News - 2024

കുമ്പസാരം വെളിപ്പെടുത്തുവാന്‍ സമ്മര്‍ദ്ധം ഉയര്‍ത്തി ടാസ്മാനിയ; വെളിപ്പെടുത്തില്ലെന്ന് സഭ

സ്വന്തം ലേഖകന്‍ 03-10-2018 - Wednesday

ഹോബാര്‍ട്ട്: തെക്കന്‍ ഓസ്ട്രേലിയയുടെയും, ഓസ്ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിട്ടറിയുടെയും ചുവടുപിടിച്ച് കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ സമ്മര്‍ദ്ധവുമായി ടാസ്മാനിയ. കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങള്‍ സംബന്ധിച്ച കുമ്പസാര രഹസ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ക്രിമിനല്‍ കുറ്റമാക്കുവാനാണ് ഒരുങ്ങുന്നത്. ഇതില്‍ വീഴ്ചവരുത്തുന്ന കത്തോലിക്കാ പുരോഹിതര്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതായി വരുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുസംബന്ധിച്ച കരടു നിയമം സര്‍ക്കാര്‍ മുന്നോട്ട് വെച്ച് കഴിഞ്ഞു. കുമ്പസാരത്തിനിടയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങള്‍ വെളിപ്പെട്ടാല്‍ ഉടന്‍തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിയമം അനുശാസിക്കുന്നു.

ഇതില്‍ വീഴ്ചവരുത്തുന്ന പക്ഷം അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്നും നിയമത്തില്‍ പറയുന്നുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം കത്തോലിക്ക വിശ്വാസികളുടെയും പ്രതിഷേധത്തിന് കാരണമായ നീക്കത്തിനെതിരെ തലസ്ഥാനമായ ഹോബാര്‍ട്ടിലെ മെത്രാപ്പോലീത്തയായ ജൂലിയന്‍ പോര്‍ട്ടെയൂസ് രംഗത്ത് എത്തികഴിഞ്ഞു. നിയമം പ്രാബല്യത്തില്‍ വന്നാല്‍ ആരുംതന്നെ ഇത് വെളിപ്പെടുത്തുകയില്ലെന്നു അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് റോയല്‍ കമ്മീഷന്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ തടയുവാന്‍ വേണ്ട 409 നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതൊഴിച്ചുള്ള കമ്മീഷന്റെ ഭൂരിഭാഗം നിര്‍ദ്ദേശങ്ങളും ഓസ്ട്രേലിയയിലെ മെത്രാന്‍ സമിതി അംഗീകരിച്ചിട്ടുണ്ട്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ പുരോഹിതര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സര്‍ക്കാര്‍ നീക്കത്തെ വിവിധ മേഖലയിലുള്ളവര്‍ വിമര്‍ശിച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിട്ടറിയുടെ നിയമസഭാംഗമായ ആന്‍ഡ്ര്യൂ വാള്‍ സര്‍ക്കാരിന്റെ ഈ നീക്കത്തെ നിശിതമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതിന് പകരം ജയിലില്‍ പോകാന്‍ സന്നദ്ധരാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് നിരവധി കത്തോലിക്കാ പുരോഹിതരും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ജൂലൈ മാസത്തില്‍ വിക്ടോറിയയിലെ അറ്റോര്‍ണി ജനറല്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന റോയല്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തള്ളികളയുകയുണ്ടായി. എന്നാല്‍ ഓസ്ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിട്ടറി കഴിഞ്ഞ ജൂണില്‍ ഈ നിയമം പാസാക്കുകയായിരിന്നു. നിയമം പാസ്സാക്കപ്പെടുകയാണെങ്കില്‍ റോയല്‍ കമ്മീഷന്റെ മാര്‍ഗ്ഗരേഖകള്‍ അനുസരിച്ച് നിയമഭേദഗതി വരുത്തുന്ന രണ്ടാമത്തെ ഓസ്ട്രേലിയന്‍ സംസ്ഥാനമായി മാറും ടാസ്മാനിയ.

More Archives >>

Page 1 of 370