News - 2024

ഒടുവില്‍ തീരുമാനം; മെത്രാന്മാരെ നിയമിക്കുന്നതില്‍ ചൈന- വത്തിക്കാന്‍ കരാര്‍ ഒപ്പിട്ടു

സ്വന്തം ലേഖകന്‍ 23-09-2018 - Sunday

വത്തിക്കാന്‍ സിറ്റി / ബെയ്ജിംഗ്: നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ മെത്രാന്‍മാരെ നിയമിക്കുന്നതിൽ മാർപാപ്പയ്ക്കു കൂടി അവകാശം നൽകി ചൈന – വത്തിക്കാൻ കരാർ ഒപ്പിട്ടു. ഇതോടെ ചൈനയിലെ കത്തോലിക്കാ സഭയ്ക്കു പരസ്യമായി പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമാകും. ഇക്കാര്യം ബാള്‍ട്ടിക് രാജ്യമായ ലിത്വാനിയയില്‍ ഇന്നലെ സന്ദര്‍ശനമാരംഭിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയാണു വെളിപ്പെടുത്തിയത്. ചെംഗ്ഡെ എന്ന പ്രവിശ്യയില്‍ പുതിയ ഒരു രൂപത സ്ഥാപിച്ചുകൊണ്ടു ഇന്നലെ തന്നെ വത്തിക്കാന്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ചൈനീസ് സർക്കാർ അംഗീകരിക്കുന്നവരും എന്നാൽ വത്തിക്കാനോടു വിധേയത്വമുള്ളവരുമായ ബിഷപ്പുമാരെ നിയമിക്കുന്നതിനുള്ള കരാറാണ് ഒപ്പിട്ടതെന്ന് വത്തിക്കാൻ വക്താവ് ഗ്രെഗ് ബര്‍ക്ക് വെളിപ്പെടുത്തി.

ദീർഘനാൾ നടത്തിയ ചർച്ചകൾക്കുശേഷമാണ് കരാറുണ്ടാക്കിയതെന്നും കാലാകാലങ്ങളിൽ പുനഃപരിശോധിക്കാനുള്ള സാധ്യതകൂടിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ചൈനീസ് ഭരണകൂടത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചിരുന്ന എട്ടു മെത്രാന്മാരെ ഫ്രാന്‍സിസ് മാര്‍പാപ്പ സഭയിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു. ഇതുവരെ വത്തിക്കാന്റെ അംഗീകാരമില്ലാതെയാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. വത്തിക്കാന്‍ കാര്യാലയത്തിലെ അണ്ടര്‍ സെക്രട്ടറി മോണ്‍സിഞ്ഞോര്‍ ആന്‍ത്വാന്‍ കമില്ലേരിയും ചൈനീസ് വിദേശ മന്ത്രാലയത്തിലെ ഉപമന്ത്രി വാങ് ചാവോയുമാണു കരാറില്‍ ഒപ്പിട്ടത്.

ചൈനയുമായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ കാലത്ത് ആരംഭിച്ച് ബനഡിക്ട് പതിനാറാമന്റെ കാലത്തു തുടര്‍ന്നതായ ചര്‍ച്ചയാണ് ഇപ്പോള്‍ കരാറിലെത്തിയത്. പുതിയ കരാറിനെ തുടര്‍ന്നു ചൈനയിലെ 1.2 കോടി കത്തോലിക്കാ വിശ്വാസികളെ മുഴുവനും മാര്‍പാപ്പയോടും സാര്‍വത്രിക സഭയോടും ബന്ധത്തിലാക്കി. ഇതുവരെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിക്കുന്ന മെത്രാന്മാരും വൈദികരുമടങ്ങിയ ഒരു ഔദ്യോഗിക സഭയും വത്തിക്കാനുമായി ബന്ധം പുലര്‍ത്തുന്ന രഹസ്യ സഭയുമാണ് ഉണ്ടായിരുന്നത്. പുതിയ കരാറോടെ അതിനു മാറ്റം വന്നിരിക്കുകയാണ്. ഭൂതകാലത്തിന്റെ മുറിവുകള്‍ ഉണങ്ങുമെന്നും ചൈനയിലെ മുഴുവന്‍ കത്തോലിക്കരും സഭയുടെ പൂര്‍ണ കൂട്ടായ്മയുടെ ഭാഗമാകുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.

More Archives >>

Page 1 of 366