News - 2025
ഈസ്റ്റര്‍ സ്ഫോടനം: കൊല്ലപ്പെട്ടവരുടെ എണ്ണം 215 ആയി
സ്വന്തം ലേഖകന്‍ 22-04-2019 - Monday
കൊളംബോ: ഇന്നലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 215 ആയി ഉയര്‍ന്നു. പരിക്കേറ്റവരുടെ എണ്ണം അഞ്ഞൂറിനടുത്തായി. കൊല്ലപ്പെട്ടവരില്‍ മൂന്ന് ഇന്ത്യക്കാരും ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളിയും ഉള്‍പ്പെടുന്നു. കൊളംബോ സെന്റ് ആന്റണീസ് കത്തോലിക്ക പള്ളി, നെഗോംബോ സെന്റ് സെബാസ്റ്റ്യന്‍സ് കത്തോലിക്ക പള്ളി, ബട്ടിക്കലോവ സിയോന്‍ ദേവാലയം എന്നിവിടങ്ങളില്‍ ഇന്നലെ രാവിലെ 8.45ന് ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്കിടെയാണ് സ്‌ഫോടനം നടന്നത്. പതിനഞ്ച് മിനിറ്റിന് ശേഷം കൊളംബോയിലെ ഷാംഗ്രിലാ, സിനമണ്‍ ഗ്രാന്‍ഡ്, കിംഗ്‌സ്ബറി ഹോട്ടലുകളില്‍ സ്‌ഫോടനമുണ്ടായി.
ഇന്നലെ വൈകുന്നേരം കൊളംബോയില്‍ രണ്ടിടത്തുകൂടി സ്‌ഫോടനമുണ്ടായി. ശ്രീലങ്കയിലെ ദേവാലയങ്ങളില്‍ ആക്രമണത്തിനു ഇസ്ലാമിക ഭീകരര്‍ പദ്ധതിയിട്ടതിനെക്കുറിച്ചു മുന്നറിയിപ്പു കിട്ടിയിരുന്നുവെന്നു നേരത്തെ വെളിപ്പെടുത്തല്‍ ഉണ്ടായിരിന്നു. ആക്രമണത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കി പത്തുദിവസം മുന്‌പേ പ്രമുഖ ഓഫീസര്‍മാര്‍ക്ക് പോലീസ് മേധാവി ജയസുന്ദര ഇന്റലിജന്‍സ് മെസേജ് അയച്ചിരുന്നുവെന്ന് അന്തരാഷ്ട്ര മാധ്യമമായ എഎഫ്പിയാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. പ്രമുഖ ക്രൈസ്തവ ദേവാലയങ്ങളിലും ഇന്ത്യന്‍ ഹൈക്കമ്മീഷനിലും ഭീകരാക്രമണത്തിന് നാഷ്ണല്‍ തൗഹീത് ജമാഅത്ത് (എന്‍ടിജെ) എന്ന സംഘടന പദ്ധതിയിട്ടിട്ടുണ്ടന്നായിരുന്നു സന്ദേശം.
കൊല്ലപ്പെട്ടവരില്‍ ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍, ചൈന, പോളണ്ട്, ഡെന്മാര്‍ക്ക്, ജപ്പാന്‍, പാക്കിസ്ഥാന്‍, മൊറോക്കോ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 33 വിദേശികളുമുണ്ടെന്നു ശ്രീലങ്കന്‍ മന്ത്രി ഹര്‍ഷ ഡിസില്‍വ പറഞ്ഞു. മൂന്ന് ഇന്ത്യക്കാരും ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി വീട്ടമ്മയും കൊല്ലപ്പെട്ടു. ബുദ്ധമത ഭൂരിപക്ഷ രാജ്യമായ ശ്രീലങ്കയില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്. 2012 സെന്‍സസ് പ്രകാരം ജനസംഖ്യയില്‍ ലോകത്ത് 57ാം സ്ഥാനത്തുള്ള ശ്രീലങ്കയില്‍ 15 ലക്ഷം ക്രൈസ്തവരാനുള്ളത്.