News - 2024
ആഗോള സുവിശേഷവത്കരണത്തിന് മെക്സിക്കൻ മിഷ്ണറിമാരുടെ സംഭാവന മഹനീയം
സ്വന്തം ലേഖകന്‍ 03-10-2018 - Wednesday
മെക്സിക്കോ സിറ്റി: ആഗോള സുവിശേഷവത്കരണത്തിന് മെക്സിക്കന്‍ മിഷ്ണറിമാര്‍ നല്‍കുന്ന സംഭാവനയെ വാഴ്ത്തി, ജനതകളുടെ സുവിശേഷവത്ക്കരണത്തിന് വേണ്ടിയുള്ള തിരുസംഘത്തിന്റെ അസിസ്റ്റന്‍റ് സെക്രട്ടറിയും പൊന്തിഫിക്കൽ മിഷൻ സൊസൈറ്റീസ് പ്രസിഡന്റുമായ മോൺ.ഗിയംപിയട്രോ ദാൽ ടോസോ. മെക്സിക്കൻ മിഷ്ണറിമാരായ വൈദികരും സന്യസ്തരും അല്‍മായരും തങ്ങളുടെ മാതൃരാജ്യം ഉപേക്ഷിച്ച് ലോകമെങ്ങും സുവിശേഷ പ്രഘോഷിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിഷന്‍ എന്നു പറയുന്നതു ഭൂതകാലമല്ല, ഇപ്പോഴുള്ള അവസ്ഥയാണ്. മാമ്മോദീസയിലേക്കുള്ള വിളിയാണത്. ജ്ഞാനസ്നാനം സ്വീകരിച്ചവരുടെ ദൗത്യമാണത്. സഭ തന്നെ ഒരു മിഷ്ണറിയാണെന്നു ഫ്രാൻസിസ് പാപ്പ നിരവധി തവണ ഉദ്ഘോഷിച്ചിട്ടുണ്ട്. അടുത്ത ഒക്ടോബറില്‍ പ്രത്യേക പ്രാധാന്യത്തോടെ മിഷ്ണറി മാസമായി ആചരിക്കണമെന്നാണ് പാപ്പയുടെ ആഹ്വാനം. മെക്സിക്കൻ സഭ 2019 പ്രത്യേക മിഷ്ണറി വർഷമായി ആചരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് തന്റെ സന്ദര്‍ശനമെന്നും മോൺ.ഗിയംപിയട്രോ പറഞ്ഞു.
മിഷ്ണറി മാസാചരണത്തോടനുബന്ധിച്ച് നിരവധി പരിപാടികള്‍ മെക്സിക്കോയില്‍ നടക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ വൈദിക കൊലപാതകം നടക്കുന്ന രാജ്യമാണ് മെക്സിക്കോ. മിഷ്ണറി ദൌത്യത്തിനിടെയാണ് മിക്ക വൈദികരും കൊല്ലപ്പെട്ടിരിക്കുന്നത്. എങ്കിലും ക്രിസ്തുവിലുള്ള വിശ്വാസം മുറുകെ പിടിച്ച് അനേകരാണ് മിഷ്ണറി ശുശ്രൂഷകളില്‍ ഭാഗഭാക്കാകുന്നത്.