India
ഭാരതത്തിന്റെ അപ്പസ്തോലിക ന്യൂൺഷോ തിരുവനന്തപുരത്ത്
സ്വന്തം ലേഖകന്‍ 09-03-2019 - Saturday
തിരുവനന്തപുരം: ഭാരതത്തിന് വേണ്ടിയുള്ള വത്തിക്കാന്റെ അപ്പസ്തോലിക പ്രതിനിധിയായ ആർച്ച് ബിഷപ്പ് ഗിയാംബാറ്റിസ്റ്റ ദിക്വാത്രൊ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. ഇന്നലെ രാത്രി 8.30-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേര്‍ന്ന അദ്ദേഹത്തെ തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്ത സൂസൈപാക്യം പിതാവും സഹായ മെത്രാൻ ക്രിസ്തുദാസും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ഇന്ന് രാവിലെ കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ (KRLCBC) ആഭിമുഖ്യത്തിൽ തിരുവനന്തപുരം പാങ്ങോട് 'കാർമ്മൽ ഹിൽ മൊണാസ്റ്ററിയിൽ' അദ്ദേഹത്തിന് സ്വീകരണം നല്‍കി. സമ്മേളനത്തിൽ കേരളത്തിലെ ലത്തീൻ രൂപതകളിലെ ബിഷപ്പുമാർ പങ്കെടുക്കുന്നുണ്ട്. ഇന്നും നാളെയുമായി തിരുവനന്തപുരം അതിരൂപതയിലെ വിഴിഞ്ഞം ഇടവക സന്ദർശിക്കുന്ന അപ്പസ്തോലിക് ന്യൂൺഷ്യോ വിഴിഞ്ഞം ദേവാലയത്തിൽ വിശ്വാസികളോടൊപ്പം ദിവ്യബലിയും അർപ്പിക്കും. തുടർന്ന് പൂന്തുറ ഇടവക സന്ദർശിക്കുകയും അവരോടൊപ്പം ഉച്ചഭക്ഷണത്തിൽ പങ്കുചേരുകയും ചെയ്യും.