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവയും ഉണ്ടാക്കേണ്ടിയിരിക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ‘യൂറോപ്പിന്റെ ആത്മീയ ശ്വാസകോശം’ എന്നാണ് തീര്‍ത്ഥാടനകേന്ദ്രത്തെ മെത്രാപ്പോലീത്ത വിശേഷിപ്പിക്കുന്നത്.

തീര്‍ത്ഥാടകരുടെ, പ്രത്യേകിച്ച് യുവ തീര്‍ത്ഥാടകരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ സന്ദര്‍ശകരും, തീര്‍ത്ഥാടകരും രൂക്ഷമായ വേനലില്‍ പോലും നീണ്ട വരികളില്‍ നില്‍ക്കേണ്ടി വരുന്നുണ്ട്. കുമ്പസാരം കേള്‍ക്കുന്ന വൈദികര്‍ക്കും അമിതമായ ചൂട് സഹിക്കേണ്ടി വരുന്നു. ഇതിനൊരു പരിഹാരം കാണണമെന്നും പ്രധാന മൈതാനത്തില്‍ മേല്‍ക്കൂര സ്ഥാപിക്കേണ്ടിയിരിക്കുന്നുവെന്നും കര്‍മ്മപദ്ധതിയില്‍ പറയുന്നു. കോണ്‍ഫറന്‍സുകള്‍ക്കും സൗകര്യമൊരുക്കേണ്ടിയും വരും. തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനും മതബോധനം നല്‍കുന്നതിനും മെഡ്ജുഗോറിയാക്ക് കൂടുതല്‍ പുരോഹിതരുടെ ആവശ്യമുണ്ടെന്നു ഇതിനുമുന്‍പു മെത്രാപ്പോലീത്ത ആവശ്യപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഫ്രാന്‍സിസ് പാപ്പ ഹോസെര്‍ മെത്രാപ്പോലീത്തയെ മെഡ്ജുഗോറിയിലെ അപ്പസ്തോലിക പ്രതിനിധിയായി നിയമിച്ചത്. 1981-ല്‍ ബോസ്നിയയിലെ മെഡ്ജുഗോറിയില്‍ ആറു കുട്ടികള്‍ക്കാണ് പരിശുദ്ധ കന്യകാമാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് പലപ്പോഴും മാതാവ് പ്രത്യക്ഷപ്പെട്ടതായും സന്ദേശങ്ങള്‍ നല്‍കിയതുമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ഓരോ വര്‍ഷം 10 ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകരാണ് മെഡ്ജുഗോറി സന്ദര്‍ശിക്കുവാന്‍ എത്തുന്നത്.

More Archives >>

Page 1 of 365